പ്രവാചകനിന്ദക്കെതിരായ പ്രതിഷേധം: യു.പി പൊലീസ്‌ അറസ്റ്റ് ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിനെക്കുറിച്ച് വിവരമില്ല, ജയിലിലില്ലെന്ന് പൊലീസ്; പരാതിയുമായി കുടുംബം
national news
പ്രവാചകനിന്ദക്കെതിരായ പ്രതിഷേധം: യു.പി പൊലീസ്‌ അറസ്റ്റ് ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിനെക്കുറിച്ച് വിവരമില്ല, ജയിലിലില്ലെന്ന് പൊലീസ്; പരാതിയുമായി കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th June 2022, 10:21 pm

ലഖ്നൗ: പ്രയാഗ്രാജില്‍ നടന്ന പ്രവാചകനിന്ദാ വിരുദ്ധ പ്രതിഷേധങ്ങളുടെ സൂത്രധാരനെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയ വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ നേതാവ് ജാവേദ് മുഹമ്മദിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന പരാതിയുമായി കുടുംബം. ജാവേദ് എവിടെയാണുള്ളതെന്ന് വ്യക്തമാക്കാന്‍ ഇതുവരെ ഭരണകൂടം തയാറായിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ പര്‍വീണ്‍ ഫാത്തിമ ആരോപിച്ചു

ജാവേദിന്റെ മകളും മുസ്‌ലിം വിദ്യാര്‍ത്ഥി നേതാവുമായ അഫ്രീന്‍ ഫാത്തിമയാണ് മാതാവ് പര്‍വീണ്‍ ഫാത്തിമയുടെ പേരിലുള്ള വാര്‍ത്താകുറിപ്പ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്. അറസ്റ്റിന് ശേഷം ഒന്‍പതു ദിവസം കഴിഞ്ഞിട്ടും ജാവേദിനെക്കുറിച്ച് ഒരു വിവരവും അധികൃതര്‍ നല്‍കുന്നില്ലെന്ന് പര്‍വിന്‍ പരാതിപ്പെടുന്നു. അദ്ദേഹത്തിന്റെ സുരക്ഷയിലും ആരോഗ്യസ്ഥിതിയിലും ഉത്കണ്ഠാകുലരാണ് തങ്ങളെന്നും പര്‍വീണ്‍ പരാതിയുന്നയിച്ചു.

‘ജൂണ്‍ 11ന് എന്റെ ഭര്‍ത്താവ് ജാവേദ് മുഹമ്മദിനെ നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്ത് നൈനി സെന്‍ട്രല്‍ ജയിലിലടക്കുന്നത്. വ്യാജ കുറ്റങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും ചുമത്തിയായിരുന്നു അറസ്റ്റ്.

ഭര്‍ത്താവടക്കം നൈനി സെന്‍ട്രല്‍ ജയിലിലുള്ള നിരവധി തടവുകാരെ യു.പിയിലെ വിവിധ ജയിലുകളിലേക്ക് മാറ്റിയതായി മാധ്യമങ്ങളില്‍ നിന്നും മറ്റും അഭ്യൂഹങ്ങള്‍ കേള്‍ക്കുന്നുണ്ട്. ഭര്‍ത്താവിനെ ദിയോറിയ ജയിലിലേക്ക് മാറ്റിയിട്ടുണ്ടാകാമെന്നും കേള്‍ക്കുന്നുണ്ട്. അഭിഭാഷകര്‍ക്കോ ഞങ്ങള്‍ക്കോ അതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അതേസമയം, നൈനി സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ അദ്ദേഹം ജയിലിലില്ലെന്നാണ് അറിയിക്കുന്നത്. കുടുംബവും അഭിഭാഷകരും രാവിലെ മുതല്‍ അദ്ദേഹത്തെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. പ്രയാഗ്രാജ് ജില്ലാ, നൈനി സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് ഭര്‍ത്താവ് എവിടെയാണുള്ളതെന്ന് വ്യക്തമാക്കുന്നില്ല.

ഞങ്ങളുടെ കുടുംബത്തെ കുറ്റവാളികളാക്കാനും പീഡിപ്പിക്കാനുമുള്ള എല്ലാ നടപടികളും കൈക്കൊള്ളുകയാണ് പ്രയാഗ്രാജ് ഭരണകൂടം. ജില്ലാ, ജയില്‍ ഉദ്യോഗസ്ഥരുടെ ഈ അമിതാധികാരപ്രയോഗം ആശങ്കപ്പെടുത്തുന്നു,’ പര്‍വീന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.