ഗംഭീര പൊട്ടന്‍ഷ്യലുണ്ടായിട്ടും അത് വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന നടനാണ് സൂര്യ. ഒരുകാലത്ത് തമിഴില്‍ മുന്‍പന്തിയില്‍ നിന്ന സൂര്യ സമീപകാലത്ത് തിയേറ്റര്‍ ഹിറ്റില്ലാതെ ബുദ്ധിമുട്ടുകയാണ്. വന്‍ പ്രതീക്ഷയിലെത്തുന്ന പല സിനിമകളും ബോക്‌സ് ഓഫീസില്‍ ശ്രദ്ധിക്കപ്പെടാത്തത് സൂര്യക്ക് തിരിച്ചടിയായി. എന്നാല്‍ താരം പഴയതിനെക്കാള്‍ ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ കരുതുന്നത്.
അത് ശരിവെക്കുന്ന തരത്തിലാണ് സൂര്യയുടെ ലൈനപ്പ്. റിലീസിന് തയാറെടുക്കുന്ന കറുപ്പ്, അവസാനഘട്ട ഷൂട്ടിലെത്തി നില്‍ക്കുന്ന സൂര്യ 46, ജിത്തു മാധവനുമായി ഒന്നിക്കുന്ന സൂര്യ 47 എന്നിവയെല്ലാം ഗംഭീര ഹിറ്റാകുമെന്നാണ് പ്രതീക്ഷകള്‍. എന്നാല്‍ ഈ മൂന്ന് ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയുടെ അടുത്ത പ്രൊജക്ടിനെക്കുറിച്ച് ഒദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.

പല സംവിധായകരുടെയും പേര് കേള്‍ക്കുന്നുണ്ടെങ്കിലും ഏറ്റവുമൊടുവില്‍ കേട്ട പേര് ആരാധകര്‍ക്കിടയില്‍ വലിയ നിരാശ സൃഷ്ടിച്ചിരിക്കുകയാണ്. തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥുമായി സൂര്യ കൈകോര്‍ക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒരുകാലത്ത് തെലുങ്കിലെ മുന്‍നിര സംവിധായകനായിരുന്നെങ്കിലും നിലവില്‍ അത്ര നല്ല റെക്കോഡല്ല പുരി ജഗന്നാഥിനുള്ളത്.
മഹേഷ് ബാബു, അല്ലു അര്‍ജുന്‍, റാം ചരണ്‍ എന്നിവരുടെ കരിയറില്‍ ടേണിങ് പോയിന്റായിട്ടുള്ള സിനിമകള്‍ സമ്മാനിച്ചയാളാണ് ഗുരുജി എന്നറിയപ്പെടുന്ന പുരി ജഗന്നാഥ്. മഹേഷ് ബാബുവിനെ സൂപ്പര്‍സ്റ്റാറാക്കി മാറ്റിയ പോക്കിരി, അല്ലു അര്‍ജുനെ ആക്ഷന്‍ ഹീറോയായി അവതരിപ്പിച്ച ദേശമുദ്രു (മലയാളത്തില്‍ ഹീറോ), റാം ചരണിന്റെ ചിരുത എന്നീ ചിത്രങ്ങള്‍ ഗുരുജിയുടേതായിരുന്നു.

പുരി ജഗന്നാഥ് Photo: Tollywood Crew
എന്നാല്‍ അവസാനമായി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗര്‍ ഇന്‍ഡസ്ട്രിയല്‍ ഡിസാസ്റ്ററായി മാറി. വിജയ് ദേവരകൊണ്ടയെ ട്രോള്‍ മെറ്റീരിയലാക്കിയ ലൈഗറിന് ശേഷം പുരി മറ്റ് സിനിമകളൊന്നും സംവിധാനം ചെയ്തിട്ടില്ല. ഇതാണ് സൂര്യ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. വേറെ വല്ല സംവിധാകര്‍ക്കൊപ്പം ചേര്‍ന്നുകൂടെ എന്ന് പലരും ചോദിക്കുന്നുണ്ട്.
എന്നാല്‍ ഇത് വെറും റൂമര്‍ മാത്രമായിരിക്കുമെന്ന് കരുതുന്നവരുമുണ്ട്. ജിത്തു മാധവനുമായുള്ള പ്രൊജക്ടിന് ശേഷം നഹാസ് ഹിദായത്ത്, രാഹുല്‍ സദാശിവന്‍ എന്നിവരുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കറുപ്പ് ഹിറ്റായാല്‍ നഷ്ടപ്പെട്ട തന്റെ സിംഹാസനം സൂര്യ തിരിച്ചുപിടിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
#Suriya – #PuriJagannath – Mythri Movie Makers
_#intotheupdates #cinemakoott pic.twitter.com/IgxJE12fsL
— Cinema Koott (@cinemakoott) February 26, 2026
Content Highlight: Fans are desperate after the rumor that Suriya joining hands with Puri Jagannath
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ
