ഇതെന്താ സൂര്യ ടൈംലൂപ്പില്‍ പെട്ടതോ, അതേ പ്രൊഡ്യൂസര്‍, അതേ നിസഹായാവസ്ഥ, ബന്ധുക്കളെ നിര്‍മാതാവാക്കരുതെന്ന് താരത്തോട് ആരാധകര്‍
Indian Cinema
ഇതെന്താ സൂര്യ ടൈംലൂപ്പില്‍ പെട്ടതോ, അതേ പ്രൊഡ്യൂസര്‍, അതേ നിസഹായാവസ്ഥ, ബന്ധുക്കളെ നിര്‍മാതാവാക്കരുതെന്ന് താരത്തോട് ആരാധകര്‍
അമര്‍നാഥ് എം.
Thursday, 5th March 2026, 8:45 pm

ഇന്‍ഡസ്ട്രിയിലെ ടോപ് ലെവലിലേക്ക് എത്താനുള്ള പൊട്ടന്‍ഷ്യല്‍ ഉണ്ടായിരുന്നിട്ടും സമീപകാലത്ത് ബോക്‌സ് ഓഫീസില്‍ വലിയ പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കാത്ത നടനാണ് സൂര്യ. ഓരോ പ്രൊജക്ടും അനൗണ്‍സ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഓളം റിലീസിലും അതിന് ശേഷവും നിലനിര്‍ത്താന്‍ സൂര്യക്ക് സാധിക്കാറില്ല.

ഒ.ടി.ടി റിലീസായെത്തിയ സൂരറൈ പോട്ര്, ജയ് ഭീം എന്നീ ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായം ലഭിച്ചെങ്കിലും തിയേറ്റര്‍ ഹിറ്റ് താരത്തിന് കൈയെത്തും ദൂരത്താണ്. വന്‍ ഹൈപ്പിലെത്തിയ റെട്രോ പോലും സ്‌ക്രിപ്റ്റിലെ പോരായ്മ കാരണം ശരാശരിയിലൊതുങ്ങി. എന്നാല്‍ ഇപ്പോള്‍ സൂര്യയുടെ കരിയറിലെ സാമ്യതയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.

 

താരത്തിന്റെ പുതിയ ചിത്രമായ കറുപ്പ് ഷൂട്ട് പൂര്‍ത്തിയായിട്ടും റിലീസാകാതെ ഇരിക്കുകയാണ്. 2024ല്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. ഏഴ് വര്‍ഷം മുമ്പ് ഇതുപോലെ താരത്തിന്റെ മറ്റൊരു ചിത്രം ഇത്തരത്തില്‍ റിലീസിന്റെ കാര്യത്തില്‍ പ്രതിസന്ധി നേരിട്ടിരുന്നു.

സെല്‍വരാഘവന്‍ സംവിധാനം ചെയ്ത എന്‍.ജി.കെ ഇത്തരത്തിലൊന്നായിരുന്നു. തമിഴില്‍ ഒരുപാട് ക്ലാസിക്കുകളൊരുക്കിയ സെല്‍വരാഘവനൊപ്പം സൂര്യ കൈകോര്‍ക്കുന്നതിന്റെ ആവേശം ആരാധകര്‍ക്കുണ്ടായിരുന്നു. 2018ല്‍ അനൗണ്‍സ് ചെയ്ത ചിത്രം ആ വര്‍ഷത്തെ ദീപാവലിക്ക് എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ പറഞ്ഞ സമയത്ത് ചിത്രം പുറത്തിറക്കാന്‍ സാധിച്ചിരുന്നില്ല.

2019 മെയില്‍ റിലീസായ ചിത്രം പ്രതീക്ഷക്കൊത്ത് ഉയരാതെ പോവുകയായിരുന്നു. എന്‍.ജി.കെയുടെയും കറുപ്പിന്റെയും നിര്‍മാതാവ് ഒരാള്‍ തന്നെയാണെന്നതും പലരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് രണ്ട് സിനിമകളുടെയും നിര്‍മാണം. സൂര്യയുടെ അകന്ന ബന്ധുവായ എസ്.ആര്‍. പ്രഭുവാണ് ഡ്രീം വാരിയേഴ്‌സിന്റെ ഉടമ.

രണ്ട് സിനിമകളുടെയും ഷൂട്ട് ഇടക്ക് നിന്നുപോയതും പിന്നീട് പറഞ്ഞതിനെക്കാള്‍ ബജറ്റ് ഉയര്‍ന്നതും വല്ലാത്ത സാമ്യതയായി പലരും ചൂണ്ടിക്കാണുന്നുണ്ട്. സൂര്യ ടൈംലൂപ്പില്‍ പെട്ടുപോയതാണോ എന്നും ചിലര്‍ ചോദിക്കുന്നു. അടുത്ത ബന്ധുക്കള്‍ നിര്‍മിക്കുന്ന സിനിമകള്‍ ഒഴിവാക്കിക്കൂടേയെന്നും ആരാധകര്‍ താരത്തോട് ആവശ്യപ്പെടുന്നുണ്ട്.

മൂക്കുത്തി അമ്മന് ശേഷം ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. എതര്‍ക്കും തുനിന്തവന് ശേഷം സൂര്യ വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ഏപ്രില്‍ 10നോ 26നോ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Fans pointing the similarities between Suriya’s Karuppu and NGK movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം