ബിഗ് ബോസ് മത്സരാര്‍ത്ഥികളായ ആദിലയെയും നൂറയെയും കഫിയ അണിയിച്ച് സ്വീകരിച്ച് ആരാധകര്‍
Malayalam Cinema
ബിഗ് ബോസ് മത്സരാര്‍ത്ഥികളായ ആദിലയെയും നൂറയെയും കഫിയ അണിയിച്ച് സ്വീകരിച്ച് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th November 2025, 1:49 pm

ബിഗ് ബോസ് മത്സരാര്‍ത്ഥികളായ ആദിലയെയും നൂറയെയും കഫിയ അണിയിച്ച് സ്വീകരിച്ച് ആരാധകര്‍. ഞായറാഴ്ചയായിരുന്നു ബിഗ്‌ബോസ് സീസണ്‍ ഏഴിന്റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. ഗ്രാന്‍ഡ് ഫിനാലെ കഴിഞ്ഞ് ഇന്നലെ കൊച്ചിയിലേക്ക് മടങ്ങിയെത്തിയ ലെസ്ബിയന്‍ കപ്പിള്‍സായ ആദിലയെയും നൂറയെയും ആരാധകര്‍ കഫിയ അണിയിച്ച് സ്വീകരിക്കുകയായിരുന്നു.

ഈ സീസണില്‍ ടിക്കറ്റ് ടു ഫിനാലയില്‍ എത്തിയെങ്കിലും ആറാം സ്ഥാനത്തേക്കായി നൂറ പുറത്താകുകയായിരുന്നു. മൂന്ന് ദിവസം ബാക്കി നില്‍ക്കെ ഫൈനല്‍7ല്‍ നിന്നും ആദിലയും എവിക്ടായി. ഏഴാം സീസണിലെ വിജയി ആയി തെരഞ്ഞെടുക്കപ്പെട്ടത് അനുമോളാണ്.

ലെസ്ബിയന്‍ കപ്പിള്‍സിനെ ബിഗ് ബോസ് മത്സരാര്‍ത്ഥിയായ ലക്ഷ്മി അധിക്ഷേപിച്ച് സംസാരിച്ചത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ആദിലെയെയും നൂറയെയും പിന്തുണച്ച് മോഹന്‍ലാല്‍ സംസാരിച്ചതിന് മോഹന്‍ലാലിന് നേരെയും സമൂഹമാധ്യമങ്ങളില്‍ സൈബര്‍ അറ്റാക്കുണ്ടായി. വീട്ടില്‍ കയറ്റാന്‍ കൊള്ളില്ല എന്ന ലക്ഷ്മിയുടെ വാക്കുകളെ എതിര്‍ത്ത് താന്‍ അവരെ എന്റെ വീട്ടിലേക്ക് ക്ഷണിക്കുമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

ഓഗസ്റ്റ് 3ന് ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 7 ആരംഭിച്ചത്. ഏഴിന്റെ പണി എന്ന ടാഗ് ലൈനുമായെത്തിയ സീസണില്‍ വൈല്‍ഡ് കാര്‍ഡുകള്‍ അടക്കം 25 മത്സരാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്.

Content  highlight: Fans welcome Bigg Boss contestants Adila and Noora wearing keffiyeh