13 വര്‍ഷത്തെ ഹിറ്റില്ലായ്മക്ക് അവസാനം കുറിച്ചുകൊണ്ട് സൂര്യ തിരിച്ചുവരവറിയിച്ച വര്‍ഷമാണ് 2026. ഇനി പഴയ ഫോമിലേക്ക് തിരിച്ചെത്തില്ലെന്ന് പറഞ്ഞവരുടെ വായടപ്പിച്ചുകൊണ്ട് കറുപ്പിലൂടെ സൂര്യ കംബാക്ക് നടത്തി. ഒട്ടും പ്രതീക്ഷയില്ലാതിരുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 350 കോടിക്കടുത്താണ് സ്വന്തമാക്കിയിരുന്നത്.

പിന്നാലെയെത്തിയ വിശ്വനാഥ് ആന്‍ഡ് സണ്‍സ് മിക്‌സഡ് റിവ്യൂ വെച്ചുകൊണ്ട് 200 കോടിക്ക് മുകളില്‍ സ്വന്തമാക്കിയതോടെ സൂര്യ വീണ്ടും ബോക്‌സ് ഓഫീസിലെ തന്റെ സ്ഥാനം വീണ്ടെടുത്തു. തുടര്‍ച്ചയായ രണ്ട് ഹിറ്റുകള്‍ക്ക് ശേഷം സൂര്യയുടേതായി പുറത്തിറങ്ങാനുള്ള ചിത്രമാണ് സീന്‍. മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ അണിയിച്ചൊരുക്കുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയിലാണ്.

നീണ്ട ഇടവേളക്ക് ശേഷം സൂര്യ പൊലീസ് കുപ്പായത്തിലെത്തുന്നു എന്ന പ്രത്യേകതയും സീനിനുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിന് വന്‍ വരവേല്പാണ് ആരാധകര്‍ക്കിടയില്‍ ലഭിച്ചത്. എന്നാല്‍ റിലീസിന് വെറും 19 ദിവസം ബാക്കി നില്‌ക്കെ കാര്യമായിട്ടുള്ള അപ്‌ഡേറ്റുകളൊന്നും അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാക്കാത്തത് ആരാധകരില്‍ നിരാശയുണ്ടാക്കുന്നുണ്ട്.

രജിനിയുടെ ജയിലര്‍ 2ന്റെ റിലീസ് കാരണം അപ്‌ഡേറ്റുകള്‍ നിര്‍ത്തിവെച്ചതായിരുന്നുവെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ജയിലര്‍ 2 റിലീസായതിന് ശേഷവും അപ്‌ഡേറ്റുകളൊന്നും സീനിന്റെ നിര്‍മാതാക്കളില്‍ നിന്ന് വരുന്നില്ല. വന്‍ ബജറ്റില്‍ ഫെസ്റ്റിവല്‍ റിലീസായെത്തുന്ന ഒരു സിനിമക്ക് ഇങ്ങനെയൊരു ഗതികേട് വന്നത് കടുത്ത ആരാധകരെപ്പോലും നിരാശരാക്കുന്നുണ്ട്. ടീസറിന് ശേഷം വന്ന ആദ്യ സിംഗിളിന് പോലും തണുപ്പന്‍ പ്രതികരണമായിരുന്നു.

15 വര്‍ഷത്തിന് ശേഷമാണ് സൂര്യയുടെ ഒരു ചിത്രം ദീപാവലി റിലീസായി എത്തുന്നത്. 2011 ദീപാവലിക്കെത്തിയ ഏഴാം അറിവ് ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ദീപാവലി റിലീസുമായി സൂര്യ എത്തുമ്പോള്‍ അത് വേണ്ടത്ര ആഘോഷമാക്കാന്‍ കഴിയാത്തതാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച.

പുറത്തുവന്ന അപ്‌ഡേറ്റുകളിലൊന്നും കഥയെക്കുറിച്ച് ഒരു സൂചനയും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിട്ടില്ല. ഇന്‍ബരാജ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി സൂര്യ വേഷമിടുമ്പോള്‍ നായികയായ മായയായി വേഷമിടുന്നത് നസ്രിയയാണ്. മലയാളി താരം നസ്‌ലെനാണ് ചിത്രത്തിലെ വില്ലന്‍. ഈശ്വരന്‍ എന്നാണ് നസ്‌ലെന്റെ കഥാപാത്രത്തിന്റെ പേര്.

ക്യാമറക്ക് മുന്നിലും പിന്നിലും മലയാളികളുടെ നീണ്ട നിര തന്നെ സീനിലുണ്ട്. സുഷിന്‍ ശ്യാം സംഗീതവും ഉണ്ണി പാലോട് ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സൂര്യയുടെ ഉടമസ്ഥതയിലുള്ള ഴഗരം സ്റ്റുഡിയോസാണ്.

Content Highlight: Fans disappointing for no updates of Scene movie