ചരിത്രം ആവര്‍ത്തിക്കുമോ എന്ന് ആരാധകര്‍; തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം യശ് രാജിനെ കൈ പിടിച്ച് ഉയര്‍ത്താന്‍ പത്താന്‍ വരുന്നു
Entertainment news
ചരിത്രം ആവര്‍ത്തിക്കുമോ എന്ന് ആരാധകര്‍; തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം യശ് രാജിനെ കൈ പിടിച്ച് ഉയര്‍ത്താന്‍ പത്താന്‍ വരുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th July 2022, 10:29 am

ബോളിവുഡിലെ എണ്ണം പറഞ്ഞ നിര്‍മാണ കമ്പനികളില്‍ ഒന്നാണ് യശ് രാജ് ഫിലിംസ്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ വെള്ളിത്തിരയില്‍ എത്തിച്ച യശ് രാജ് ഫിലിംസിന് പക്ഷെ അടുത്തിടെ അത്ര നല്ല കാലമല്ല. തുടരെ തുടരെ പരാജയങ്ങളില്‍ മുങ്ങി താഴുകയാണ് യശ് രാജ് നിര്‍മിച്ച ചിത്രങ്ങള്‍.

വമ്പന്‍ താരങ്ങളുടെ ചിത്രങ്ങള്‍ എന്നോ ചെറിയ താരങ്ങളുടെ ചിത്രങ്ങള്‍ എന്നോ വ്യത്യാസമില്ലാതെയാണ് ബോക്‌സോഫീസില്‍ യശ് രാജിന്റെ നിര്‍മാണത്തില്‍ പുറത്തുവരുന്ന ചിത്രങ്ങള്‍ തകര്‍ന്നടിയുന്നത്. അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജും, രണ്‍ബീര്‍ കപൂര്‍ ചിത്രം ശംശേറയും യശ് രാജ് ഏല്‍പ്പിച്ചത് വലിയ പ്രഹരമായിരുന്നു.

ഇപ്പോഴിതാ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം യശ് രാജ് ഷാരുഖ് ചിത്രം പത്താനിലൂടെയാവും തിരികെ എത്തുക എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. മുമ്പും ഇത്തരത്തില്‍ യശ് രാജ് തുടര്‍ച്ചയായി പരാജയങ്ങള്‍ രുചിച്ചപ്പോള്‍ തിരികെ എത്തിച്ചത് ഷാരുഖ് ഖാന്‍ ചിത്രമായിരുന്നു എന്നും ഷാരുഖ് ആരാധകര്‍ പറയുന്നു.

1995ല്‍ യശ് രാജിന് ഏറെ നേട്ടം നേടികൊടുത്ത ചിത്രമായിരുന്നു ഷാരുഖ് ഖാന്റെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ. ചിത്രം റെക്കോഡ് കളക്ഷനാണ് തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത്. അന്നും ഏറെ നാളുകള്‍ തുടര്‍ പരാജയങ്ങള്‍ നേരിട്ട ശേഷം എത്തിയ ഷാരുഖ് ചിത്രമായിരുന്നു യശ് രാജിനെ രക്ഷിച്ചത്.

വര്‍ഷങ്ങള്‍ക്ക് ഇപ്പുറം സമാനമായ അവസ്ഥയിലൂടെ കടന്നു പോകുന്ന നിര്‍മാണ കമ്പനിക്ക് ഏറെ നാളത്തെ ഇടവേളക്ക് ശേഷം പുറത്തുവരുന്ന ഷാരുഖ് ചിത്രം പത്താന്‍ ആശ്വാസമാകും എന്ന് കരുതപെടുന്നു.

അടുത്ത വര്‍ഷം ജനുവരി 25നാണ് പത്താന്‍ തിയേറ്ററുകളില്‍ എത്തുക. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പത്താന് ശേഷം പ്രതീക്ഷയുള്ള ചിത്രങ്ങളാണ് യശ് രാജിനുള്ളത്. സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗറിന്റെ മൂന്നാം ഭാഗമാണ് ഇതില്‍ മുന്‍പന്തിയിലുള്ളത്.

Content Highlight : Fans expecting Sharukh khan’s Pathaan will be the life saver to the well known production company yash raj films