ഇന്ത്യ കടന്നുപോകുന്നത് ദുഷ്‌കരമായ ഘട്ടത്തിലൂടെ, മതേതരത്വം തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല: ഫാറൂഖ് അബ്ദുള്ള
India
ഇന്ത്യ കടന്നുപോകുന്നത് ദുഷ്‌കരമായ ഘട്ടത്തിലൂടെ, മതേതരത്വം തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല: ഫാറൂഖ് അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th August 2025, 12:32 pm

ന്യൂദല്‍ഹി: ഇന്ത്യ ഒരു ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ഇന്ത്യയുടെ മതേതരത്വം ആര്‍ക്കും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ദി ലയണ്‍ ഓഫ് നൗഷേര’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1948ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്‍ മുഹമ്മദ് ഉസ്മാന്റെ ജീവിതത്തെക്കുറിച്ച് സിയ ഉസ് സലാമും ആനന്ദ് മിശ്രയും എഴുതിയതാണ് ഈ പുസ്തകം.

‘ഇന്ത്യ ഒരു ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, മുസ്ലിങ്ങള്‍ക്ക് ഭയമുണ്ട്, എന്നാല്‍ അത് നിലനില്‍ക്കുന്നത് സമൂഹത്തില്‍ ഭൂരിഭാഗം പേരും വര്‍ഗീയമായതുകൊണ്ടല്ല. മറിച്ച് അവര്‍ അടിച്ചമര്‍ത്തപ്പെടുന്നതുകൊണ്ടാണ്. പക്ഷേ ഇന്ത്യ ഒരു ദിവസം അതില്‍ നിന്ന് പുറത്തുകടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ മതേതരത്വം ആര്‍ക്കും ഇല്ലാതാക്കാന്‍ കഴിയില്ല,’ അബ്ദുള്ള പറഞ്ഞു.

മുഹമ്മദ് അലി ജിന്ന കശ്മീര്‍ പാകിസ്ഥാനില്‍ ചേരണമെന്ന് ആഗ്രഹിച്ചുവെന്നും പക്ഷേ ഗാന്ധിയുടെ ഇന്ത്യയെ ഷെയ്ഖ് അബ്ദുള്ള തെരഞ്ഞെടുത്തുവെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി പ്രകാശന ചടങ്ങിനിടെ പറഞ്ഞു. മുസ്ലിങ്ങള്‍ വിഡ്ഢികളാണെന്നാണ് ജിന്ന കരുതിയത്. കൊള്ളക്കാര്‍ വന്നപ്പോള്‍ ഹിന്ദുക്കളും മുസ്ലിങ്ങളും സിഖുകാരും എല്ലാ കശ്മീരികളും അവരെ നേരിടാന്‍ ഒരുമിച്ചു നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയുമായി കൈകോര്‍ത്തതിന് അവര്‍ക്ക് എന്താണ് ലഭിച്ചതെന്ന് നോക്കൂ. ഈ നൂറ്റാണ്ടില്‍ ജനിച്ച ഒരു ജവാനോട് നമ്മള്‍ എന്ത് പറയും, അന്നത്തെ അവസ്ഥ എന്തായിരുന്നു? ഏത് രാജ്യവുമായാണ് നമ്മള്‍ കൈകോര്‍ത്തത്, അവര്‍ക്ക് നമ്മളോട് സ്‌നേഹമില്ല. ഇന്ന് അവര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരുണ്ട്, പക്ഷേ ആര്‍ക്കാണ് അധികാരം, ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ്,’ അബ്ദുള്ള പറഞ്ഞു.

ജിന്ന കാണാന്‍ വന്നപ്പോള്‍ ഷെയ്ഖ് അബ്ദുള്ള പണ്ഡിറ്റുകളും ബുദ്ധിസ്റ്റുകളും എങ്ങോട്ടാണ് പോവേണ്ടതെന്ന് ചോദിച്ചു. അവര്‍ക്ക് അവിടെ സ്ഥാനമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അതേയെന്നായിരുന്നു അവരുടെ മറുപടി. പക്ഷേ, ഇപ്പോള്‍ പാകിസ്ഥാനിലെ അവസ്ഥ നോക്കൂ. മുസ്ലിങ്ങളെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് പറയുന്നവരോട് ഇത് പറയണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Farooq Abdullah says India passing through a difficult phase but no one can end it’s Secularism