വ്യാജ എംബസിക്ക് പിന്നാലെ വ്യാജ പൊലീസ് സ്റ്റേഷനും; നോയിഡയില്‍ ആറ് പേര്‍ അറസ്റ്റില്‍
India
വ്യാജ എംബസിക്ക് പിന്നാലെ വ്യാജ പൊലീസ് സ്റ്റേഷനും; നോയിഡയില്‍ ആറ് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th August 2025, 10:28 pm

ലക്നൗ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വ്യാജ പൊലീസ് സ്റ്റേഷന്‍ നടത്തിയ ആറ് പേര്‍ അറസ്റ്റില്‍. ഇന്റര്‍നാഷണല്‍ പൊലീസ് ആന്‍ഡ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്ന പേരിലാണ് പ്രതികള്‍ പൊലീസ് സ്റ്റേഷന്‍ നടത്തിയിരുന്നത്.

പശ്ചിമ ബംഗാള്‍ സ്വദേശികളായ വിഭാഷ്, ആരാഗ്യ, ബാബുല്‍, പിന്റുപാല്‍, സമ്പംദാല്‍, ആശിഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് പണം തട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി.

വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കിയാണ് ഇവര്‍ പണം തട്ടിയിരുന്നത്. തട്ടിപ്പിനായി പ്രതികള്‍ നിരവധി ദേശീയ/അന്തരാഷ്ട്ര സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ചിരുന്നു.

‘അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണ ഏജന്‍സിയുടെ ഭാഗമാണെന്ന് അവകാശപ്പെട്ട് പ്രതികള്‍ ആളുകളെ ബന്ധപ്പെട്ടിരുന്നു,’ ഡി.സി.പി ശക്തി മോഹന്‍ അവസ്തി പറഞ്ഞു.

നിലവില്‍ പ്രതികളുടെ പക്കല്‍ നിന്ന് തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന വ്യാജ ഐ.ഡികള്‍ ഉള്‍പ്പെടെ മുഴുവന്‍ രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആളുകളെ വിശ്വസിപ്പിക്കാനായി പ്രതികള്‍ ഔദ്യോഗിക പേരുകളും ചിഹ്നങ്ങളും ദുരുപയോഗം ചെയ്തതായും പൊലീസ് പറയുന്നു.

അടുത്തിടെ യു.പിയിലെ ഗാസിയാബാദില്‍ നിന്ന് വ്യാജ എംബസി നടത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെസ്റ്റാര്‍ട്ടിക്ക രാജ്യത്തിന്റെ പേരിലാണ് പ്രതി എംബസി നടത്തിയിരുന്നത്.

സംഭവത്തില്‍ 47കാരനായ ഹര്‍ഷവര്‍ധന്‍ ജെയിനെയാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്. ഇയാള്‍ ഏഴ് വര്‍ഷമായി ഗാസിയാബാദില്‍ എംബസി നടത്തിവരികയായിരുന്നു. ഇരുനില കെട്ടിടം വാടകക്കെടുത്താണ് വ്യാജ എംബസി പ്രവര്‍ത്തിപ്പിച്ചിരുന്നത്.

വ്യാജ എംബസിയുടെ ഓഫീസില്‍ നിന്ന് 34 രാജ്യങ്ങളുടെ സ്റ്റാമ്പുകള്‍, 44 ലക്ഷം രൂപ, വിദേശ കറന്‍സി ഉള്‍പ്പെടെയാണ് ടാസ്‌ക് ഫോഴ്സ് കണ്ടെത്തിയത്.

വെസ്റ്റാര്‍ട്ടിക്ക ഒരു സ്വയം പ്രഖ്യാപിത മൈക്രോനേഷനാണ്. ഐക്യരാഷ്ട്രസഭയോ ഏതെങ്കിലും പരമാധികാര രാഷ്ട്രമോ അംഗീകരിക്കാത്ത ഇത്തരം മൈക്രോനേഷനുകളെ ഇന്ത്യ അംഗീകരിക്കുന്നില്ല. എന്നാല്‍ വെസ്റ്റാര്‍ട്ടിക്ക അടക്കമുള്ള മൈക്രോനേഷനുകളെ പ്രതിനിധീകരിക്കുന്നുവെന്നാണ് ഹര്‍ഷവര്‍ധന്‍ അവകാശപ്പെട്ടിട്ടിരുന്നത്.

Content Highlight: Fake police station busted in Noida; six suspect arrested