രാഷ്ട്രപതിയുടെ പേരില്‍ വ്യാജ ഉത്തരവ്; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
Kerala News
രാഷ്ട്രപതിയുടെ പേരില്‍ വ്യാജ ഉത്തരവ്; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th October 2021, 8:29 am

കോഴിക്കോട്: രാഷ്ട്രപതിയുടെ പേരില്‍ വ്യാജ ഉത്തരവ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ എഴുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍.

എസ്.ബി.ടി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പി.പി.എം. അഷറഫാണ് പിടിയിലായത്.

കോടതി റിമാന്‍ഡ് ചെയ്ത ഇയാളെ നെഞ്ചുവേദനയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ രണ്ടാം പ്രതിയായ അഷറഫിന്റെ സഹോദരന്‍ പി.പി.എം. ഉമ്മര്‍കുട്ടി ഒളിവിലാണ്.

കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ പി.പി.എം. ഉമ്മര്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിക്കാന്‍ നഗരസഭ തീരുമാനിച്ചിരുന്നു. കെട്ടിട ചട്ടങ്ങളുടെ ലംഘനമാണ് കെട്ടിട നിര്‍മാണമെന്ന് നഗരസഭ കണ്ടെത്തിയിരുന്നു.

എന്നാല്‍ കെട്ടിടം പൊളിക്കാന്‍ എത്തിയപ്പോള്‍ ഉമ്മര്‍കുട്ടി കോര്‍പ്പറേഷന്‍ നടപടി നിര്‍ത്തിവെക്കണം എന്ന് കാണിക്കുന്ന രാഷ്ട്രപതിയുടെ ഉത്തരവ് മുനിസിപ്പല്‍ സെക്രട്ടറിക്ക് നല്‍കുകയായിരുന്നു. മുനിസിപ്പല്‍ സെക്രട്ടറി ഉത്തരവ് പൊലീസിന് കൈമാറി. തുടര്‍ന്നാണ് ഉത്തരവ് വ്യാജമാണെന്ന് കണ്ടെത്തിയത്.

ഉമ്മര്‍കുട്ടി നേരത്തെ ഈ ഉത്തരവ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഗവ.സെക്രട്ടറി, കളക്ടര്‍ എന്നിവര്‍ക്കും അയച്ചിരുന്നു.

‘പ്രസിഡന്‍ഷ്യന്‍ ഡിക്രി’ എന്ന പേരില്‍ വിശദമായി രാഷ്ട്രപതി നല്‍കിയ ഉത്തരവില്‍ മന്ത്രിസഭയുടെ അധികാരം ഇല്ലാതെ പാസാക്കിയ നഗരസഭ ചട്ടങ്ങള്‍ നിയമവിരുദ്ധമാണ് എന്ന് പറയുന്നു. ഉത്തരവില്‍ സംശയം തോന്നിയ പൊലീസ് ഉമ്മര്‍കുട്ടിയെയും, അഷറഫിനെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതി പരാതി നല്‍കാനുള്ള പോര്‍ട്ടലില്‍ പരാതി നല്‍കിയ അഷറഫ് അനുബന്ധ രേഖയായി രാഷ്ട്രപതിയുടെ വ്യാജ മറുപടിയും സ്‌കാന്‍ ചെയ്ത് ചേര്‍ത്തായിരുന്നു തട്ടിപ്പ് നടത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Fake order in the name of the President; Kozhikode resident arrested