ഭോപ്പാല്‍: ഭൂമി പ്രശ്‌നത്തെ ചൊല്ലി മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ഞായറാഴ്ച ബി.ജെ.പി പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ കര്‍ഷകനെ കൊലപ്പെടുത്തി. 50 വയസുകാരന്റെ കൈകാലുകള്‍ ഒടിക്കുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദിച്ചുമാണ് സംഘം കൊലപ്പെടുത്തിയത്.
പ്രതികളായ ബി.ജെ.പിയുടെ പ്രാദേശിക ബൂത്ത് കമ്മിറ്റി നേതാവ് മഹേന്ദ്ര നഗര്‍, സഹോദരന്‍ ഹുകും സിങ് നഗര്‍, ഭാര്യ കമലേഷ് ബായി, മക്കളായ നിതേഷ്, ദേവേന്ദ്ര നഗര്‍ ഹുക്കും സിങ് എന്നിവരടങ്ങുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ട്.
ഇതോടെ സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് ഹേമന്ത് ഖണ്ഡേല്‍വാള്‍ മഹേന്ദ്ര നഗറിനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
അതേസമയം കര്‍ഷകന്റെ ഭാര്യയെയും മക്കളെയും സംഘം ആക്രമിച്ചതായി പൊലീസ് പറഞ്ഞു. ബി.എന്‍.എസ് പ്രകാരം കൊലപാതകം, ലൈംഗിക പീഡനം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
‘കര്‍ഷകന്റെ ശരീരത്തില്‍ ഒന്നിലധികം ഒടിവുകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പെണ്‍മക്കളെയും ആക്രമിച്ചു. 14 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്,’ എസ്.ഡി.ഒ.പി ബമോറി വിവേക് അസ്താന പറഞ്ഞു.
അച്ഛനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തന്നെ നിലത്ത് തള്ളിയിട്ട് വസ്ത്രങ്ങള്‍ കീറിപ്പറച്ചെന്നും വെടിയുതിര്‍ത്തെന്നും മകള്‍ പറഞ്ഞു.
‘ഞാന്‍ അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ചു, പക്ഷേ അവര്‍ എന്നെ നിലത്തേക്ക് തള്ളിയിട്ടു. മഹേന്ദ്ര നഗര്‍ എന്റെ മേല്‍ ഇരുന്നു, എന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി. അവര്‍ തോക്ക് ഉപയോഗിച്ച് വെടിവെച്ചു, എന്റെ മുടിയില്‍ പിടിച്ചു വലിച്ചു. അച്ഛന്‍ പാടത്തേക്ക് പോകുമ്പോള്‍ മഹേന്ദ്ര, നവീന്‍, ഹരീഷ്, ഗൗതം, ദേവേന്ദ്ര എന്നിവര്‍ ഒരുമിച്ച് വന്ന് ആക്രമിക്കുകയുമായിരുന്നു,’ കര്‍ഷകന്റെ മകള്‍ പറഞ്ഞു.
രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ ഒരു സ്ഥലത്തെ ചൊല്ലി കര്‍ഷകനും നാഗറിന്റെ ബന്ധുവായ കനയ്യ നഗറും തമ്മില്‍ ദീര്‍ഘ കാലത്തെ തര്‍ക്കം നിലനിന്നിരുന്നെന്നാണ് പൊലീസ് പറഞ്ഞത്.