ഡയലോഗടിച്ചതുകൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാകില്ല; മോദിക്കെതിരെ കെ.ടി. രാമറാവു
national news
ഡയലോഗടിച്ചതുകൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാകില്ല; മോദിക്കെതിരെ കെ.ടി. രാമറാവു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd November 2023, 10:19 pm

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ വാഗ്ദാനങ്ങളെ പരാമർശിച്ച് ഡയലോഗുകൾ കൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാകില്ലെന്ന വിമർശനവുമായി ബി.ആർ.എസ് വർക്കിങ് പ്രസിഡന്റും തെലങ്കാന മന്ത്രിയുമായ കെ.ടി. രാമറാവു.

‘ പ്രധാനമന്ത്രി കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നു. ഡയലോഗ് അടിച്ചത് കൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിക്കില്ല. പൊള്ളയായ വാഗ്ദാനങ്ങൾ കൊണ്ടും കർഷകരുടെ വരുമാനം ഇരട്ടിക്കില്ല.

കർഷകരുടെ വരുമാനം ഇരട്ടിക്കണമെങ്കിൽ കൃഷിയെയും അനുബന്ധ മേഖലകളെയും പിന്തുണയ്ക്കണം. ഇതാണ് തെലങ്കാന ചെയ്തത്,’ രാമരാവു പറഞ്ഞു.

കഴിഞ്ഞ 10 വർഷങ്ങളിൽ തെലങ്കാന കൈവരിച്ച വികസനങ്ങൾ നിരത്തി ട്രെയിൽബ്ലേസർ തെലങ്കാന എന്ന പേരിൽ പ്രസന്റേഷൻ അവതരിപ്പിക്കുകയായിരുന്നു രാമറാവു.

ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത് സംസ്ഥാനത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചുവെന്നും രാജ്യത്തെ ഏറ്റവും മികച്ച പ്രതിശീർഷ വരുമാനം തെലങ്കാനക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയം ഡിസംബർ മൂന്നിന് ശേഷവും തുടരുമെന്നും പ്രതിപക്ഷ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സർക്കാരിനെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 30നാണ് തെലങ്കാനയിൽ നിയമസഭ തെരഞ്ഞെടുപ്പ്. 119 സീറ്റുകൾ ഉള്ള നിയമസഭയിൽ 60 സീറ്റുകളെങ്കിലും നേടുന്ന പാർട്ടിക്കാണ് ഭരണം ലഭിക്കുക.

Content Highlight: Farmers’ income can’t be doubled by dialogues: KTR slams PM Modi