Indian Cinema
മമ്മൂട്ടി കാതല്‍ ചെയ്യുന്നതുപോലെ നല്ല സിനിമ ചെയ്യൂ, പകുതി പ്രായം പോലുമില്ലാത്ത നായികമാരെ ഒഴിവാക്കൂ, രവി തേജയോട് അഭ്യര്‍ത്ഥിച്ച് ആരാധകന്‍
തെലുങ്കില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് രവി തേജ. താരകുടുംബങ്ങളിലുള്ളവര്‍ മാത്രം മുന്‍നിരയിലെത്തുന്ന തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ തന്റെ കഠിനാധ്വാനം കൊണ്ട് വളരെ വേഗത്തില്‍ രവി തേജ ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയിരുന്നു. എന്നാല്‍ താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയാണ്.

ഇതിന് പിന്നാലെ കരിയറില്‍ സ്വയം തിരുത്തി മുന്നോട്ടു പോകാന്‍ രവിതേജയോട് അഭ്യര്‍ത്ഥിക്കുന്ന ആരാധകന്റെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ട്രെന്‍ഡ് രവി തേജ എന്ന പേജാണ് പോസ്റ്റ് പങ്കുവെച്ചത്. അത്യധികം ദേഷ്യത്തിലും വേദനയിലുമാണ് താന്‍ ഈ കുറിപ്പെഴുതുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.
ഒരുപാട് ആരാധകരുടെ പ്രതിനിധിയായിക്കൊണ്ട് സ്‌നേഹത്തിന്റെ പുറത്താണ് താന്‍ ഈ കത്തെഴുന്നതെന്നും ആരാധകന്‍ കുറിച്ചു. ന്യൂട്രലായിട്ടുള്ള സിനിമാപ്രേമികള്‍ക്ക് താങ്കളുടെ സിനിമകളോടുള്ള പ്രതീക്ഷ നഷ്ടമായെന്നും എന്നാല്‍ ആരാധകര്‍ക്ക് ഇപ്പോഴും താങ്കളില്‍ ചെറിയ പ്രതീക്ഷയുണ്ടെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. ഇത് വായിച്ച ശേഷം സ്വന്തം തെറ്റുകള്‍ മനസിലാക്കി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ആരാധകന്‍ പറയുന്നു.

‘താങ്കളുടെ എക്‌സ്പീരിയന്‍സിന്റെ പകുതി മാത്രമാണ് എന്റെ പ്രായം. എന്നാല്‍ കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന ഇഷ്ടതാരം ഇങ്ങനെ വലിയൊരു തകര്‍ച്ച നേരിടുന്നത് കാണാന്‍ ശക്തിയില്ല. വിന്റേജ് രവി തേജയെ എല്ലാ സിനിമകളിലും ആവര്‍ത്തിക്കുന്നതിന് പകരം സ്വയം സ്ഫുടം ചെയ്‌തെടുത്ത പുതിയ രവി തേജയെ കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനായി ചില നിര്‍ദേശങ്ങള്‍ ചുവടെ കുറിക്കുന്നു’ പോസ്റ്റില്‍ കുറിച്ചു.
നല്ല സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനും സ്‌ക്രിപ്റ്റുകള്‍ നല്ലവണ്ണം വായിച്ച് പുതിയതായി എന്തെങ്കിലുമുണ്ടെങ്കില്‍ മാത്രം ചെയ്യാനും ആരാധകന്‍ ആവശ്യപ്പെടുന്നുണ്ട്. ഈഗിള്‍ ടൈഗര്‍ നാഗേശ്വര്‍ റാവു, മാസ് ജാതര പോലുള്ള ഔട്ട്‌ഡേറ്റഡായിട്ടുള്ള സ്‌ക്രിപ്റ്റുകള്‍ ഒഴിവാക്കാനും സ്വന്തം പ്രായത്തിനനുസരിച്ചുള്ള കഥകള്‍ തെരഞ്ഞെടുക്കാനും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

മലയാളത്തില്‍ സൂപ്പര്‍താരമായി നില്ക്കുന്ന മമ്മൂട്ടി ഈ പ്രായത്തില്‍ കാതല്‍ പോലുള്ള സിനിമകളും അരവിന്ദ് സ്വാമി മെയ്യഴകന്‍ പോലുള്ള സിനിമകളാണ് ചെയ്യുന്നതെന്നും രവി തേജയെ ഓര്‍മപ്പെടുത്തി. അത്തരത്തില്‍ തന്നിലെ നടന് വെല്ലുവിളിയാകുന്ന കഥകള്‍ തെരഞ്ഞെടുക്കണമെന്നും രവി തേജയോട് ആവശ്യപ്പെട്ടു. പുതിയ സംവിധായകര്‍ക്ക് അവസരം നല്കുമ്പോള്‍ കഥയും കൂടെ നല്ലതാണോ എന്ന് നോക്കണമെന്നും ആരാധകന്‍ പറയുന്നു.
നായികമാരെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ മറ്റ് ഇന്‍ഡസ്ട്രികള്‍ തെലുങ്ക് സിനിമയെ മൊത്തമായി ട്രോളുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ട്രോളുകള്‍ രവി തേജക്കാണെന്നും ആരാധകന്‍ ഓര്‍മപ്പെടുത്തി. തന്റെ പകുതി പ്രായം പോലുമില്ലാത്ത നായികമാരുമായി ഡാന്‍സ് ചെയ്യുന്നത് ഇനിയെങ്കിലും ഒഴിവാക്കണമെന്നും പോസ്റ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ഒരു സീനിയര്‍ നടനും ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ സാധ്യതയില്ലെന്നാണ് ഭൂരിഭാഗം കമന്റുകളും.

രവി തേജയുടെ ഏറ്റവും പുതിയ ചിത്രമായ മാസ് ജാതര ബോക്‌സ് ഓഫീസില്‍ ദുരന്തമായിരിക്കുകയാണ്. വന്‍ ബജറ്റിലെത്തിയ ചിത്രം ഇതുവരെ വെറും 30 കോടി മാത്രമാണ് നേടിയത്. തന്റെ പകുതി പ്രായം പോലുമില്ലാത്ത ശ്രീലീല, ഭാഗ്യശ്രീ ബോര്‍സെ, അനു ഇമ്മാനുവല്‍ എന്നിവര്‍ക്കൊപ്പം റൊമാന്റിക് രംഗങ്ങള്‍ ചെയ്യുന്ന രവി തേജ ട്രോളന്മാരുടെ വിമര്‍ശനത്തിന് ഇരയാകാറുണ്ട്.
Content Highlight: Fans wrote request letter to Ravi Teja after continuous flops