ഇന്ത്യന്‍ ടീമിന് കിട്ടിയത് 1.5k ലൈക്ക്, സഞ്ജുവിന് 43k; യുവരാജുമറിഞ്ഞു സഞ്ജുവിന്റെ പവര്‍
Asia Cup
ഇന്ത്യന്‍ ടീമിന് കിട്ടിയത് 1.5k ലൈക്ക്, സഞ്ജുവിന് 43k; യുവരാജുമറിഞ്ഞു സഞ്ജുവിന്റെ പവര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th September 2025, 3:43 pm

2025 ഏഷ്യാ കപ്പ് കിരിടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചുള്ള യുവരാജ് സിങ്ങിന്റെ പോസ്റ്റ് ആഘോഷമാക്കി സഞ്ജു ആരാധകര്‍. വിജയമാഘോഷിക്കുന്ന ഇന്ത്യന്‍ ടീമിന്റെയും ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഓരോ താരങ്ങളുടെയും ചിത്രങ്ങള്‍ പങ്കുവെച്ചാണ് യുവി അഭിനന്ദനമറിയിച്ചത്. ഇതില്‍ സഞ്ജുവിന്റെ ചിത്രത്തിന് ലഭിച്ച റിയാക്ഷനുകളാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.

കിരീടമില്ലാതെ കിരീടനേട്ടം ആഘോഷിച്ച ഇന്ത്യന്‍ ടീമിന്റെ ചിത്രത്തിന് 1.4k ലൈക്കാണ് ആദ്യ 20 മണിക്കൂറില്‍ ലഭിച്ചത്. തിലക് വര്‍മയുടെ ചിത്രത്തിന് 1.4k ലൈക്കും അഭിഷേക് ശര്‍മയ്ക്ക് 1.5k ലൈക്കും ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവരുടെ ചിത്രങ്ങള്‍ക്ക് 1.1k ലൈക്കുമാണ് ഇതുവരെ ലഭിച്ചത്.

അതേസമയം സഞ്ജുവിന്റെ ചിത്രത്തിന് ഇതിനോടകം തന്നെ 43k റിയാക്ഷനുകള്‍ ലഭിച്ചിട്ടുണ്ട്. മൂവായിരത്തിലധികം കമന്റുകളും അഞ്ഞൂറോളം ഷെയറും ഇതിനൊപ്പമുണ്ട്.

മലയാളികള്‍ മാത്രമല്ല, സഞ്ജുവിനെ ഇഷ്ടപ്പെടപ്പെടുന്ന ഓരോരുത്തരും ചിത്രത്തിന് ലൈക്കും കമന്റും രേഖപ്പെടുത്തുന്നുണ്ട്.

ഞായറാഴ്ച നടന്ന ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ സാഹിബ്‌സാദ് ഫര്‍ഹാന്‍ (38 പന്തില്‍ 57), ഫഖര്‍ സമാന്‍ (35 പന്തില്‍ 46) എന്നിവരുടെ കരുത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്.

മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സാധിക്കാതെ പോയത് പാകിസ്ഥാന് വലിയ തിരിച്ചടി സമ്മാനിച്ചു. ടീമിലെ ആദ്യ മൂന്ന് താരങ്ങള്‍ക്കൊഴികെ ഒരാള്‍ക്ക് പോലും ഇരട്ടയക്കം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ 19.4 ഓവറില്‍ പാകിസ്ഥാന്‍ 146ന് പുറത്തായി.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി കരിയറിലെ മറ്റൊരു ഫോര്‍ഫര്‍ തന്റെ പേരില്‍ കുറിച്ചു. അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയതോടെ പാകിസ്ഥാന്റെ പോരാട്ടം അവസാനിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പാളിയിരുന്നു. മാച്ച് വിന്നര്‍ അഭിഷേക് ശര്‍മയെ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. ആറ് പന്തില്‍ അഞ്ച് റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പതിവ് തെറ്റിക്കാതെ നിരാശരാക്കിയിരുന്നു. ഗില്‍ പത്ത് പന്തില്‍ 12 റണ്‍സും സൂര്യ അഞ്ച് പന്തില്‍ ഒരു റണ്‍സുമാണ് നേടിയത്.

20/3 എന്ന നിലയില്‍ നിന്നും തിലക് വര്‍മയും സഞ്ജു സാംസണും ചേര്‍ന്ന് പടുത്തുയര്‍ത്തിയ അര്‍ധ സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് ഇന്ത്യന്‍ ടോട്ടലില് നിര്‍ണായകമായി. 24 റണ്‍സടിച്ച സഞ്ജുവിനെ മടക്കി അബ്രാര്‍ അഹമ്മദാണ് കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെയെത്തിയ ശിവം ദുബെയെ (22 പന്തില്‍ 33) ഒപ്പം കൂട്ടിയും തിലക് മറ്റൊരു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 53 പന്തില്‍ പുറത്താകാതെ 69 റണ്‍സടിച്ച തിലക് വര്‍മയാണ് കളിയിലെ കേമന്‍.

 

Content Highlight: Fans celebrate Sanju Samson’s picture in Yuvraj Singh’s Facebook post