അണ്ണന്‍ മീശ വെച്ചൊരാട്ടപ്പുലി, ആവേശം ലാലേട്ടന്‍ ചെയ്യണമായിരുന്നു, വൈറലായി ഫാന്‍മെയ്ഡ് പോസ്റ്ററുകള്‍
Malayalam Cinema
അണ്ണന്‍ മീശ വെച്ചൊരാട്ടപ്പുലി, ആവേശം ലാലേട്ടന്‍ ചെയ്യണമായിരുന്നു, വൈറലായി ഫാന്‍മെയ്ഡ് പോസ്റ്ററുകള്‍
അമര്‍നാഥ് എം.
Thursday, 29th January 2026, 5:47 pm

ഏഴ് വര്‍ഷമായി മോഹന്‍ലാല്‍ ആരാധകര്‍ കേള്‍ക്കുന്ന വിമര്‍ശനങ്ങളിലൊന്നാണ് അദ്ദേഹത്തിന് താടി വടിച്ച് അഭിനയിക്കാനാകില്ല എന്ന്. ഒടിയന് ശേഷം മോഹന്‍ലാലിന്റെ മുഖം താടിയില്ലാതെ കാണാനാകില്ലെന്നും അക്കാരണം കൊണ്ട് പൊലീസ് വേഷങ്ങള്‍ അദ്ദേഹത്തിന് ചെയ്യാനാകില്ലെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശകരുടെ നെഞ്ചത്ത് ആണിയടിച്ചതുപോലെ താരം തന്റെ പുതിയ ലുക്ക് കഴിഞ്ഞദിവസം പുറത്തുവിട്ടു.

താടി വടിച്ചതിന് ശേഷം ഐക്കോണിക് മീശപിരി പോസില്‍ മോഹന്‍ലാല്‍ പങ്കുവെച്ച ഫോട്ടോ സോഷ്യല്‍ മീഡിയക്ക് തീയിട്ടു. ഇന്നിതാ മാതൃഭൂമി സംഘടിപ്പിച്ച ‘ക’ അക്ഷരോത്സവം ഉദ്ഘാടനം ചെയ്യാനെത്തി വീണ്ടും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് മലയാളത്തിന്റെ ‘L’. മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ വൈറലായതോടെ ആരാധകരില്‍ ചിലര്‍ ഫാന്‍മെയ്ഡ് പോസ്റ്ററുകളുമായി രംഗത്തെത്തി.

2024ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ആവേശത്തില്‍ മോഹന്‍ലാല്‍ നായകനായിരുന്നെങ്കില്‍ എന്ന ആഗ്രഹമാണ് ആരാധകര്‍ പങ്കുവെച്ചത്. ആവേശത്തിന്റെ പോസ്റ്ററില്‍ ഫഹദിന് പകര മോഹന്‍ലാലിന്റെ മുഖം വെച്ചുകൊണ്ടുള്ള എഡിറ്റുകളും വൈറലായിരിക്കുകയാണ്. ചിത്രത്തിലെ ‘ഇല്ലുമിനാറ്റി’ എന്ന ഗാനത്തില്‍ ‘അണ്ണന്‍ മീശ വെച്ചൊരാട്ടപ്പുലി’ എന്ന വരി മോഹന്‍ലാലിനല്ലാതെ മറ്റാര്‍ക്കും ചേരില്ലെന്നും അഭിപ്രായം പങ്കുവെക്കുന്നുണ്ട്.

ആവേശത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രൊജക്ടില്‍ നിന്ന് ജിത്തുവും മോഹന്‍ലാലും പിന്മാറുകയായിരുന്നു. ആരാധകര്‍ ഏറെ ആഗ്രഹിച്ച കോമ്പോ ഒന്നിക്കാതെ പോയതിന്റെ നിരാശ പലരും പങ്കുവെക്കുകയും ചെയ്തു.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന L 366ക്ക് വേണ്ടിയാണ് മോഹന്‍ലാല്‍ താടിയെടുത്തത്. ഇന്‍ഡസ്ട്രി ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍ സിനിമാലോകം ഏറെ പ്രതീക്ഷയിലാണ്. കഴിഞ്ഞദിവസമാണ് L366ന്റെ ഷൂട്ട് ആരംഭിച്ചത്. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ കാക്കി യൂണിഫോമില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പക്കാ ഫാന്‍ബോയ് ട്രിബ്യൂട്ടില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.

രതീഷ് രവിയുടെ കഥയില്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം തൊടുപുഴയിലാണ് പുരോഗമിക്കുന്നത്. 120 ദിവസം നീണ്ടുനില്‍ക്കുന്ന ഷൂട്ടാകും ചിത്രത്തിന്റേതെന്നാണ് റിപ്പോര്‍ട്ട്. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.

താടിയെടുത്താല്‍ മോഹന്‍ലാലിന്റെ മുഖം കാണാന്‍ ഭംഗിയുണ്ടാകില്ലെന്ന് വിമര്‍ശിച്ചവരുടെയെല്ലാം വായടഞ്ഞ ദിവസമായിരുന്നു ഇന്ന്. മലയാളികള്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്ന കാര്യങ്ങളിലൊന്നായ മോഹന്‍ലാലിന്റെ മീശപിരി തന്നെയായിരുന്നു ഇന്ന് എല്ലാവരും ഒരുപോലെ ആഘോഷിച്ചത്. കാലമെത്ര കഴിഞ്ഞാലും മോഹന്‍ലാല്‍ എന്ന താരത്തിന്റെ ഓറ കൈമോശം വരില്ലന്നും ഇന്നത്തെ ദിവസം തെളിയിച്ചു.

Content Highlight: Fanmade posters of Aavsham movie featuring Mohanlal viral

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം