ബാറ്റിങ് തീയാണെങ്കില്‍ കീപ്പിങ് കാട്ടുതീ... കിവീസിനെ പൊളിച്ചടക്കാന്‍ സഞ്ജു
Cricket
ബാറ്റിങ് തീയാണെങ്കില്‍ കീപ്പിങ് കാട്ടുതീ... കിവീസിനെ പൊളിച്ചടക്കാന്‍ സഞ്ജു
ശ്രീരാഗ് പാറക്കല്‍
Friday, 23rd January 2026, 3:02 pm

ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് (ജനുവരി 23) നടക്കും. ന്യൂ ജെയ്പൂരില്‍ നടക്കുന്ന മത്സരത്തിലും ഇന്ത്യ ആധിപത്യം ഉറപ്പിക്കുമെന്നാണ് ഏവരും വിശ്വസിക്കുന്നത്. മത്സരത്തില്‍ മലയാളികള്‍ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കളത്തിലിറങ്ങുന്നതിനാണ്.

കിവീസിനെതിരായ ആദ്യ മത്സരത്തില്‍ 10 റണ്‍സിന് പുറത്തായെങ്കിലും തകര്‍പ്പന്‍ കീപ്പര്‍ ക്യാച്ചിലൂടെ സഞ്ജു ക്രിക്കറ്റ് ആരാധകരുടെ മനസ് കീഴടക്കിയിരുന്നു. ആദ്യ മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനെത്തിയ കിവീസിനായി ക്രീസിലെത്തിയ ഡെവോണ്‍ കോണ്‍വേയെ രണ്ടാം പന്തില്‍ കയ്യിലാക്കുകയായിരുന്നു സഞ്ജു.

എഡ്ജായി തേഡ്മാനിലേക്ക് നീങ്ങിയ പന്ത് സഞ്ജു പറന്ന് പിടിക്കുകയായിരുന്നു. അര്‍ഷ്ദീപിനായിരുന്നു വിക്കറ്റ്. ഇതുപോലെ എണ്ണം പറഞ്ഞ ഒട്ടനവധി ക്യാച്ചുകള്‍ ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു നേടിയിട്ടുണ്ട്. മാത്രമല്ല സ്റ്റംപ്‌സിന് പുറകില്‍ സഞ്ജുവുണ്ടെങ്കി പേടിക്കേണ്ട ആവശ്യമേ ഇല്ല. ബാറ്റിങ്ങില്‍ എന്ന പോലെ കീപ്പിങ്ങിലും സഞ്ജു തീയാണ്…

ടി-20യില്‍ 35 ഇന്നിങ്‌സുകളില്‍ കീപ്പ് ചെയ്ത സഞ്ജു 25 ക്യാച്ചുകളാണ് നേടിയത്. മാത്രമല്ല ഏഴ് കിടിലന്‍ സ്റ്റംപ്ഡ് വിക്കറ്റും സഞ്ജുവിനുണ്ട്. വെടിക്കെട്ട് ബാറ്റിങ്ങിനും ഉഗ്രന്‍ കീപ്പിങ്ങിനും പേര് കേട്ട സഞ്ജു ഇന്ന് നടക്കുന്ന മത്സരത്തില്‍ മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സൂപ്പര്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം മികച്ച തുടക്കം ലഭിച്ചാല്‍ സഞ്ജു കത്തിക്കേറുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

നിലവില്‍ 45 ഇന്നിങ്‌സില്‍ നിന്ന് 1042 റണ്‍സാണ് താരം കുട്ടി ക്രിക്കറ്റില്‍ നിന്ന് സ്വന്തമാക്കിയത്. 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 25.4 ഈവറേജും 148 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. ഫോര്‍മാറ്റില്‍ മൂന്ന് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും സഞ്ജുവിനുണ്ട്. നിലവില്‍ 84 ഫോറും 58 സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നിട്ടുണ്ട്.

Content Highlight: Fans expect Sanju Samson to perform well in the second T20I against New Zealand

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ