കോണ്‍ഗ്രസുകാര്‍ അനുസരിക്കേണ്ടതില്ലാത്ത ഉപദേശങ്ങള്‍
Opinion
കോണ്‍ഗ്രസുകാര്‍ അനുസരിക്കേണ്ടതില്ലാത്ത ഉപദേശങ്ങള്‍
ഫാറൂഖ്
Friday, 11th March 2022, 4:50 pm
ഫാസിസത്തില്‍ നിന്ന് രക്ഷപെടണമെങ്കില്‍ ഫാസിസം എല്ലാം നശിപ്പിച്ചതിന് ശേഷം സ്വയം നശിക്കണം. ആദ്യം അത് ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ നശിപ്പിക്കും, പാര്‍ട്ടികളെയും, ജുഡിഷ്യറിയെയും നശിപ്പിക്കും, സമ്പത്ത് മുഴുവന്‍ ക്രോണികളുടെ കയ്യിലെത്തിക്കും, മാധ്യമങ്ങളെ അടിമകളാക്കും, എഴുത്തുകാരെയും ബുദ്ധിജീവികളെയും ഇല്ലാതാക്കും, നാട്ടുകാരെ റേഷനരിയുടെ ആശ്രിതരാക്കും, കലാപങ്ങളും, യുദ്ധങ്ങളും ഉണ്ടാക്കും, ഇതൊക്കെ കഴിയുമ്പോഴാണ് ഫാസിസം സ്വയം നശിക്കുക. അതിന് അതിന്റെതായ സമയമെടുക്കും.

നാട്ടുകാരുടെ ഉപദേശങ്ങളും പരിഹാസങ്ങളുമൊക്കെ കേട്ട് ക്ഷീണിച്ചിരിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് ഇനിയും കുറെ ഉപദേശങ്ങള്‍ കൂടി കൊടുക്കുന്നത് ക്രൂരതയാണെന്നറിയാം. പക്ഷെ, തോറ്റവരെ ഉപദേശിക്കുന്നത് നാട്ടുനടപ്പാണല്ലോ. +2 തോറ്റ ഫ്രീക്കനെ മുതല്‍ പ്രീമിയര്‍ ലീഗ് തോറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വരെ ഞങ്ങള്‍ ഉപദേശിക്കും. പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടായിട്ടല്ല, ഒരു സുഖം.

ഇതുമാത്രമല്ല, ഇന്ത്യാ മഹാരാജ്യത്തെ ഫാസിസത്തില്‍ നിന്ന് രക്ഷിക്കേണ്ട പണി കോണ്‍ഗ്രസുകാരുടേതാണ് എന്നതാണ് നാട്ടുകാരുടെ ബോധ്യം. ബാക്കിയുള്ളവര്‍ക്കൊക്കെ വിയര്‍പ്പിന്റെ അസുഖമുള്ള കാര്യം അറിയാമല്ലോ. കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ഉപദേശങ്ങളില്‍ ഏതൊക്കെ അനുസരിക്കരുത് എന്ന് ഉപദേശിക്കാനാണ് ഈ ഉപദേശം.

ആമുഖമായി ഒരു കാര്യം പറയാം. 2014ന് മുമ്പ് പറഞ്ഞതാണ്, എന്നാലും ആവര്‍ത്തിക്കാം. മിക്കവാറും ആളുകള്‍ വിചാരിച്ചത് ഒരു രാജ്യം ഫാസിസത്തിലേക്ക് പ്രവേശിക്കുന്നത് വീഗാലാന്റില്‍ പിക്‌നിക്കിന് പോവുന്നത് പോലെയാണ് എന്നാണ്. ഒന്ന് പോയി നോക്കാം, കുറച്ചു ഫണ്‍, കുറച്ചു അഡ്വെഞ്ചര്‍, കുറച്ചു പേടി, കുറച്ചു കഷ്ടപ്പാട്. ബോറടിക്കുമ്പോള്‍ തിരിച്ചു പോരാം. ഫാസിസത്തില്‍ അവസാനം പറഞ്ഞത് നടക്കില്ല. പേടിയും കഷ്ടപ്പാടും ആവശ്യത്തിനുണ്ടാകും, പക്ഷെ തിരിച്ചു പോരാന്‍ പറ്റില്ല.

ഫാസിസത്തില്‍ നിന്ന് രക്ഷപെടണമെങ്കില്‍ ഫാസിസം എല്ലാം നശിപ്പിച്ചതിന് ശേഷം സ്വയം നശിക്കണം. ആദ്യം അത് ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ നശിപ്പിക്കും, പാര്‍ട്ടികളെയും, ജുഡിഷ്യറിയെയും നശിപ്പിക്കും, സമ്പത്ത് മുഴുവന്‍ ക്രോണികളുടെ കയ്യിലെത്തിക്കും, മാധ്യമങ്ങളെ അടിമകളാക്കും, എഴുത്തുകാരെയും ബുദ്ധിജീവികളെയും ഇല്ലാതാക്കും, നാട്ടുകാരെ റേഷനരിയുടെ ആശ്രിതരാക്കും, കലാപങ്ങളും, യുദ്ധങ്ങളും ഉണ്ടാക്കും, ഇതൊക്കെ കഴിയുമ്പോഴാണ് ഫാസിസം സ്വയം നശിക്കുക. അതിന് അതിന്റെതായ സമയമെടുക്കും.

ഇത് വരെ കണ്ടു വന്നത് ശരാശരി 25-30 കൊല്ലമാണ്, ചിലപ്പോള്‍ അതിലും കൂടും. അതാണ് ചരിത്രം. ഇക്കാര്യങ്ങള്‍ ഇതിനു മുമ്പ് എഴുതിയിട്ടുള്ളതാണ് (https://www.doolnews.com/when-will-bjp-rule-over-kerala-a-reminder-to-congress-party-farooq-k-writes-653.html). അന്നെഴുതിയപ്പോള്‍ കേട്ട പ്രധാന വിമര്‍ശനം അങ്ങനെ പറയുന്നത് ഡിഫെറ്റിസം (തോല്‍വി അംഗീകരിക്കല്‍), ‘ഭയം പരത്തല്‍’ ഒക്കെയാണ് എന്നാണ്. പക്ഷെ, വിഷ്ഫുള്‍ തിങ്കിങ് വിശകലനമായി അവതരിപ്പിക്കുന്നതില്‍ കാര്യമില്ല എന്ന ബോധ്യമുണ്ട്. അത് വായനക്കാരുടെ സമയം മെനക്കെടുത്താനേ ഉപകരിക്കൂ.

ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവര്‍ത്തിക്കപ്പെടും എന്ന് പറഞ്ഞത് കാറല്‍ മാര്‍ക്സ് ആണ്. മാര്‍ക്‌സ് പറഞ്ഞതില്‍ സ്ഥിരമായി ശരിയായി വരാറുള്ളത് രണ്ടു കാര്യങ്ങളാണ്. രണ്ടാമത്തേത് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നത്, സന്ദര്‍ഭവശാല്‍ പറഞ്ഞു എന്നേയുള്ളൂ.

ഇനി ചരിത്രം തിരുത്താന്‍ കഴിയില്ലേ എന്ന് ചോദിച്ചാല്‍, ചിലപ്പോള്‍ കഴിയുമായിരിക്കും. കഴിയുന്നവര്‍ തിരുത്തട്ടെ. സി.പി.ഐ.എംകാരൊക്കെ ശ്രമിച്ചു നോക്കട്ടെ, അവരല്ലേ വിപ്ലവകാരികള്‍. കോണ്‍ഗ്രസുകാര്‍ വിപ്ലവകാരികളല്ല, ഒരു സാദാ രാഷ്ട്രീയ പാര്‍ട്ടിയാണ്.

കോണ്‍ഗ്രസ് രൂപീകരിച്ച് 62 കൊല്ലം കഴിഞ്ഞാണ് അതിന്റെ ആദ്യ ലക്ഷ്യം നിറവേറിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യം. തലമുറകള്‍ അതിനിടക്ക് മരിച്ചു പോയി. ഒന്നോ രണ്ടോ കൊല്ലം കൊണ്ട് വിപ്ലവം നടത്തണമെങ്കില്‍ അത് കമ്മ്യൂണിസ്റ്റുകാരെ ഏല്‍പ്പിക്കണം.

കോണ്‍ഗ്രസുകാര്‍ അതുകൊണ്ട് 2024ഉം 2029ഉം ഒരുപക്ഷെ 2034ഉം കഴിഞ്ഞുള്ള കാര്യത്തെ പറ്റി മാത്രം ചിന്തിച്ചാല്‍ മതി, കാലമൊക്കെ പെട്ടെന്ന് കഴിയും, തലമുറകള്‍ മാറും. അതിനനുസരിച്ചു വേണം പ്ലാനിംഗ്, അല്ലാത്തതെല്ലാം വിഷ്ഫുള്‍ തിങ്കിങ് എന്ന വിഭാഗത്തിലാണ് വരിക.

ഇനി കോണ്‍ഗ്രസുകാര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഉപദേശങ്ങളിലേക്ക് വരാം.

 

ഉപദേശം ഒന്ന്: രാഹുല്‍/ പ്രിയങ്ക ഗാന്ധിമാരെ മാറ്റി ജി-23 മെമ്പര്‍മാരില്‍ ആരെയെങ്കിലും നേതൃത്വം ഏല്‍പ്പിക്കണം.

ഇത് ഉപദേശമല്ല, കോണ്‍ഗ്രസുകാര്‍ക്കുള്ള പണിയാണ്. ജി-23ക്കാര്‍ മിക്കവരും ആര്‍.എസ്.എസ്സില്‍ നിന്ന് നല്ല ഒരു ഓഫര്‍ വരാന്‍ വേണ്ടി കാത്തു നില്‍ക്കുന്നവരാണ്. സിദ്ദു കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി എങ്ങനെ പഞ്ചാബിലെ കോണ്‍ഗ്രസിനെ നശിപ്പിച്ചോ അതിലും ഭീകരമായിരിക്കും ഇവരിലാരെയെങ്കിലും എ.ഐ.സി.സി പ്രസിഡന്റാക്കിയാലുള്ള അവസ്ഥ. കോണ്‍ഗ്രസ് ചിന്നി ചിതറി പോകും.

രാഹുല്‍ ഗാന്ധി 2024ലും 2029ലും കോണ്‍ഗ്രസിനെ ജയിപ്പിക്കില്ല, പക്ഷെ കോണ്‍ഗ്രസിനെ നിലനിര്‍ത്തും. ഇക്കാലത്തു അത് തന്നെ വലിയ കാര്യമാണ്. വേറാരായാലും കോണ്‍ഗ്രസിന്റെ പുക കാണാന്‍ രണ്ടു കൊല്ലം മതിയാകും. ഒരാവേശത്തിന് കിണറ്റില്‍ ചാടിയാല്‍ പത്ത് ആവേശം വന്നാലും തിരിച്ചു കയറാനാകില്ല.

നവ്‌ജ്യോത് സിംഗ് സിദ്ദു

 

ഉപദേശം രണ്ട്: കോണ്‍ഗ്രസുകാര്‍ മൃദു ഹിന്ദുത്വക്കാരാവണം. കെജ്‌രിവാളിനെ പോലെ ഹിന്ദുത്വ കളിച്ചു ഹനുമാന്‍ ചാലിസയൊക്കെ പാടി വോട്ടു പിടിക്കണം.

ഇതൊക്കെ രാഹുല്‍ ഗാന്ധി മുമ്പ് തന്നെ ശ്രമിച്ചതാണ്. ചാണക പെട്ടിയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ കൊണ്ട് വന്നത് കോണ്‍ഗ്രസുകാരന്‍ മന്ത്രിയാണ്. കോണ്‍ഗ്രസുകാര്‍ മുഴുവന്‍ അയോധ്യയില്‍ പോയി ഭജനമിരുന്നാലും ഇന്നത്തെ സ്ഥിതിക്ക് ബി.ജെ.പി ക്ക് വോട്ട് ചെയ്യുന്നവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ല.

കെജ്‌രിവാളിന് എന്തും ചെയ്യാം. ബി.ജെ.പിക്ക് ഒരു സ്റ്റെപ്പിനിയായി ആര്‍.എസ്.എസ് ഒരുക്കി വച്ചിരിക്കുന്ന പാര്‍ട്ടിയാണ് എ.എ.പി.  ബി.ജെ.പിയെ വെച്ച് ഓടാന്‍ പറ്റാത്ത ഇടങ്ങളില്‍ എ.എ.പിയെ വെച്ച് ഓടാം. അതിനത്രയെ പ്രസക്തിയും ഭാവിയും ഉള്ളൂ. ആര്‍.എസ്.എസ്സിന്റെ നേരെ എതിര്‍ വശത്തു മാത്രമേ കോണ്‍ഗ്രസിന് സ്ഥാനമുള്ളൂ.

അരവിന്ദ് കെജ്‌രിവാള്‍

തോണി പോലെയാണ് രാഷ്ട്രീയം, എല്ലാവരും ഒരു വശത്തു കേറിയിരിക്കരുത്. ശാസ്ത്രബോധമുള്ള ലിബറലായ വലിയൊരു വിഭാഗം ഇന്ത്യയിലുണ്ട്, അവരുടെ എണ്ണം കൂടുന്നുമുണ്ട്, ഇപ്പോള്‍ അവര്‍ തല വെളിയില്‍ കാണിക്കുന്നില്ല എന്നേയുള്ളൂ. ചാണക പെട്ടിയും ചാണക കേക്കുമൊക്കെ കാലം കഴിയുമ്പോള്‍ ജനം പുച്ഛിച്ചുതള്ളും.

 

ഉപദേശം മൂന്ന്: ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിനുള്ള മുസ്‌ലിം പ്രീണന പാര്‍ട്ടി എന്ന ഇമേജ് മാറ്റണം.

ഒരിക്കലും ചെയ്യരുത്. മുസ്‌ലിങ്ങള്‍ എന്നാല്‍ ഇരുപത് കോടി മനുഷ്യരാണ്. ഏകദേശം ഇരുപത് ശതമാനം വോട്ടര്‍മാര്‍. ലോകത്ത് എല്ലാ പാര്‍ട്ടികള്‍ക്കും ഒരു കോര്‍ കോണ്‍സ്റ്റിറ്റ്വന്‍സ് ഉണ്ടാകും. ബി.ജെ.പിയുടേത് മധ്യവര്‍ഗ ഉന്നത ജാതി ഹിന്ദുക്കളാണ്. ഏകദേശം ഇരുപത് ശതമാനം. രാഹുല്‍ ഗാന്ധി തലകുത്തി നിന്നാലും ഇവരൊന്നും കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ല. മുസ്‌ലിം-ക്രിസ്ത്യന്‍-സിഖ്-ദളിത് വിഭാഗങ്ങളാണ് സ്വാഭാവികമായും കോണ്‍ഗ്രസിന്റെ കോര്‍ ആകേണ്ടത്.

രണ്ടു പേരുടെയും കോര്‍ ഒഴിച്ച് ബാക്കിയുള്ളതില്‍ പത്തോ പതിനഞ്ചോ ശതമാനം വോട്ട് കിട്ടുന്നവരാണ് ഭരിക്കുക. ലോകത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയും അവരുടെ കോര്‍ കോണ്‍സ്റ്റിറ്റ്വന്‍സിയെ തള്ളിപ്പറയില്ല. ഒക്കത്തുള്ളത് പോകും, ഉത്തരത്തിലുള്ളത് കിട്ടില്ല, ആ ബോധ്യം വേണം.

മുസ്‌ലിം പ്രീണന പാര്‍ട്ടി എന്ന ഇമേജ് ഉണ്ടെങ്കില്‍ ബാക്കിയുള്ളവര്‍ വോട്ട് ചെയ്യുമോ എന്നതാണ് സംശയമെങ്കില്‍ ‘കളക്റ്റീവ് ഷെയിം‘ എന്ന വാക്ക് ഗൂഗിള്‍ ചെയ്തു നോക്കിയാല്‍ മതി. ജൂതന്മാരോട് ഹിറ്റ്‌ലര്‍ കാണിച്ച ക്രൂരതകള്‍ക്ക് ജര്‍മന്‍കാര്‍ക്കും, കറുത്തവരെ അടിമകളാക്കിയും അല്ലാതെയും ദ്രോഹിച്ചതിന് അമേരിക്കക്കാര്‍ക്കും ഇപ്പോള്‍ തോന്നുന്ന സാമൂഹിക നാണക്കേടിന്റെ പേരാണ് കളക്റ്റീവ് ഷെയിം.

അവരിപ്പോള്‍ ജൂതന്മാരോടോ കറുത്തവരോടോ ഒക്കെ അനുഭാവം പുലര്‍തുന്നതിന്റെ പേരില്‍ ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യാതിരിക്കാറില്ല. ഇപ്പോള്‍ മുസ്‌ലിങ്ങളെ തല്ലി കൊല്ലുന്നതിനും വിദ്യാര്‍ത്ഥിനികളെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിനുമൊക്കെ പത്തിരുപത് കൊല്ലം കഴിയുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് കളക്റ്റീവ് ഷെയിം ഉണ്ടാകും. ആ സമയത്ത് അവര്‍ക്ക് കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ മടിയുണ്ടാകില്ല.

മുസ്‌ലിങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ ആവശ്യമില്ല. കോണ്‍ഗ്രസ് ഇല്ലെങ്കിലും എല്ലാ രീതിയിലും അവര്‍ വളരും. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ സംരക്ഷണം തേടുന്നത് ഒരു സമൂഹം എന്ന നിലയില്‍ മുസ്‌ലിങ്ങള്‍ക്ക് ബാധ്യതയാണ്, അതവര്‍ പഠിച്ചു കഴിഞ്ഞു. അവര്‍ അവരുടെ കാര്യം നോക്കിക്കോളും. പക്ഷെ, മുസ്‌ലിങ്ങളുടെ പിന്തുണയില്ലെങ്കില്‍ കോണ്‍ഗ്രസ് നിലനില്‍ക്കില്ല.

ഉപദേശം നാല്: കോണ്‍ഗ്രസ് സമത്വത്തിന്റെയും മതേരത്വത്തിന്റെയും ഫെഡറലിസത്തിന്റെയും ഭരണഘടനയുടേയുമൊക്കെ കാര്യം പറയുന്നത് നിര്‍ത്തി തകരുന്ന എക്കണോമിയെ പറ്റി മാത്രം സംസാരിക്കണം.

എക്കോണമിയെ പറ്റിയും തൊഴിലിനെ പറ്റിയും നിരന്തരം സംസാരിക്കണം എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ അതില്‍ കൂടുതല്‍ ഭരണ ഘടന മൂല്യങ്ങളെ പറ്റി സംസാരിച്ചുകൊണ്ടേയിരിക്കണം. എക്കോണമി പരിതാപകരമായത് കൊണ്ടുമാത്രം ഫാസിസം ഇല്ലാതാകില്ല.

ജനങ്ങളുടെ പ്രതീക്ഷ കുറച്ചു കുറച്ചു കൊണ്ട് വരിക എന്നത് ഫാസിസത്തിന്റെ പാഠപുസ്തകത്തിലെ പ്രധാന അധ്യായമാണ്. ഉദാഹരണത്തിന് 2014ന് മുമ്പ് സിംഗപ്പൂരിന്റെയും ഷാംഗ്ഹായിയുടെയും ഫോട്ടോ കാണിച്ച് യു.പിയെ അത് പോലെയാക്കാം എന്ന് പറഞ്ഞാണ് ബി.ജെ.പി വോട്ട് പിടിച്ചത്, കൂടെ പതിനഞ്ചു ലക്ഷവും.

2019ല്‍ അത് 6000 രൂപയുടെ വാര്‍ഷിക പെന്‍ഷന്‍ തുടരും എന്ന വാഗ്ദാനം മാത്രമായി. 2022ല്‍ സൗജന്യ റേഷന്‍ മാത്രം മതി ബി.ജെ.പി ക്ക് വോട്ട് പിടിക്കാന്‍. 2024ല്‍ അതും വേണ്ടി വരില്ല. 2029 ആവുമ്പോള്‍ നിങ്ങളൊക്കെ പട്ടിണി കിടന്നയാലും ജീവിക്കുന്നില്ലെ, അതിന് ഞങ്ങള്‍ക്ക് വോട്ട് തന്നൂടെ എന്നതായിരിക്കും ചോദ്യം.

ഒന്നാലോചിച്ചു നോക്കൂ, 2014 ഇല്‍ ഇന്ത്യ സൂപ്പര്‍ പവര്‍ ആവാന്‍ വോട്ട് ചെയ്തവര്‍ ഇന്ന് വോട്ട് ചെയ്യുന്നത് സൗജന്യ റേഷനരിക്ക്. എവിടുന്ന് തുടങ്ങി എവിടെയെത്തി.

ചരിത്രമൊക്കെ വിട്. ഇപ്പൊത്തന്നെ, യുദ്ധവും ഉപരോധവും കൊണ്ട് റഷ്യക്കാരുടെ ബിസിനസുകളൊക്കെ പൊളിഞ്ഞു നാട്ടുകാരുടെ ജോലിയൊക്കെ പോയി ജനങ്ങളുടെ ജീവിതം നായ നക്കിയാല്‍ പുടിന്‍ അധികാരത്തില്‍ നിന്ന് പുറത്താവുമോ, ഇല്ല. അതാണതിന്റെ രീതി. തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് എപ്പോഴും ചരിത്രത്തിലേക്കും സമാന്തരങ്ങളിലേക്കും നോക്കുക.

 

ഉപദേശം അഞ്ച്: സംഘടനാ സംവിധാനം ശക്തിപ്പെടുത്തണം, സി.പി.ഐ.എമ്മിനെ പോലെയോ ബി.ജെ.പി യെ പോലെയോ അടുക്കും ചിട്ടയും അച്ചടക്കമുള്ള സംഘടനയാക്കി കോണ്‍ഗ്രസിനെ മാറ്റണം.

ഒരിക്കലും ചെയ്യരുത്. സി.പി.ഐ.എമ്മിന്റെയും ബി.ജെ.പിയുടെയും ഒരു പരിധി വരെ കോണ്‍ഗ്രസിന്റെയും സംഘടനാ രീതിയുടെ പേര് ‘ലെനിനിസ്റ്റ് സംഘടനാ സംവിധാനം‘ എന്നാണ്. അത് ശാസ്ത്രീയമല്ല, ശാസ്ത്രീയമല്ലാത്തതൊന്നും കാലത്തെ അതിജീവിക്കില്ല.

കെട്ടുറപ്പുള്ള പാര്‍ട്ടികള്‍ കാലം കഴിയുമ്പോള്‍ പൊട്ടിച്ചിതറും. അയഞ്ഞതായിരിക്കണം സംഘടനാ രീതി. ഏറ്റവും വലിയ ലെനിനിസ്റ്റ് പാര്‍ട്ടിയായ ലെനിന്റെ പാര്‍ട്ടി തന്നെ ആകപ്പാടെ 74 കൊല്ലമേ നിലനിന്നുള്ളൂ, മറ്റുള്ളവര്‍ അതിലും കുറവ്.

അയഞ്ഞ രൂപമുള്ള പാര്‍ട്ടികള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞു ഇന്നും ശക്തമായി നിലനില്‍ക്കുന്നു. ഉദാഹണത്തിന് കണ്‍സര്‍വറ്റിവ് പാര്‍ട്ടി (188 വര്‍ഷം), ലേബര്‍ പാര്‍ട്ടി (122 വര്‍ഷം), റിപ്പബ്ലിക്കന്‍ പാര്‍ട്ടി (167 വര്‍ഷം) തുടങ്ങിയവ.

കേഡര്‍, സെമി കേഡര്‍ തുടങ്ങിയ പഴഞ്ചന്‍ ആശയങ്ങള്‍ ശാസ്ത്രീയമല്ല, കാലത്തെ അതിജീവിക്കില്ല. കോണ്‍ഗ്രസുകാര്‍ക്ക് ചരിത്ര ബോധം മാത്രം പോരാ, ശാസ്ത്ര ബോധവും വേണമെന്ന് പഠിപ്പിച്ചത് നെഹ്‌റുവാണ്.

 

ഉപദേശം ആറ്: കോണ്‍ഗ്രസുകാര്‍, പ്രത്യേകിച്ച് നേതാക്കള്‍, 365 ദിവസം 24 മണിക്കൂറും പാര്‍ട്ടി പ്രവര്‍ത്തനം നടത്തണം.

വേണ്ട. 24 മണിക്കൂറും പാര്‍ട്ടി പ്രവര്‍ത്തനം നടത്തണം എന്ന് പറയുന്നവര്‍ പറയാതെ പറയുന്നത് അഴിമതി നടത്തി ജീവിക്കണം എന്നാണ്. ഒന്നുകില്‍ കൈക്കൂലി വാങ്ങണം, അല്ലെങ്കില്‍ ഏതെങ്കിലും ബോര്‍ഡിലോ പേര്‍സണല്‍ സ്റ്റാഫിലോ ഒക്കെ കയറിക്കൂടി ജീവിതം മുഴുവന്‍ പെന്‍ഷന്‍ വാങ്ങണം.

ഭാര്യയും കുട്ടികളും ഇല്ലാതെ ആര്‍.എസ്.എസ് നേതാക്കന്മാരെ പോലെ ജീവിക്കണം, സ്വന്തം അമ്മയെയും പെങ്ങളെയും പോലും തിരിഞ്ഞു നോക്കാതെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കണം എന്നൊക്കെ ഫേസ്ബുക്കില്‍ ഉപദേശിക്കുന്നവര്‍ അമേരിക്കയിലും ഗള്‍ഫിലുമൊക്കെ ഭാര്യയുടെയും കുട്ടികളുടെയും കൂടെ സുഖിച്ചു ജീവിക്കുകയാണ്.

നേതാക്കന്മാരായാലും അനുയായികളായാലും പാര്‍ട്ടി പ്രവര്‍ത്തനം പാര്‍ട് ടൈം ആയിരിക്കണം. ജോലിയോ ബിസിനസ്സോ ചെയ്യണം, കുടുംബത്തെ നോക്കണം, സിനിമ കാണണം, യാത്രകള്‍ ചെയ്യണം. പ്രവര്‍ത്തകരും നേതാക്കളും മുഴുവന്‍ അഴിമതിപ്പണത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ ആവശ്യത്തിനുണ്ട്.

രാഹുല്‍ ഗാന്ധി ചെയ്യുന്ന ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് അവസരം കിട്ടുമ്പോഴൊക്കെ ലോകം മുഴുവന്‍ സഞ്ചരിക്കുന്നുണ്ട് എന്നതാണ്. അതൊക്കെ അങ്ങനെ തന്നെ നടക്കട്ടെ. ലോകവിവരമുള്ള നേതാക്കളാണ് ഇന്ത്യക്ക് ആവശ്യം.

ചെയ്യേണ്ടാത്ത കാര്യങ്ങള്‍ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ചെയ്യേണ്ട കാര്യങ്ങള്‍ കൂടി പറഞ്ഞാലേ ഉപദേശം പൂര്‍ത്തിയാവൂ. പുതിയതൊന്നുമില്ലാത്തതു കൊണ്ട് മുമ്പ് പറഞ്ഞത് ഇവിടെ ആവര്‍ത്തിക്കുന്നു.

ഇന്ത്യയെ മുഴുവന്‍ ഒരുമിച്ചു നിര്‍ത്തി ഒരു മഹാ സാമ്രാജ്യത്തിനെതിരെ പോരാടി വിജയം വരിച്ച ഒരു പ്രസ്ഥാനം മാത്രമേ ഉള്ളൂ. കോണ്‍ഗ്രസ്. ഇരുപത്തഞ്ചോ മുപ്പതോ കൊല്ലം കഴിയുമ്പോള്‍ സഹികെട്ട ഇന്ത്യക്കാര്‍ക്ക് പോരാടാന്‍ ഒരു പാര്‍ട്ടി വേണ്ടി വരും, ദിശാബോധം നല്‍കുവാന്‍ ഒരു പ്രത്യയശാസ്ത്രവും.

ഇന്ത്യക്ക് യോജിക്കുന്നത് എന്താണെന്ന് നമുക്കറിയാം, നമ്മുടെ തലമുറ നെഹ്റുവിനെയും അംബേദ്കറെയും അറിഞ്ഞിട്ടുണ്ട്, വായിച്ചിട്ടുണ്ട്. പക്ഷെ ഇരുപത്തഞ്ചോ മുപ്പതോ കൊല്ലങ്ങള്‍ കഴിയുമ്പോള്‍ തെരുവിലിറങ്ങുന്ന സഹികെട്ട മനുഷ്യര്‍ നമ്മളാവില്ല. നമ്മുടെ മക്കളാവും.

ഇപ്പൊ കാണുന്ന നേതാക്കന്മാര്‍ മിക്കവാറും ബി.ജെ.പിയിലേക്ക് പോകും. പ്രത്യേകിച്ച് മടിയില്‍ കനമുള്ളവര്‍. പോകാത്ത നേതാക്കന്മാര്‍ വിനീത വിധേയന്മാരായി തുടരും. പോരാട്ട വീര്യമുള്ളവര്‍ അല്ലെങ്കില്‍ പ്രത്യയശാസ്ത്ര ദൃഢതയുള്ളവര്‍ നശിപ്പിക്കപ്പെടും. സാധാരണ പ്രവര്‍ത്തകന്മാര്‍ മാത്രം ബാക്കിയാവും.

അങ്ങനെ ബാക്കിയാവുന്ന സാധാരണ കോണ്‍ഗ്രസുകാര്‍ ചെയ്യേണ്ടത് ഒന്നേയുള്ളൂ, മക്കള്‍ക്ക് നെഹ്റുവിനെയും അംബേദ്കറെയും ആസാദിനെയും പരിചയപ്പെടുത്തുക. അവരുടെ പുസ്തകങ്ങള്‍ വായിക്കാന്‍ കൊടുക്കുക. ശാസ്ത്രബോധം വളര്‍ത്തുക. ഈ രാജ്യം അവര്‍ തിരിച്ചു പിടിച്ചോളും. നിരാശരാവരുത്.

Content Highlight: Farooq about advices to congress

 

 

 

 

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ