ബജറ്റിന്റെ പകുതി പോലും നേടാനാകാതെ വന്‍ പരാജയമായിരിക്കുകയാണ് പ്രഭാസ് നായകനായ രാജാസാബ്. സംക്രാന്തി റിലീസായെത്തിയ ചിത്രം മറ്റ് സിനിമകളോട് മത്സരിച്ച് പരാജയത്തിലേക്ക് കൂപ്പുകുത്തി. നിര്‍മാതാവിന് 150 കോടിയിലേറെ നഷ്ടമാണ് രാജാസാബ് സമ്മാനിച്ചത്. എന്നാല്‍ ചിത്രത്തിന്റെ പരാജയത്തിന് കാരണം സംവിധായകനാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
ഇതിനെത്തുടര്‍ന്ന് സംവിധായകന് വളരെ വ്യത്യസ്തമായൊരു പണിയാണ് പ്രഭാസിന്റെ ആരാധകര്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്റെ അഡ്രസിലേക്ക് ദിവസവും നൂറുകണക്കിന് ഫുഡ് ഡെലിവറികള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് സൗത്ത് കാസറ്റ് എന്ന പേജ് റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ ഓര്‍ഡറും ക്യാഷ് ഓണ്‍ ഡെലിവറിയാണെന്നും എന്നാല്‍ സംവിധായകന്‍ അറിയാതെയാണ് ഈ ഡെലിവറിയെല്ലാം വരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രീ റിലീസ് ഇവന്റില്‍ ചിത്രം എല്ലാവരെയും തൃപ്തിപ്പെടുത്തുമെന്ന് മാരുതി അവകാശപ്പെട്ടിരുന്നു. രാജാസാബിലെ ഒരു സീനെങ്കിലും നിരാശപ്പെടുത്തിയാല്‍ തന്റെ വീട്ടിലേക്ക് വരാമെന്നും അഭിപ്രായം പറയാമെന്നുമായിരുന്നു മാരുതി അറിയിച്ചത്. ആദ്യദിനം നെഗറ്റീവ് റിവ്യൂ വന്നപ്പോള്‍ സംവിധായകന്റെ വാക്കുകള്‍ ട്രോള്‍ മെറ്റീരിയലായി മാറി.
രാജാസാബ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ നിന്ന് സംവിധായകന്റെ വീട്ടിലേക്ക് പ്രത്യേക ബസ് സര്‍വീസ് ഏര്‍പ്പാടാക്കണമെന്നായിരുന്നു പ്രധാന ട്രോള്‍. ആരാധകരെ ഭയന്ന് മാരുതി വീടു മാറിയെന്നടക്കം ട്രോളുകളുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ മാത്രമല്ല, നായകനായ പ്രഭാസും വലിയരീതിയില്‍ ട്രോളിന് ഇരയാകുന്നുണ്ട്.
ചിത്രത്തിലെ പകുതി ഷോട്ടുകളിലും പ്രഭാസിന്റെ മുഖം ഫേസ് സ്വാപ്പ് ചെയ്തതാണെന്ന് പലരും ആരോപിക്കുന്നുണ്ട്. ആക്ഷന്‍ സീനുകളിലും ഡാന്‍സ് സീനുകളിലുമെല്ലാം ഡ്യൂപ്പിനെ വെച്ച് അഭിനയിപ്പിക്കുകയും പിന്നീട് അതില്‍ പ്രഭാസിന്റെ മുഖം വി.എഫ്.എക്‌സ് ചെയ്ത് ചേര്‍ത്തതാണെന്നും പലരും കണ്ടുപിടിച്ചിരിക്കുകയാണ്.
500 മുതല്‍ 1000 രൂപ വരെ ടിക്കറ്റെടുക്കുന്ന ആരാധകര്‍ക്ക് യാതൊരു വിലയും കൊടുക്കാത്ത ഏര്‍പ്പാടാണ് പ്രഭാസ് കാണിക്കുന്നതെന്നും വിമര്‍ശനമുയരുന്നുണ്ട്. കാലിലെ സര്‍ജറിക്ക് ശേഷം മരുന്നുകള്‍ കഴിച്ച പ്രഭാസിന് സൈഡ് ഇഫക്ടുകള്‍ ലഭിച്ചെന്നും അതുകൊണ്ടാണ് ഡ്യൂപ്പിനെ ഉപയോഗിക്കുന്നതെന്നും കടുത്ത ആരാധകര്‍ വാദിക്കുന്നുണ്ട്.
450 കോടി ബജറ്റിലാണ് രാജാസാബ് ഒരുങ്ങിയത്. റിലീസ് ചെയ്ത് നാലാഴ്ച പിന്നിട്ടിട്ടും 220 കോടി മാത്രമാണ് ചിത്രം സ്വന്തമാക്കിയത്. 150 കോടിയിലേറെ നഷ്ടമാണ് ചിത്രം നിര്‍മാതാവിന് സമ്മാനിച്ചത്. ആദിപുരുഷ്, രാധേ ശ്യാം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രഭാസിന്റെ 100 കോടി നഷ്ടമുണ്ടാക്കിയ ചിത്രമായി രാജാസാബ് മാറി.