'അണ്ണനും ഇനി കളത്തിലെറുങ്ങുവാ'; ബെന്‍സിലെ സ്റ്റൈലിഷ് വില്ലനെ ഏറ്റെടുത്ത് ആരാധകര്‍
Malayalam Cinema
'അണ്ണനും ഇനി കളത്തിലെറുങ്ങുവാ'; ബെന്‍സിലെ സ്റ്റൈലിഷ് വില്ലനെ ഏറ്റെടുത്ത് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th October 2025, 1:36 pm

ഇത് പൊളിക്കും. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഒരുങ്ങുന്ന ഭാഗ്യരാജ് കണ്ണന്‍ ചിത്രം ബെന്‍സിലെ നിവിന്‍ പോളിയുടെ ‘വാള്‍ട്ടര്‍’ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍. വന്‍ ഹൈപ്പിലൊരുങ്ങുന്ന ചിത്രത്തില്‍ വാള്‍ട്ടര്‍ എന്ന വില്ലന്‍ കഥാപാത്രമായാണ് നിവിന്‍ പോളി എത്തുന്നത്.

‘ വാള്‍ട്ടറായി വേഷം മാറി’ എന്ന അടികുറിപ്പോടെ ഇന്നലെയാണ് താരം സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവെച്ചത്. സ്റ്റൈലിഷ് ലുക്കില്‍ ചുണ്ടത്ത് സിഗരറ്റ് വെച്ച് പുറം തിരിഞ്ഞിരിക്കുന്ന ചിത്രം നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിന്നു.


നിവിന്‍ ഈസ് ബാക്ക്, അണ്ണനും ഇനി കളത്തിലെറുങ്ങുവാ, എവിടെയൊക്കെയോ റോളക്‌സ് സാറിനെ പോലെ തോന്നുന്നു, തിയേറ്റര്‍ കത്തിക്കും എന്നിങ്ങനെ നിരവധി കമന്റുകള്‍ പോസ്റ്റിന് താഴേ കാണാം. സ്റ്റൈലന്‍ വില്ലന്‍ എന്നാണ് ആരാധകര്‍ നിവിനെ വിശേഷിപ്പിക്കുന്നത്.

വിക്രമിലെ റോളക്‌സ് ഈ വാള്‍ട്ടറിന് മുന്നില്‍ മുട്ട് കുത്തുമെന്നും നിവിന്‍ ആരാധകര്‍ പറയുന്നുണ്ട്. നടന്റെ തിരിച്ചുവരവിനെ ആഘോഷിക്കുകയാണ് ആരാധകര്‍.

റെമോ, സുല്‍ത്താന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ ആര്‍ജിച്ച സംവിധായകന്‍ ഭാഗ്യരാജ് കണ്ണനാണ് ബെന്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി. സ്‌ക്വാഡ്, ജഗദീഷ് പളനി സ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സായ് അഭ്യങ്കറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രാഘവ ലോറന്‍സും സംയുക്തയുമാണ് ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്.

Content  highlight:  Fans craze over  Nivin Pauly’s ‘Walter’ look from Bhagyaraj Kannan’s film Benz