'കെ.എല്‍ രാഹുലിനെയല്ല, വിരാട് കോഹ്‌ലിയെ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ നായകനാക്കണം'
Sports News
'കെ.എല്‍ രാഹുലിനെയല്ല, വിരാട് കോഹ്‌ലിയെ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ നായകനാക്കണം'
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th December 2022, 7:59 am

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ടി-20 പരമ്പര ഡിസംബര്‍ 14ന് ആരംഭിക്കും. രണ്ട് മത്സരങ്ങളാണ് ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലുള്ളത്. നേരത്തെ നടന്ന ഏകദിന പരമ്പര ബംഗ്ലാദേശിന് മുമ്പില്‍ അടിയറ വെച്ചതിനാല്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര ജയിച്ചേ മതിയാകൂ.

എന്നാല്‍ ടെസ്റ്റിന് മുമ്പ് തന്നെ ഇന്ത്യക്ക് വലിയൊരു തിരിച്ചടിയും നേരിട്ടിരിക്കുകയാണ്. മൂന്നാം ഏകദിനത്തിനിടെ പരിക്കേറ്റ നായകന്‍ രോഹിത് ശര്‍മക്ക് ടീമിനൊപ്പം ചേരാന്‍ സാധിക്കില്ല. ഇതിന് പിന്നാലെ ഇന്ത്യ കെ.എല്‍. രാഹുലിനെ ടെസ്റ്റ് ടീമിന്റെ നായകനാക്കിയിരിക്കുകയാണ്.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ രാഹുലായിരുന്നു ഇന്ത്യയെ മൂന്നാം ഏകദിനത്തില്‍ നയിച്ചത്. മത്സരത്തില്‍ ഇഷാന്‍ കിഷന്‍ ഇരട്ട സെഞ്ച്വറിയും വിരാട് കോഹ്‌ലി സെഞ്ച്വറിയും നേടിയിരുന്നു. വമ്പന്‍ മാര്‍ജിനിലാണ് ഇന്ത്യ ഡെഡ് റബ്ബര്‍ മാച്ചില്‍ വിജയിച്ചത്.

ഇതിന് പിന്നാലെയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രാഹുലിനെ ടെസ്റ്റ് ടീമിന്റെ നായകനാക്കി ബി.സി.സി.ഐ ആദ്യ ടെസ്റ്റിന് കോപ്പുകൂട്ടുന്നത്.

എന്നാല്‍ ബി.സി.സി.ഐയുടെ ഈ തീരുമാനത്തില്‍ ആരാധകര്‍ അത്രകണ്ട് തൃപ്തരല്ല. എന്തിനാണ് രാഹുലിനെ നായകനാക്കിയതെന്നും പകരം ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ടെസ്റ്റ് ക്യാപ്റ്റനായ വിരാട് കോഹ്‌ലിയെ ഇന്ത്യ നായകനാക്കണമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.

നേരത്തെ ക്രിക്കറ്റ് ബോര്‍ഡ് വിരാടിനോട് ചെയ്തതിന് ഇങ്ങനെയെങ്കിലും പ്രായശ്ചിത്തം ചെയ്യണമെന്നും ആരാധകര്‍ പറയുന്നു.

ഡിസംബര്‍ 14നാണ് ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നടന്ന ZAC സ്‌റ്റേഡിയം തന്നെയാണ് വേദി.

ചേതേശ്വര്‍ പൂജാരയടക്കമുള്ള പരിചയ സമ്പന്നരായ സീനിയര്‍ താരങ്ങളും അഭിമന്യു നവ്ദീപ് സെയ്‌നി, കെ.എസ്. ഭരത് തുടങ്ങിയ യുവതാരങ്ങളെയും ഉള്‍ക്കൊള്ളിച്ചാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്.

അപ്‌ഡേറ്റഡ് സ്‌ക്വാഡ് ഫോര്‍ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് സീരീസ്

കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, അഭിമന്യു ഈശ്വരന്‍, നവ്ദീപ് സെയ്‌നി, സൗരഭ് കുമാര്‍, ജയ്‌ദേവ് ഉനദ്കട്‌.

Content Highlight: Fans slams BCCI for selecting KL Rahul as test captain for India vs Bangladesh test series