കര്‍ഷക സമരത്തില്‍ വേറിട്ട കാഴ്ച; പ്രതിരോധം തീര്‍ക്കാനെത്തിയ പൊലീസുകാര്‍ക്ക് റോസാപ്പൂവും ഭക്ഷണവും നല്‍കി കര്‍ഷകര്‍
national news
കര്‍ഷക സമരത്തില്‍ വേറിട്ട കാഴ്ച; പ്രതിരോധം തീര്‍ക്കാനെത്തിയ പൊലീസുകാര്‍ക്ക് റോസാപ്പൂവും ഭക്ഷണവും നല്‍കി കര്‍ഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th January 2021, 5:07 pm

ന്യൂദല്‍ഹി: കര്‍ഷകസമരത്തിന് പ്രതിരോധം തീര്‍ക്കാനെത്തിയ പൊലീസുകാര്‍ക്ക് റോസാപ്പൂക്കളും ഭക്ഷണവും നല്‍കി ഒരു സംഘം കര്‍ഷകര്‍. യു.പിയ്ക്കും ദല്‍ഹിയ്ക്കുമിടയിലുള്ള ഛില്ല അതിര്‍ത്തിയിലാണ് കര്‍ഷകര്‍ സമരത്തിന് സുരക്ഷയേര്‍പ്പെടുത്താനെത്തിയ പൊലീസുകാര്‍ക്ക് റോസാപ്പൂക്കള്‍ നല്‍കിയത്.

അതേസമയം രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സമരം ശക്തമാക്കിയിരിക്കുകയാണ്. ദല്‍ഹിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

പുറത്തുനിന്നും വന്നവരാണ് ഇവരെന്നും സംയുക്ത സമിതി അറിയിച്ചു. നഗരഹൃദയത്തില്‍ എത്തിയത് സംയുക്ത സമിതിയിലുള്ളവരല്ല. എന്നാല്‍ പൊലീസ് മര്‍ദ്ദനം അംഗീകരിക്കാനാവില്ലെന്നും സമരസമിതി പറഞ്ഞു.

നേരത്തെ നിശ്ചയിച്ച വഴികളിലൂടെയല്ലാതെ റാലി നടത്തിയവര്‍ സംയുക്ത സമിതിയുടെ ഭാഗമായി പ്രതിഷേധത്തിന് എത്തിയവരല്ലെന്നും കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദല്‍ഹി ഐ.ടി.ഒയില്‍ പൊലീസും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. ഉത്തരാഖണ്ഡില്‍ നിന്നുള്ള കര്‍ഷകനാണ് കൊല്ലപ്പെട്ടത്.

പൊലീസ് വെടിവെപ്പിലാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. അതേസമയം ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. തങ്ങള്‍ വെടിവെച്ചിട്ടില്ലെന്നും ദല്‍ഹി പൊലീസ് ആവര്‍ത്തിച്ചു.

എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെച്ചുവെന്നും ആ വെടിവെപ്പിലാണ് ട്രാക്ടര്‍ മറിഞ്ഞതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. മൃതദേഹവുമായി പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ് കര്‍ഷകര്‍.

അതേസമയം ചില സമരക്കാര്‍ ചെങ്കോട്ടയില്‍ പ്രവേശിച്ചിരിക്കുകയാണ്. ചൊങ്കോട്ടയിലെത്തിയ കര്‍ഷകര്‍ കര്‍ഷക സംഘടനകളുടെ കൊടികള്‍ ഉയര്‍ത്തി. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്.

ഇവിടെ നിന്ന് ഇന്ത്യാ ഗേറ്റിലേക്കും പ്രതിഷേധവുമായി എത്തുമെന്ന് കര്‍ഷകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തലസ്ഥാന നഗരിയില്‍ വ്യാപകമായി കര്‍ഷകരുടെ പ്രതിഷേധം അരങ്ങേറുകയാണ്.

ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കര്‍ഷകരെത്തിയിട്ടുണ്ട്. സീമാപുരിയില്‍ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീര്‍വാതകം പ്രയോഗിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കര്‍ഷകരാണ് ദല്‍ഹിയിലെത്തുന്നത്. ആയിരക്കണക്കിന് ട്രാക്ടറുകള്‍ ഇപ്പോള്‍ തന്നെ പരേഡിന്റെ ഭാഗമായി അണിനിരന്നു കഴിഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Farmers Protest Updates