കുട്ടി വേണോ എന്ന കാര്യത്തില്‍ കുടുംബവും നാട്ടുകാരുമൊന്നും ഇടപെടേണ്ടതില്ല; 'സ്വന്തം ശരീരത്തിന്മേലുള്ള തീരുമാനം സ്ത്രീയുടെ അവകാശം: അന്ന ബെന്‍
Movie Day
കുട്ടി വേണോ എന്ന കാര്യത്തില്‍ കുടുംബവും നാട്ടുകാരുമൊന്നും ഇടപെടേണ്ടതില്ല; 'സ്വന്തം ശരീരത്തിന്മേലുള്ള തീരുമാനം സ്ത്രീയുടെ അവകാശം: അന്ന ബെന്‍
ആര്യ.പി
Saturday, 27th June 2026, 1:23 pm

അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സാറാസ്. അമ്മയാകേണ്ട എന്ന തീരുമാനവുമായി ജീവിക്കുന്ന യുവതിയുടെ കഥയാണ് ചിത്രം പറഞ്ഞത്. കുട്ടികളെ നോക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറല്ലാത്ത, സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന പെണ്‍കുട്ടിയാണ് സാറ. മാതൃത്വത്തെ ഗ്ലോറിഫൈ ചെയ്യുന്ന സമൂഹത്തില്‍ സാറാസ് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

‘സാറാസ്’ സിനിമയെ കുറിച്ചും സിനിമ ചര്‍ച്ച ചെയ്ത വിഷയത്തെ കുറിച്ചും അതിലുള്ള തന്റെ നിലപാടുകളെ കുറിച്ചും സംസാരിക്കുകയാണ് അന്ന ബെന്‍. സിനിമ മുന്നോട്ടുവെക്കുന്ന പ്രധാന പ്രമേയം ഓരോ സ്ത്രീയുടെയും തെരഞ്ഞെടുക്കാനുള്ള അവകാശത്തെ കുറിച്ചാണെന്ന് അന്ന ബെന്‍ പറഞ്ഞു. പിങ്ക് ലുങ്കി യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അന്ന.

വിവാഹശേഷം കുട്ടി വേണമോ വേണ്ടയോ എന്നത് ഒരു സ്ത്രീയുടെ മാത്രം തീരുമാനമാണെന്നും അതില്‍ മറ്റാരും ഇടപെടേണ്ടതില്ലെന്നും അന്ന പറയുന്നു.

അന്ന ബെന്‍ photo: Pink Lungi

സ്വന്തം ശരീരത്തിന്മേല്‍ സ്വയം തീരുമാനമെടുക്കാനുള്ള അധികാരം അഥവാ ‘ബോഡി ഓട്ടോണമി’ എന്ന നിലപാടിലാണ് ഞാന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത്. കുട്ടികള്‍ വേണോ വേണ്ടയോ എന്നത് വേറെ ചോദ്യമാണ്. അതില്‍ തീരുമാനമെടുക്കാനുള്ള അവകാശം നിങ്ങളുടേതാണ്.

അതില്‍ കുടുംബം ഇടപെടേണ്ട കാര്യമില്ല, നാട്ടുകാര്‍ ഇടപെടേണ്ടകാര്യമില്ല. അത് നിങ്ങളുടെ സ്വന്തം ശരീരത്തെ കുറിച്ചുള്ള തീരുമാനമാണ്. അത് നിങ്ങളുടെ ഇഷ്ടമാണ്. ആ സിനിമ മുന്നോട്ടുവെക്കുന്ന ആശയവും ഇതാണ്. ആളുകള്‍ ഇതിനെ പല രീതിയില്‍ വ്യാഖ്യാനിക്കുന്നുണ്ട്, അന്ന ബെന്‍ പറഞ്ഞു.

സിനിമ ഇറങ്ങിയപ്പോള്‍ സമൂഹത്തില്‍ നിന്ന് സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിച്ചതെന്നും അന്ന ഓര്‍ത്തെടുത്തു.

എന്നെ സമീപിച്ച ഒത്തിരി ദമ്പതികളുണ്ട്. തങ്ങള്‍ ഒരു കുട്ടിക്ക് വേണ്ടി തയ്യാറല്ലാതിരുന്ന സമയത്ത് സമൂഹത്തില്‍ നിന്ന് കുറ്റപ്പെടുത്തലുകള്‍ നേരിടേണ്ടി വന്നവര്‍. ഗര്‍ഭഛിദ്രം നടത്തിയെന്ന പേരില്‍ കുറ്റപ്പെടുത്തലുകള്‍ നേരിട്ടവര്‍.

എന്നാല്‍ മറുവശത്ത്, കുട്ടികള്‍ക്കായി വര്‍ഷങ്ങളോളം പ്രാര്‍ത്ഥിച്ചു കാത്തിരിക്കുന്ന ദമ്പതികളേയും ഞാന്‍ കണ്ടു. ഈ സിനിമയുടെ പ്രമേയം ഒരുപക്ഷേ അസ്വസ്ഥതയോ വേദനയോ ഉണ്ടാക്കിയിട്ടുണ്ടാകാം. കാരണം അമ്മയാകാന്‍ ഓപ്ഷന്‍ ഉണ്ടായിട്ടും ഈ സിനിമയിലെ പെണ്‍കുട്ടി അത് വേണ്ടെന്ന് തീരുമാനിക്കുകയാണ്. ഓരോരുത്തരും അവരുടെ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമയെ കാണുന്നത്,’ അന്ന ബെന്‍ കൂട്ടിച്ചേര്‍ത്തു

കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ സമ്മര്‍ദത്തിന് വഴങ്ങാതെ സ്ത്രീകള്‍ തങ്ങളെത്തന്നെ ആദ്യം തെരഞ്ഞെടുക്കണമെന്നാണ് എന്റെ നിലപാട്. അവര്‍ക്ക് അതിനുള്ള പവര്‍ ഉണ്ടാകണം. സമൂഹത്തിന്റെയോ കുടുംബത്തിന്റെയോ സമ്മര്‍ദം ഉണ്ടാകരുത്. സ്വപ്‌നങ്ങളും ജീവിതവും തകര്‍ത്തുകൊണ്ടുള്ള തീരുമാനങ്ങള്‍ എടുക്കാതിരിക്കുക. സിനിമ ഇറങ്ങിയതിന് പിന്നാലെ ചില വിമര്‍ശനങ്ങളൊക്കെ തനിക്ക് എതിരെ വന്നിരുന്നു, അന്ന പറഞ്ഞു.

സിനിമയിലെ തന്റെ ഈ ബോള്‍ഡ് കഥാപാത്രത്തെയോ സിനിമയുടെ പ്രമേയത്തെയോ തന്റെ മാതാപിതാക്കള്‍ ഒരിക്കലും എതിര്‍ത്തിട്ടില്ലെന്നും അവര്‍ തന്റെ തീരുമാനങ്ങളെ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും അന്ന ബെന്‍ വ്യക്തമാക്കി.

സിനിമ ഒരു കണ്ണാടി പോലെയാണെന്നും അത് സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും താരം പറഞ്ഞു ‘ബോഡി ഓട്ടോണമി’ എന്ന വലിയ ആശയത്തില്‍ താന്‍ ഇന്നും വിശ്വസിക്കുന്നുവെന്നും സിനിമ മുന്നോട്ടുവെക്കുന്ന ആശയവും അത് തന്നെയാണെന്നും താരം പറഞ്ഞു.

Content Highlight:  Family and society do not need to interfere in the decision of whether to have a child says Anna Ben

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.