'ഗജേന്ദ്ര ഫ്രോഡ്', 'ഐസ്‌ലാന്‍ഡ് ടീമില്‍ പോലും കളിക്കാന്‍ അവന് യോഗ്യതയില്ല'
Sports News
'ഗജേന്ദ്ര ഫ്രോഡ്', 'ഐസ്‌ലാന്‍ഡ് ടീമില്‍ പോലും കളിക്കാന്‍ അവന് യോഗ്യതയില്ല'
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th March 2023, 4:39 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കിയതിന് പിന്നാലെ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയാണ് ഇനി ഇന്ത്യക്ക് മുമ്പിലുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം മാര്‍ച്ച് 17ന് മുംബൈയില്‍ വെച്ച് നടക്കും.

ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാകില്ല. രോഹിത്തിന്റെ അഭാവത്തില്‍ ഹര്‍ദിക് പാണ്ഡ്യയാകും ഒന്നാം ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുക. വിശാഖപട്ടണത്ത് വെച്ച് നടക്കുന്ന രണ്ടാം ഏകദിനത്തിലാകും രോഹിത് ഇന്ത്യക്കൊപ്പം ചേരുക.

മാര്‍ച്ച് 17ന് നടക്കുന്ന മത്സരത്തിന് മുമ്പ് തന്റെ പ്ലെയിങ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും രഞ്ജി ക്രിക്കറ്റിലെ പുലിയുമായ വസീം ജാഫര്‍.

ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് വസീം ജാഫര്‍ തന്റെ ഇലവന്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ വസീം ജാഫറിന്റെ ഈ തെരഞ്ഞെടുപ്പില്‍ ആരാധകര്‍ ഒട്ടും തൃപ്തരല്ല. മോശം ഫോമില്‍ തുടരുന്ന കെ.എല്‍. രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ മോശം ഫോം കാരണമാണ് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റിന് ശേഷം പുറത്തിരിക്കേണ്ടി വന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

വസീം ജാഫറിന്റെ ഇലവനിലെ അതൃപ്തി ആരാധകര്‍ പരസ്യമായി അറിയിക്കുന്നുമുണ്ട്. കെ.എല്‍. രാഹുലിന് ഇന്ത്യന്‍ ടീമിലെന്നല്ല, ഐസ്‌ലാന്‍ഡ് ടീമിന്റെ പ്ലെയിങ് ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്നും രാഹുലിന് ഇതിനോടകം തന്നെ ആവശ്യത്തിന് അവസരം ലഭിച്ചെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

ടെസ്റ്റ് പരമ്പരക്ക് ശേഷം കങ്കാരുക്കള്‍ക്കെതിരായ ഏകദിന പരമ്പരയുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പാറ്റ് കമ്മിന്‍സിന് പകരം സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിക്കുക.

ഇന്ത്യ സ്‌ക്വാഡ്:

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‌ലി, അക്സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍, കെ.എല്‍. രാഹുല്‍, ജയ്ദേവ് ഉനദ്കട്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍, ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചഹല്‍.

 

 

Content Highlight: Fans are unhappy with the inclusion of KL Rahul in Wasim Jaffer’s playing eleven