ഇറാനെതിരായ ആക്രമണങ്ങളിലെ യു.എസ് പങ്കാളിത്തം കൂടുതൽ അമേരിക്കക്കാരും എതിർക്കുന്നു; സർവേ
World News
ഇറാനെതിരായ ആക്രമണങ്ങളിലെ യു.എസ് പങ്കാളിത്തം കൂടുതൽ അമേരിക്കക്കാരും എതിർക്കുന്നു; സർവേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th June 2025, 9:01 am

വാഷിങ്ടൺ: ഇറാനെതിരായ യു.എസ് ആക്രമണങ്ങളെ കൂടുതൽ അമേരിക്കക്കാരും എതിർക്കുന്നുവെന്ന് വാഷിങ്ടൺ പോസ്റ്റിന്റെ സർവേ റിപ്പോർട്ട്. ജൂൺ 13ന് ആരംഭിച്ച ഇസ്രഈൽ – ഇറാൻ സംഘർഷത്തിൽ ഇറാനെതിരായ വ്യോമാക്രമണങ്ങളിൽ യു.എസ് പങ്കാളിയാകുന്നതിനെക്കുറിച്ച് 1,008 മുതിർന്ന യു.എസ് പൗരന്മാരോട് ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു.

സർവേയിൽ പങ്കെടുത്തവരിൽ 45 ശതമാനം പേരും യു.എസ് ഇസ്രഈലിനെ പിന്തുണക്കുന്നതിൽ താത്പര്യം ഇല്ലെന്ന് പറയുകയും 25 ശതമാനം പേർ പിന്തുണ നൽകുന്നുവെന്ന് പറയുകയും ചെയ്തു. ബാക്കിയുള്ള 30 ശതമാനം പേർ പിന്തുണ നൽകാനോ വേണ്ടയോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും വ്യക്തമാക്കി.

സർവേയിൽ ഡെമോക്രാറ്റുകളിൽ മൂന്നിൽ രണ്ട് ഭാഗവും യു.എസ് സൈനിക നടപടിയെ എതിർക്കുമ്പോൾ, റിപ്പബ്ലിക്കൻമാരിൽ 24 ശതമാനം പേർ മാത്രമാണ് സൈനിക നടപടികളെ എതിർക്കുന്നത്.

അതേസമയം രണ്ട് പാർട്ടികളെയും പിന്തുണക്കുന്നില്ലെന്ന് പറഞ്ഞ 44 ശതമാനം പേരും ഇറാനെതിരായ യു.എസ് സൈനിക നടപടിയെ എതിർക്കുകയും ചെയ്തു.

യു.എസ് സൈന്യവുമായി ബന്ധമുള്ള കുടുംബങ്ങൾ ഇസ്രഈലിനെ യു.എസ് സഹായിക്കുന്നത് പിന്തുണക്കുന്നുവെന്ന് സർവേയിൽ കണ്ടെത്തി. ഇറാന്റെ ആണവ ആയുധ നിർമാണം യു.എസിന് ഗുരുതരമായ ഭീഷണിയാണെന്ന് സർവേയിൽ പങ്കെടുത്ത 48 ശതമാനം പേരും വിശ്വസിക്കുന്നു. 23 ശതമാനം പേർ ഇത് ചെറിയ ഭീഷണിയാണെന്ന് അഭിപ്രായപ്പെട്ടു.

അതേസമയം സർവേയിൽ പങ്കെടുത്ത ഏഴ് ശതമാനം പേർ മാത്രമാണ് ഇറാന്റെ ആണവായുധ നിർമാണം അമേരിക്കക്ക് ഭീഷണിയാവില്ലെന്ന് വിശ്വസിക്കുന്നത്. സർവേയിൽ പങ്കെടുത്ത 82 ശതമാനം പേരും, സംഘർഷത്തിൽ അമേരിക്കയുടെ ഇടപെടലിൽ തങ്ങൾക്ക് ആശങ്ക ഉണ്ടെന്ന് പറഞ്ഞു. അതിൽ തന്നെ 39 ശതമാനം പേർ വളരെ ആശങ്കാകുലരാണ്.

ഇറാനിലെ ഫോർദോ ആണവ നിലയത്തിൽ 30,000 പൗണ്ട് ഭാരമുള്ള ഒരു ‘ബങ്കർ-ബസ്റ്റർ’ ബോംബ് വർഷിക്കാനുള്ള സാധ്യതയെക്കുറിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിലയിരുത്തുന്നതിനിടെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്.

തങ്ങളുടെ ആണവ ഗവേഷണവും സമ്പുഷ്ടീകരണവും സിവിലിയൻ ആവശ്യങ്ങൾക്കും ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും മാത്രമാണെന്ന് ഇറാൻ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും കഴിഞ്ഞ ഏഴ് ദിവസമായി ഇസ്രഈലും ഇറാനും തമ്മിലുള്ള ആക്രമണങ്ങള്‍ തുടരുകയാണ്.

ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാനിലെ 639 പേര്‍ കൊല്ലപ്പെടുകയും 1320 ഓളം പേര്‍ക്ക് പരിക്കേറ്റതായും വാഷിങ്ടണ്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന അറിയിച്ചിരുന്നു. എന്നാല്‍ ഇറാന്റെ ആരോഗ്യ മന്ത്രാലയത്തിലെ അവസാന അപ്ഡേറ്റ് 224 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു. ഇസ്രഈലില്‍ 24 പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.

Content Highlight: Far more Americans oppose US strikes on Iran than support them: Poll