സിനിമയെ വെല്ലുന്ന സംഭവവികാസങ്ങളാണ് ക്രിക്കറ്റ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. ക്രിക്കറ്റില്‍ തുടര്‍ച്ചയായി നേരിട്ട തിരിച്ചടികള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്വന്തം തോളിലേറ്റി സെമിഫൈനലിലേക്ക് നയിച്ച മലയാളി താരം സഞ്ജു.വി.സാംസണ്‍ കായിക ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നാണ് കഴിഞ്ഞ ദിവസം കാഴ്ചവെച്ചത്.
തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുമായിരുന്ന നിര്‍ണായക മത്സരത്തില്‍ സെഞ്ച്വറിയെക്കാള്‍ തിളക്കമുള്ള 97 നോട്ട്ഔട്ട് നേടിക്കൊണ്ടാണ് സഞ്ജു നാല് പന്തുകള്‍ ബാക്കി നില്‍ക്കെ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 195 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ഇതിന് പിന്നാലെ വലിയ പ്രശംസയാണ് താരത്തിന് രാജ്യത്തെ കായികപ്രേമികളില്‍ നിന്നും ലഭിക്കുന്നത്.
ഇന്ത്യയുടെ വിജയത്തിന് പിന്നാലെ പിച്ചില്‍ മുട്ട് കുത്തിയിരുന്ന് ദൈവത്തോട് നന്ദി പറയുന്ന താരത്തിന്റെ ഹീറോയിക് പരിവേഷമുള്ള വീഡിയോയെ മലയാളത്തിന്റെ സ്വന്തം സൂപ്പര്‍താരം മോഹന്‍ലാലുമായി ഉപമിച്ചാണ് പല പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നത്. ഇതിന് മുമ്പ് സഞ്ജു നല്‍കിയ പല അഭിമുഖത്തിലും മോഹന്‍ലാലിനെ പരാമര്‍ശിച്ച് കൊണ്ടുള്ള പ്രസ്താവനകള്‍ നടത്തിയതുമായി ബന്ധപ്പെടുത്തിയാണ് സിനിമാ പ്രേക്ഷകരും സഞ്ജുവിന്റെ വിജയം ആഘോഷിക്കുന്നത്.
ഇതില്‍ പ്രധാനപ്പെട്ടത് കഴിഞ്ഞ വര്‍ഷം പാകിസ്ഥാനിലും ദുബായിലുമായി നടന്ന ഏഷ്യാകപ്പിനിടെ പത്രസമ്മേളനത്തില്‍ സഞ്ജു പറഞ്ഞ വാക്കുകളാണ്. സ്‌ക്വാഡില്‍ ഏത് പൊസിഷനിലാണ് കളിക്കാന്‍ ഇഷ്ടമെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുമ്പോള്‍ മോഹന്‍ലാലിനെ പരാമര്‍ശിച്ചത് വലിയ രീതിയില്‍ വൈറലായിരുന്നു.
അടുത്തിടെ ദാദ സാഹബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച മോഹന്‍ലാലിനെ പോലെ പല റോളുകളും നമുക്ക് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞ സഞ്ജു ചില സമയത്ത് ജോക്കറായും, വില്ലനായും നായകനായും നമുക്ക് ടീമില്‍ നില്‍ക്കേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. എന്താണ് വരാന്‍ പോകുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാമെന്ന് പറഞ്ഞ് വാക്കുകള്‍ അവസാനിപ്പിച്ച സഞ്ജു, തന്നെ വിശേഷിപ്പിച്ചത് സഞ്ജു മോഹന്‍ലാല്‍ സാംസണ്‍ എന്നായിരുന്നു. പിന്നീട് ലോക ഒന്നാം നമ്പര്‍ ടി20 ബൗളറായ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി സഞ്ജുവിനെ മോഹന്‍ലാല്‍ എന്ന് വിശേഷിപ്പിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
മോഹന്‍ലാലും മമ്മൂട്ടിയും താരത്തിന് പ്രശംസറിയിച്ച് എഴുതിയ കുറിപ്പ്. Photo: X.com
കഴിഞ്ഞ ദിവസം ഇന്ത്യയുടെ നായകനായി പ്രകടനം കാഴ്ച്ചവെച്ചതോടെ ആശ്ചര്യപ്പെടുത്തുന്ന തരത്തിലാണ് രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും താരത്തിന് പ്രശംസകള്‍ ലഭിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍, മലയാള സിനിമയിലെ അതികായരായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍ തുടങ്ങി ഒട്ടനവധി പേരാണ് താരത്തിന് പ്രശംസയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ ലാലേട്ടനുള്ളത് പോലെ ക്രിക്കറ്റില്‍ സ്ലീപ്പര്‍ സെല്‍സ് ഫാന്‍സുള്ള താാരമാണ് സഞ്ജു എന്നതിന്റെ തെളിവാണിതെന്നും പലരും അഭിപ്രായപ്പെടുന്നത്.
പരാജയങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായ ഹിറ്റുകളിലൂടെ മലയാളം ബോക്‌സ് ഓഫീസിലേക്കുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയ മോഹന്‍ലാലിന്റെ പ്രകടനവുമായാണ് സഞ്ജുവിന്റെ പ്രകടനത്തെ പലരും താരതമ്യപ്പെടുത്തുന്നത്.
Content Highlight: Fans relates Sanju Samson with Mohanlal after his performance in T20 world cup
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.