ആഹാ...സമിതിയിലെ നാല് പേരും കര്‍ഷക നിയമത്തെ പരസ്യമായി പിന്തുണച്ചവര്‍!; സുപ്രീം കോടതി നടപടിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍
national news
ആഹാ...സമിതിയിലെ നാല് പേരും കര്‍ഷക നിയമത്തെ പരസ്യമായി പിന്തുണച്ചവര്‍!; സുപ്രീം കോടതി നടപടിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th January 2021, 7:26 pm

ന്യൂദല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നാലംഗ സമിതിയെ നിയമിച്ച സുപ്രീം കോടതി നടപടിയെ പരിഹസിച്ച് ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. എട്ടോളം കാര്‍ഷിക സംഘടനകള്‍ ഹാജരായില്ലെങ്കിലും വിചാരണ നടന്നതായാണ് അറിയാന്‍ സാധിച്ചതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

‘കര്‍ഷകരുടെ കേസുകള്‍ സുപ്രീം കോടതിയ്ക്ക് മുമ്പാകെ വിധി പറയുന്നതിനായി മാത്രം ഇന്ന് അവതരിക്കപ്പെട്ടു. എട്ടോളം കര്‍ഷക സംഘടനകള്‍ കേസില്‍ ഹാജരായില്ലെന്നാണ് അറിഞ്ഞത്. എന്നിട്ടും എന്തൊക്കെയോ വിചാരണയൊക്കെ നടന്നതായാണ് അറിയാന്‍ സാധിച്ചത്. നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സുപ്രീം കോടതി ഒരു നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നറിഞ്ഞു. അതും കാര്‍ഷിക നിയമങ്ങള്‍ക്ക് പരസ്യമായി പിന്തുണ നല്‍കിയ നാല് പേരെ!,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

പ്രശ്ന പരിഹാരത്തിനായി സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും സ്ഥിതി ഇത്രയും വഷളാകുന്നത് വരെ നിശബ്ദത പാലിച്ച പ്രധാനമന്ത്രി തങ്ങളോട് മാപ്പ് പറയണമെന്നും കര്‍ഷക സംഘടന നേതാക്കള്‍ പറഞ്ഞിരുന്നു.

കര്‍ഷക സമരം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ആ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണം. രാജ്യത്തെ കര്‍ഷകരോട് മോദി മാപ്പ് പറയണമെന്നുമാണ് പഞ്ചാബില്‍ നിന്നുള്ള കര്‍ഷക നേതാവായ സത്നാം സിംഗ് പറഞ്ഞു.

അതേസമയം കര്‍ഷക സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ 71 കര്‍ഷകനേതാക്കള്‍ക്കെതിരെയും 900 കര്‍ഷകര്‍ക്കെതിരെയും ഹരിയാന സര്‍ക്കാര്‍ ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. അവ പിന്‍വലിക്കണമെന്നും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു.

കര്‍ഷകസമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്നവരുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു. അശോക് ഗുലാത്തി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണെന്നാണ് കര്‍ഷക സംഘടനകള്‍ പറഞ്ഞത്.

നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കേന്ദ്രത്തിനോടും കര്‍ഷകരോടും സംസാരിക്കാന്‍ നാലംഗ സമിതിയാണ് രൂപീകരിച്ചത്. അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയില്‍.

കര്‍ഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീംകോടതി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. യഥാര്‍ത്ഥ ചിത്രം കോടതിക്ക് മനസ്സിലാകണമെന്നും സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി നിലപാട് വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farmers Protest Prashant Bhushan mocks Supreme Court in its committee