പഞ്ചാബ്: അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ച് കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍. 2024 നവംബര്‍ 26ന് ആരംഭിച്ച അനിശ്ചിത കാല നിരാഹാരസമരമാണ് ദല്ലേവാള്‍ അവസാനിപ്പിച്ചത്. വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമായ ഉറപ്പ് തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക നേതാവ് നിരാഹാരമിരുന്നത്.
കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാനും റെയില്‍വേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവും ജഗ്ജിത് സിങ് ദല്ലേവാളിനെ നേരത്തെ സന്ദര്‍ശിച്ചിരുന്നു. നിരാഹാരസമരം അവസാനിപ്പിക്കണമെന്ന് അദ്ദേഹത്തോട് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദല്ലേവാള്‍ സമരം അവസാനിപ്പിച്ചത്.
പഞ്ചാബിലെ ഫത്തേഗഢ് സാഹിബ് ജില്ലയിലെ സിര്‍ഹിന്ദില്‍ സംഘടിപ്പിച്ച ‘കിസാന്‍ മഹാപഞ്ചായത്ത്’ എന്ന പരിപാടിയിലാണ് ദല്ലേവാള്‍ തന്റെ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
‘നിങ്ങള്‍ (കര്‍ഷകര്‍) എല്ലാവരും മരണം വരെയുള്ള നിരാഹാരം അവസാനിപ്പിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. പ്രക്ഷോഭത്തെ പിന്തുണച്ചതിന് ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വികാരങ്ങളെ ഞാന്‍ മാനിക്കുന്നു. നിങ്ങളുടെ ഉത്തരവ് ഞാന്‍ അംഗീകരിക്കുന്നു,’ ദല്ലേവാള്‍ പറഞ്ഞു.
സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നിവയുടെ സംയുക്ത ഫോറത്തിലെ മുതിര്‍ന്ന നേതാവാണ് ദല്ലേവാള്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിനായി കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് അദ്ദേഹം അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.
മിനിമം താങ്ങുവില ഉള്‍പ്പെടെ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിര നിരാഹാരമിരുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച നേതാവ് സര്‍വണ്‍ സിങ് പാന്ഥര്‍ തുടങ്ങിയവരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജഗത്പുരയില്‍ വെച്ചാണ് കര്‍ഷക നേതാക്കളെ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആംബുലന്‍സ് എത്തിച്ചാണ് ദല്ലേവാളിനെ കസ്റ്റഡിയിലെടുത്തത്.
വിളകള്‍ക്ക് മിനിമം താങ്ങുവില, കടം എഴുതിതള്ളല്‍, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍, ഭൂമി ഏറ്റെടുക്കല്‍ നിയമം പുനസ്ഥാപിക്കല്‍, വൈദ്യുതി നിരക്ക് വര്‍ധിക്കുന്നത് തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.