കോഴിക്കോട്: കുറ്റ്യാടിയിലെ ക്യാന്‍സര്‍ രോഗിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം. യുവതി മരിക്കാന്‍ കാരണം അക്യുപങ്ചര്‍ ചികിത്സയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും കുടുംബത്തെ അറിയിക്കാതെ അക്യുപങ്ചര്‍ ചികിത്സ തുടരുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കുറ്റ്യാടി അടുക്കത്ത് സ്വദേശിയായ ഹാജിറ (46) എന്ന യുവതി മരണപ്പെട്ടത്. ആരോഗ്യനില വഷളായതോടെ യുവതി മരണപ്പെടുകയായിരുന്നു. ഒരു ദിവസം നാല് ഗ്ലാസ് വെള്ളവും അത്തിപ്പഴവും മാത്രം കഴിക്കുക എന്നായിരുന്നു ചികിത്സാ കേന്ദ്രത്തിന്റെ നിര്‍ദേശം. കഴിഞ്ഞ ഒരു മാസമായി യുവതിയുടെ ഭക്ഷണം ഇങ്ങനെയായിരുന്നു. ഇത് യുവതിയുടെ ആരോഗ്യനില ഗുരുതരമാക്കുകയായിരുന്നു.
ബന്ധുക്കള്‍ക്കുണ്ടായ സംശയത്തെ തുടര്‍ന്ന് യുവതിയെ കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തിച്ച് ചികിത്സിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് യുവതിക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്.
പിന്നീട് യുവതിയെ എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നാണ് ഹാജിറയെ ബെംഗളുരുവിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.
യുവതിയുടെ ആരോഗ്യനില വഷളായത് തങ്ങള്‍ക്ക് മനസിലായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഹാജിറയും ഇതുസംബന്ധിച്ച വിവരങ്ങള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നില്ലെന്നാണ് വിവരം. നിലവില്‍ വടകര എം.പി ഷാഫി പറമ്പിലിന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് പരാതി നല്‍കാന്‍ കുടുംബം തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുറ്റ്യാടി കെ.എം.സി ആശുപത്രിക്ക് മുന്നിലുള്ള അക്യുപങ്ചര്‍ കേന്ദ്രത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
അടുത്തിടെ കാടാമ്പുഴയിലുണ്ടായ അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറയുടെയും നവാസിന്റെയും മകന്‍ എസന്‍ എര്‍ഹാന്റെ മരണം വലിയ വിവാദമായിരുന്നു. മാതാപിതാക്കള്‍ കുഞ്ഞിന് മതിയായ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞ് മരണപ്പെട്ടതെന്ന ആരോപണങ്ങളില്‍ കോട്ടക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
കുട്ടിയുടെ അമ്മ സോഷ്യല്‍ മീഡിയ വഴി മോഡേണ്‍ മെഡിസിനെ എതിര്‍ത്തുകൊണ്ടുള്ള പ്രചാരണം നടത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അക്യുപങ്ചര്‍ ചികിത്സയെയാണ് ഇവര്‍ പ്രോത്സാഹിപ്പിച്ചിരുന്നത്. ശാസ്ത്രീയമായ ചികിത്സ രീതിയെ എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന നിലപാടുകളാണ് ഇവര്‍ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവെച്ചിരുന്നത്.
Content Highlight: Family says acupuncture treatment was the cause of death of cancer patient in Kuttiady