മലയാളസിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. അറിയിപ്പിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വന്‍ ഹൈപ്പാണ് ആരാധകര്‍ക്കിടയില്‍. ഒരുവര്‍ഷത്തോളമായി നീണ്ടുനിന്ന ഷൂട്ട് അടുത്തിടെയാണ് അവസാനിച്ചത്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഒരുവിഭാഗം ആളുകള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഹൈപ്പ് വാനോളമുയര്‍ത്താന്‍ കഴിയുന്ന ഒരു ഐറ്റമുണ്ടെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. ട്രെയ്‌ലറും ടീസറും റിലീസ് ചെയ്യുന്നതിനൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും ഒത്തുള്ള ഒരു അഭിമുഖം കൂടി പുറത്തിറക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
മലയാളികള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന രണ്ടുപേര്‍ ഒന്നിച്ച് എത്തുന്ന ഇന്റര്‍വ്യൂ വേറെ ലെവലാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. എല്ലാ അഭിമുഖങ്ങളിലും ഫണ്ണിയായി പെരുമാറുന്ന മോഹന്‍ലാലും എല്ലാ ചോദ്യങ്ങളെയും ഗംഭീരമായി നേരിടുന്ന മമ്മൂട്ടിയും ഒന്നിച്ചെത്തുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമെന്ന് ഉറപ്പാണ്.
നിര്‍മിച്ച സിനിമകള്‍ക്കൊന്നും വലിയ പ്രൊമോഷന്‍ നല്‍കാത്ത ആന്റോ ജോസഫാണ് ഈ ചിത്രത്തിന്റെ നിര്‍മാതാവെന്നത് പലരെയും നിരാശരാക്കുന്നുണ്ട്. പാന്‍ ഇന്ത്യന്‍ ചിത്രമായൊരുങ്ങുന്ന പേട്രിയറ്റിന്റെ ഹൈപ്പ് ഉയര്‍ത്താന്‍ ഈയൊരു അഭിമുഖം സംഘടിപ്പിക്കണമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഇരുവരും പ്രൊമോഷന് വേണ്ടിയിറങ്ങിയാല്‍ സിനിമയുടെ ഹൈപ്പ് കുത്തനെ ഉയരുമെന്നും അഭിപ്രായമുയരുന്നുണ്ട്.
മാസ് സിനിമകളൊന്നും ഇതുവരെ ചെയ്തിട്ടില്ലാത്ത മഹേഷ് നാരായണന്‍ ഇന്‍ഡസ്ട്രിയിലെ രണ്ട് സൂപ്പര്‍താരങ്ങളെ അണിനിരത്തി സിനിമ ചെയ്യുന്നതില്‍ ചിലര്‍ക്ക് ടെന്‍ഷനുണ്ട്. എന്നാല്‍ തന്റേതായ രീതിയിലുള്ള മാസ് എലമെന്റുകള്‍ പേട്രിയറ്റിലുണ്ടെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എലമെന്റുകളും ചിത്രത്തിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിഫന്‍സ് ഉദ്യോഗസ്ഥനായ ഡാനിയല്‍ ജെയിംസായാണ് മമ്മൂട്ടി പേട്രിയറ്റില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രധാനവേഷം കൈകാര്യം ചെയ്യുന്നത് മമ്മൂട്ടിയാണ്. ചെറുതെങ്കിലും ശക്തമായ കേണല്‍ റഹീം നായിക് എന്ന കഥാപാത്രത്തെ മോഹന്‍ലാലും അവതരിപ്പിക്കുന്നുണ്ട്. ഇരുവരുമൊത്തുള്ള രംഗങ്ങള്‍ തിയേറ്ററില്‍ തീപിടിപ്പിക്കുമെന്ന് ഉറപ്പാണ്.
മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, ദര്‍ശന രാജേന്ദ്രന്‍, രാജീവ് മേനോന്‍, രേവതി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കൊച്ചി, ശ്രീലങ്ക, ന്യൂദല്‍ഹി, ഹൈദരബാദ് എന്നിവിടങ്ങളിലായാണ് ചിത്രം പുരോഗമിച്ചത്. ഏപ്രില്‍ 23ന് പേട്രിയറ്റ് തിയേറ്ററുകളിലെത്തും.
Content Highlight: Fans saying Patriot team must release an interview featuring Mammootty and Mohanlal