തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തില്‍ അടുത്ത രണ്ടു ദിവസങ്ങളിലും കനത്ത മഴയ്ക്കു സാധ്യത. പല ജില്ലകളിലും മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
ഞായറാഴ്ച രാത്രി മുതല്‍ ചൊവ്വ വരെയാണ് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളത്. തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ചെന്നൈയില്‍നിന്ന് 1250 കിലോമീറ്ററും ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്തുനിന്ന് 880 കിലോമീറ്ററും ദൂരത്തില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് വടക്കുപടിഞ്ഞാറന്‍ തീരത്തേക്ക് അടുക്കുകയാണ്. ചൊവ്വാഴ്ചയോടെ തമിഴ്‌നാട്, ആന്ധ്ര തീരത്തേക്കടുക്കും.


