ഗുജറാത്തില്‍ 62 ലക്ഷം വോട്ട് മോഷണം; കേന്ദ്രമന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജവോട്ടുകള്‍: ബി.ജെ.പിയുടെ ചരിത്രവിജയങ്ങള്‍ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്
India
ഗുജറാത്തില്‍ 62 ലക്ഷം വോട്ട് മോഷണം; കേന്ദ്രമന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജവോട്ടുകള്‍: ബി.ജെ.പിയുടെ ചരിത്രവിജയങ്ങള്‍ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st August 2025, 1:25 pm

അഹമ്മദാബാദ്: വോട്ട് മോഷണം രാജ്യത്ത് വലിയ ചര്‍ച്ചാകുന്നതിനിടെ ഗുജറാത്തില്‍ നടന്ന വമ്പന്‍വോട്ട് മോഷണത്തെ കുറിച്ച് വെളിപ്പെടുത്തി പ്രാദേശിക കോണ്‍ഗ്രസ്.

വോട്ട് ലിസ്റ്റില്‍ വ്യാപകമായി ക്രമക്കേട് നടത്തി ബി.ജെ.പി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയെന്നാണ് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചാവ്ട ആരോപിച്ചത്.

62 ലക്ഷം വോട്ട് മോഷണമാണ് ഗുജറാത്ത് മുഴുവന്‍ നടന്നത്. ചൊരിയാസി നിയമസഭാ മണ്ഡലത്തില്‍ മാത്രം മുപ്പതിനായിരം വ്യാജ വോട്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ചാവ്ട പറഞ്ഞു.

ഗുജറാത്ത് ബി.ജെ.പി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സി.ആര്‍ പാട്ടീലിന്റെ മണ്ഡലമായ നവ്‌സാരി ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെട്ട നിയമസഭാ മണ്ഡലമാണ് ചൊരിയാസി.

‘ഞങ്ങള്‍ ബി.ജെ.പി സംസ്ഥാനധ്യക്ഷന്റെ ശക്തികേന്ദ്രമായ നവ്‌സാരിയിലെ വോട്ടര്‍പട്ടിക വിശദമായി പരിശോധിച്ചു. ഇതില്‍ നിന്നും 30,000 വ്യാജവോട്ടുകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചത്.

പ്രധാനമന്ത്രി മോദിയും സി.ആര്‍ പാട്ടീലും

ഒരു മണ്ഡലത്തില്‍ മാത്രം ഇത്രവലിയ തിരിമറി നടന്നെങ്കില്‍ ഗുജറാത്തില്‍ ആകമാനം നടന്ന വോട്ട് മോഷണം എത്രമാത്രം ആഴത്തിലുള്ളതായിരിക്കും, ഇത് തെരഞ്ഞെടുപ്പ് യുദ്ധമല്ല, ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണ്,’ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ മണ്ഡലത്തിലെ വോട്ട് മോഷണവും ഉടനെ പുറത്തുവിടുമെന്നും വോട്ട് മോഷണത്തെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംസ്ഥാനത്ത് പുതിയ ക്യാമ്പെയ്ന്‍ ആരംഭിക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണങ്ങള്‍വലിയ ചര്‍ച്ചയാകുന്നതിനിടെയാണ് ഗുജറാത്തില്‍ നിന്നുള്ള വോട്ട് മോഷണത്തെ കുറിച്ചുള്ള ഗുരുതരമായ ആരോപണവും പുറത്തെത്തിയിരിക്കുന്നത്.

ഗുജറാത്തില്‍ ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 5.6 കോടി വോട്ടര്‍മാരില്‍ 62 ലക്ഷം വോട്ടുകളും വ്യാജവും ക്രമക്കേട് നിറഞ്ഞതാണെന്നും വിശദമായ പരിശോധനയില്‍ മനസിലായെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ആകെ വോട്ടില്‍ 12.3 ശതമാനം വോട്ടുകള്‍ വ്യാജമാണെന്ന് കോണ്‍ഗ്രസിന് 100 ശതമാനം ഉറപ്പുണ്ട്. അതിനര്‍ത്ഥം 62 ലക്ഷം ജനങ്ങളുടെ അവകാശം മോഷ്ടിക്കപ്പെട്ടെന്നാണ്. ബി.ജെ.പി നേതാക്കളുടെ ചരിത്രവിജയങ്ങള്‍ക്ക് പിന്നില്‍ ഈ വോട്ട് മോഷണമാണെന്നും ചാവ്ട ആരോപിച്ചു.

ഇരട്ട വോട്ടുകളിലൂടെയും ഒരാള്‍ക്ക് തന്നെ നിരവധി ഇ.പി.ഐ.സി കാര്‍ഡുകള്‍ നല്‍കിയും അഡ്രസുകള്‍ മാറ്റിയും ഒക്കെയാണ് വ്യാജ വോട്ടുകള്‍ ചേര്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഒരു വ്യക്തിയുടെ പേര് തന്നെ രണ്ടും മൂന്ന് തവണയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നത്. പേരില്‍ അക്ഷരത്തെറ്റ് വരുത്തിയും വീണ്ടും രജിസ്റ്റര്‍ ചെയ്തുമാണ് വോട്ടില്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

ഇതൊന്നും ചെറിയ തെറ്റുകളല്ല, കരുതിക്കൂട്ടിയുള്ള ഗൂഢാലോചനയാണ്. ഓരോ വീട്ടിലും കയറിയിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വോട്ടുകള്‍ സ്ഥിരീകരിക്കുമെന്നും ചാവ്ട അറിയിച്ചു. 2027ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഒരു വ്യാജവോട്ട് പോലും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങിയിരിക്കുകയാണ്. വോട്ട് മോഷണ ആരോപണങ്ങളില്‍ സത്യവാങ്മൂലം ആവശ്യപ്പെടുന്നതല്ലാതെ പരാതികളില്‍ അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വിമര്‍ശിച്ചു.

 

Content Highlight: 30,000 fake votes in Union Minister’s constituency: Gujarat Congress questions BJP’s historic victories