ലണ്ടന്‍: ബ്രിട്ടണിലെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെ ലേബര്‍ പാര്‍ട്ടിക്ക് പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ നിന്നടക്കം തിരിച്ചടി നേരിട്ടതായാണ് പ്രഥമിക ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റിഫോം യു.കെ (Reform UK) വന്‍ മുന്നേറ്റം നടത്തുകയും ചെയ്തു. ഗ്രീന്‍ പാര്‍ട്ടിയും നേട്ടമുണ്ടാക്കി.
നൈജല്‍ ഫരാജിന്റെ നേതൃത്വത്തിലുള്ള റിഫോം യു.കെ ഇംഗ്ലണ്ടിലുടനീളം 1,400ലധികം സീറ്റുകള്‍ നേടുകയും ലേബര്‍ പാര്‍ട്ടിയുടെ പരമ്പരാഗത കോട്ടകളില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
ഹാംഷെയര്‍ അടക്കമുള്ള ലേബര്‍ പാര്‍ട്ടിയുടെ കോട്ടകളിലേക്കാണ് റിഫോം പാര്‍ട്ടി വന്‍ കടന്നുകയറ്റം നടത്തിയത്. കുടിയേറ്റ വിരുദ്ധനിലപാടുകള്‍ക്ക് ബ്രിട്ടണില്‍ ലഭിക്കുന്ന അംഗീകാരം കൂടിയാണ് ഈ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
ഇംഗ്ലണ്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലേബര്‍ പാര്‍ട്ടിക്ക് 1,100ലധികം സീറ്റുകള്‍ നഷ്ടമായി. മിഡ്ലാന്‍ഡ്സടക്കമുള്ള പാര്‍ട്ടിയുടെ ഹൃദയഭൂമികളില്‍ പോലും പരാജയം രുചിച്ചു.
വെയ്ല്‍സില്‍ 27 വര്‍ഷത്തെ ലേബര്‍ പാര്‍ട്ടി ഭരണം അവസാനിച്ചു. അവിടെ പ്ലെയ്ഡ് സിമ്രു (Plaid Cymru) ഏറ്റവും വലിയ പാര്‍ട്ടിയായപ്പോള്‍ റിഫോം യു.കെ പ്രധാന പ്രതിപക്ഷമായി മാറി. പിന്നാലെ വെയ്ല്‍സ് ഫസ്റ്റ് മിനിസ്റ്റര്‍ ഇലുനെഡ് മോര്‍ഗന്‍ തന്റെ സ്ഥാനം രാജിവെച്ചു.
സ്‌കോട്ട്‌ലന്‍ഡില്‍ എസ്.എന്‍.പി ഏറ്റവും വലിയ പാര്‍ട്ടിയായി തുടരുമ്പോള്‍, ലേബര്‍ പാര്‍ട്ടി റിഫോം യു.കെയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്തായി.
ബി.ബി.സിയുടെ പ്രൊജക്റ്റഡ് നാഷണല്‍ ഷെയര്‍ (PNS) അനുസരിച്ച് 26% വോട്ട് വിഹിതത്തോടെ റിഫോം യു.കെ രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി മാറി.
ഹാവറിങ് ഉള്‍പ്പെടെയുള്ള കൗണ്‍സിലുകളുടെ നിയന്ത്രണവും റിഫോം പാര്‍ട്ടി പിടിച്ചെടുത്തു.
ലേബര്‍ പാര്‍ട്ടിയുടെ പതിറ്റാണ്ടുകള്‍ നീണ്ട ആധിപത്യത്തിന് ഇതോടെ അന്ത്യമായെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിട്ട് ഞാന്‍ മാറിനില്‍ക്കില്ല എന്നായിരുന്നു തിരിച്ചടിയില്‍ കെയര്‍ സ്റ്റാര്‍മറിന്റെ പ്രതികരണം.
‘തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കഠിനമാണ്, വളരെ കഠിനമാണ്, അതില്‍ മൂടിവെക്കാന്‍ ഒന്നുമില്ല,’ അദ്ദേഹം പറഞ്ഞു.
ഈ വിജയം ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ ചരിത്രപരമായ മാറ്റമാണെന്നായിരുന്നു റിഫോം പാര്‍ട്ടി നേതാവ് നൈജല്‍ ഫരാജ് പറഞ്ഞത്.
ദ്വികക്ഷി രാഷ്ട്രീയം മരിക്കുകയല്ല, അത് മരിച്ചു കഴിഞ്ഞു, അത് അടക്കം ചെയ്യപ്പെട്ടുവെന്ന് ഗ്രീന്‍ പാര്‍ട്ടി നേതാവ് സാക്ക് പൊളാന്‍സ്‌കിയും പ്രധാനമന്ത്രിയുടെ ഗവണ്‍മെന്റിന് അന്ത്യം കുറിക്കാനുള്ള സമയം വന്നെത്തിക്കഴിഞ്ഞുവെന്ന് യുണൈറ്റ് യൂണിയന്‍ നേതാവ് ഷാരോണ്‍ ഗ്രഹാമും പ്രതികരിച്ചു.