ഐ.സി.സി ഒത്തുകളിച്ചോ? അതോ പാകിസ്ഥാന്‍ കോഴ കൊടുത്തോ? സെമി ഫൈനല്‍ മത്സരത്തിന് പിന്നാലെ ചൂടുപിടിച്ച ചര്‍ച്ചകള്‍
Sports News
ഐ.സി.സി ഒത്തുകളിച്ചോ? അതോ പാകിസ്ഥാന്‍ കോഴ കൊടുത്തോ? സെമി ഫൈനല്‍ മത്സരത്തിന് പിന്നാലെ ചൂടുപിടിച്ച ചര്‍ച്ചകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th November 2022, 7:34 pm

ഐ.സി.സി ടി-20 ലോകകപ്പിന്റെ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ തോല്‍പിച്ച് പാകിസ്ഥാന്‍ ഫൈനിലില്‍ പ്രവേശിച്ചിരിക്കുകയാണ്. സിഡ്‌നിയില്‍ വെച്ച് നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ഫീല്‍ഡിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ എതിരാളികളെ 152 റണ്‍സിന് എറിഞ്ഞൊതുക്കുകയും ഓപ്പണര്‍മാരുടെ മികവില്‍ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.

ഓപ്പണര്‍ ബാബര്‍ അസവും മുഹമ്മദ് റിസ്വാനും നേടിയ അര്‍ധ സെഞ്ച്വറികളാണ് പാകിസ്ഥാന് തുണയായത്. ഇവരുടെ ബാറ്റിങ് മികവില്‍ പാകിസ്ഥാന്‍ അനായാസം വിജയത്തിലേക്ക് നടന്നുകയറുകയായിരുന്നു.

ക്യാപ്റ്റന്‍ ബാബര്‍ അസം 42 പന്തില്‍ നിന്നും 53 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് റിസ്വാന്‍ 43 പന്തില്‍ നിന്നും 57 റണ്‍സും സ്വന്തമാക്കി. മൂന്നാമനായി ഇറങ്ങിയ മുഹമ്മദ് ഹാരിസ് 26 പന്തില്‍ നിന്നും 30 റണ്‍സും സ്വന്തമാക്കിയതോടെ പാകിസ്ഥാന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

എന്നാല്‍ പാകിസ്ഥാന്റെ വിജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒത്തുകളി ആരോപണങ്ങളും ഉയരുകയാണ്. പാക് നായകനും ടീമിന്റെ വിജയശില്‍പികളില്‍ ഒരാളുമായ ബാബര്‍ അസമിനെതിരെയുള്ള എല്‍.ബി.ഡബ്ല്യൂ അപ്പീലിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഉയരുന്നത്.

പാകിസ്ഥാന്‍ ഇന്നിങ്‌സിന്റെ ഏഴാം ഓവറിലായിരുന്നു സംഭവം. മിച്ചല്‍ സാന്റ്‌നറിന്റെ ഡെലിവറി ബാബറിന്റെ പാഡില്‍ കൊള്ളുകയായിരുന്നു. ന്യൂസിലാന്‍ഡ് എല്‍.ബി.ഡബ്ല്യൂവിനായി അപ്പീല്‍ ചെയ്‌തെങ്കിലും ഫീല്‍ഡ് അമ്പയര്‍ അത് തള്ളുകയായിരുന്നു.

എന്നാല്‍ അമ്പയറിന്റെ തീരുമാനത്തിനെതിരെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ റിവ്യൂ എടുക്കുകയായിരുന്നു. എന്നാല്‍ തേര്‍ഡ് അമ്പയറും കിവീസിനെ കൈവിടുകയായിരുന്നു. ബോള്‍ ട്രാക്കിങ്ങില്‍ പന്ത് വിക്കറ്റില്‍ കൊള്ളുന്നില്ല എന്നുകാണിച്ചാണ് തേര്‍ഡ് അമ്പയര്‍ എല്‍.ബി.ഡബ്‌ള്യൂ അപ്പീല്‍ തള്ളിയത്.

എന്നാല്‍ ഇതിന് പിന്നാലെ ബോള്‍ ട്രാക്കിങ് സംവിധാനത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുകയാണ്. പിച്ചിന് ശേഷമുള്ള ഡെലിവറിയുടെ എക്‌സ്ട്രാ ബൗണ്‍സ് ചൂണ്ടിക്കാണിച്ചാണ് ആരാധകര്‍ രംഗത്തുവന്നിരിക്കുന്നത്.

 

 

 

 

ഐ.സി.സിക്ക് ഇന്ത്യ – പാകിസ്ഥാന്‍ മത്സരമാണ് ഫൈനലില്‍ വേണ്ടതെന്നും അതിനായി എന്തും ചെയ്യുമെന്നും ആരാധകര്‍ പറയുന്നു. ഓസ്‌ട്രേലിയയിലെ പിച്ചുകള്‍ ട്രാംപോളിന്‍ പോലെയാണെന്നും ഡി.ആര്‍.എസ് സിസിറ്റം തട്ടിപ്പാണെന്നുമടക്കം ഇവര്‍ ആരോപിക്കുന്നു.

നവംബര്‍ പത്തിനാണ് ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ മത്സരം. അഡ്‌ലെയ്ഡില്‍ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിലെ വിജയികള്‍ മെല്‍ബണില്‍ വെച്ച് നടക്കുന്ന ഫൈനലില്‍ പാകിസ്ഥാനെ നേരിടും.

 

Content Highlight: Fans against Decision Review System in Pakistan vs New Zealand semi Final match