മണിക്കൂറുകള്‍ക്ക് മുമ്പ് പൃഥ്വിരാജിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ തന്റെ പുതിയ ചിത്രം അനൗണ്‍സ് ചെയ്ത വാര്‍ത്തയറിഞ്ഞ സന്തോഷത്തിലാണ് മലയാളത്തിലെ സിനിമാ പ്രേമികള്‍ ഇപ്പോഴുള്ളത്. റെഡ് റെയ്ന്‍, ഭൂതകാലം, ഭ്രമയുഗം, കളങ്കാവല്‍ എന്നീ ചത്രങ്ങള്‍ക്ക് ശേഷം ഒടിയന്‍ എന്ന ചിത്രവുമായാണ് രാഹുല്‍ സദാശിവന്‍ അടുത്തതായി പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തുന്നത്.
കേരളത്തിലെ നാടോടിക്കഥകളില്‍ പ്രസിദ്ധമായ ഒടിയനെ ആസ്പദമാക്കി രാഹുല്‍ സദാശിവന്‍ ഒരു ചിത്രമിറക്കുമ്പോള്‍ അത് എപ്രകാരമായിരിക്കും എന്നറിയാനുള്ള ആകാംക്ഷ ഒരോ സിനിമാ പ്രേക്ഷകനുമുണ്ട്. ഇതിലുപരി മലയാള സിനിമയില്‍ വരുന്ന മൂന്നാമത്തെ ഒടിയന്‍ കഥാപാത്രത്തെ കാണാനുള്ള എക്‌സൈറ്റ്‌മെന്റാണ് പലരും പ്രകടിപ്പിക്കുന്നത്.
ഒടിയന്‍. Photo: X.com
മലയാള സിനിമയിലെ ആദ്യത്തെ ഒടിയന്‍ പ്രത്യക്ഷപ്പെടുന്നത് 2018 ലാണ്. മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വലിയ പരാജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത്. വമ്പന്‍ ഹൈപ്പിലായിരുന്നു ചിത്രമെത്തിയതെങ്കിലും റിലീസിന് ശേഷം ചിത്രം ട്രോള്‍ മെറ്റീരിയലായി മാറുകയായിരുന്നു. ചിത്രത്തിന് വേണ്ടി മീശ വടിച്ച താരത്തിന്റെ ലുക്കിന് വലിയ ട്രോളുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
എന്നാല്‍ ചിത്രം ഇഷ്ടമായെന്ന തരത്തിലും പ്രേക്ഷകരില്‍ നിന്നും അഭിപ്രായമുയര്‍ന്നിരുന്നു. നാടോടിക്കഥകളോട് നീതി പുലര്‍ത്തി ഡ്രാമയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിക്കൊണ്ടായിരുന്നു ചിത്രം ഒരുക്കിയതെന്നും പ്രതികരണമുണ്ടായിരുന്നു. മലയാളത്തില്‍ മറ്റൊരു ഒടിയന്‍ പ്രത്യക്ഷപ്പെട്ടത് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് വന്‍ വിജയമായി മാറിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയിലായിരുന്നു. ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ച ചാര്‍ളി എന്ന കഥാപാത്രം ഒടിയനെ ആസ്പദമാക്കിയായിരുന്നു സംവിധായകന്‍ സൃഷ്ടിച്ചത്. ചിത്രത്തില്‍ കുറഞ്ഞ ഭാഗത്ത് മാത്രമാണ് കഥാപാത്രം പ്രത്യക്ഷപ്പെടുന്നതെങ്കിലും വലിയ കൈയടിയാണ് ചാര്‍ളിയ്ക്ക് ലഭിച്ചത്.
ഒടിയനെ സ്റ്റൈലിഷായി അവതരിപ്പിച്ച് ആക്ഷന് പ്രാധാന്യം നല്‍കി ലോകഃ ഫ്രാഞ്ചൈസിയില്‍ നിന്നുമുള്ള ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തതായി ചാത്തനെ കേന്ദകഥാപാത്രമാക്കിയിട്ടുള്ള ചിത്രമാണ് ലോകഃ ടീം അണിയറയില്‍ ഒരുക്കുന്നത്. അതിനാല്‍ തന്നെ ദുല്‍ഖറിന്റെ ഒടിയനെ കാണാനായി പ്രേക്ഷകര്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ആരാധകര്‍ കരുതുന്നത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.