കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഫാള്‍ട്ട നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ വിജയം. ബി.ജെ.പി സ്ഥാനാര്‍ത്ഥി ദേബാങ്ഷു പാണ്ഡെ 1.09 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം സ്വന്തമാക്കി.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ഈ മണ്ഡലത്തില്‍ പാര്‍ട്ടി നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ദിവസങ്ങള്‍ക്ക് മുമ്പ് ടി.എം.സി സ്ഥാനാര്‍ത്ഥി മത്സരരംഗത്ത് നിന്നും പിന്മാറിയിരുന്നു.
വോട്ടെണ്ണലിലെ പൊരുത്തക്കേടുകള്‍ ആരോപിച്ച് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. ബി.ജെ.പി ഒഴികെയുള്ള മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ കൗണ്ടിങ് ഏജന്റുമാരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.
തൃണമൂലിന്റെ കുപ്രസിദ്ധമായ ‘ഡയമണ്ട് ഹാര്‍ബര്‍ മോഡല്‍’ തോല്‍വിയുടെ മോഡലായി മാറിയെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പരിഹസിച്ചു. 15 വര്‍ഷത്തിന് ശേഷം ജനങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴാണ് യഥാര്‍ത്ഥ സാഹചര്യം വ്യക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ ഭയമില്ലാതെ വോട്ട് ചെയ്തപ്പോള്‍ പോരാട്ടം സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലായെന്നും ഫലം പ്രതീക്ഷ നല്‍കുന്നതാണെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പ്രതികരിച്ചു.
ഏപ്രില്‍ 29ന് നടന്ന വോട്ടെടുപ്പില്‍ ഇ.വി.എമ്മില്‍ കൃത്രിമം നടന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് മണ്ഡലത്തിലെ 285 ബൂത്തുകളിലും പുനര്‍വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. മെയ് 21ന് നടന്ന പുനര്‍വോട്ടെടുപ്പില്‍ 87 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി.
വോട്ടെടുപ്പിന് തൊട്ടുമുമ്പ് തൃണമൂല്‍ സ്ഥാനാര്‍ത്ഥി ജഹാംഗീര്‍ ഖാന്‍ മത്സരത്തില്‍ നിന്നും പിന്മാറിയത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. 2011 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചുപോന്നിരുന്ന മണ്ഡലമാണിത്.