ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Fact Check
#fact check ശബരിമലയില്‍ പോകാന്‍ ശ്രമിച്ച ബാലികയെ അറസ്റ്റു ചെയ്തു കൊണ്ടു പോയി കേരള സര്‍ക്കാറിന്റെ ഹൈന്ദവനായാട്ട്; സത്യാവസ്ഥ ഇതാണ്
ന്യൂസ് ഡെസ്‌ക്
Monday 3rd December 2018 11:42pm

കോഴിക്കോട്: ശബരിമലയില്‍ പോകാന്‍ ശ്രമിച്ച പിഞ്ചുബാലികയെ അറസ്റ്റ് ചെയ്തു കൊണ്ട് പോയി കേരളസര്‍ക്കാരിന്റെ ഹൈന്ദവനായാട്ട് എന്ന് സംഘപരിവാറിന്റെ വ്യാജ പ്രചരണം. ആന്ധ്രാപ്രദേശ്, തെലങ്കാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഹിന്ദു ഹിന്ദുത്വം’ (Hindu Hindutvam) എന്ന സംഘപരിവാര്‍ പേജാണ് ദേശീയ തലത്തില്‍ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. എട്ടര ലക്ഷത്തോളം ലൈക്കുകളുള്ള പേജില്‍ മൂവായിരത്തിലേറെ ലൈക്കുകളാണ് നിമിഷ നേരം കൊണ്ട് ഈ പോസ്റ്റിന് ലഭിച്ചത്.

എന്നാല്‍ ഡാവിന്‍ സുരേഷിന്റെ ‘ഒന്ന് കാണുവാന്‍’ എന്ന അയ്യപ്പഭക്തിഗാന ആല്‍ബത്തിലെ ഗാനത്തില്‍ അഭിനയിച്ച അക്ഷര കിഷോര്‍ എന്ന ബാലനടിയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുമെടുത്ത ചിത്രത്തെയാണ് സംഘപരിവാര്‍ വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചത്. ഈ കുട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 9ന് പോസ്റ്റ് ചെയ്ത ചിത്രമായിരുന്നു അത്. അതിനെയാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചത്.

Read Also : സ്ത്രീപ്രവേശനത്തിനെതിരല്ല; കര്‍സേവ നടത്തിയത് പക്വതയില്ലാത്ത പ്രായത്തില്‍;നിലപാട് തിരുത്തി സി.പി സുഗതന്‍; ഹാദിയയോട് മാപ്പ് പറയുന്നെന്നും സുഗതന്‍

കന്നിസ്വാമിയുടെ മോഹങ്ങളും സ്വപ്നങ്ങളും കോര്‍ത്ത് ഇണങ്ങിയ അയ്യപ്പഭക്തി ഗാനം എന്ന വിവരണത്തില്‍ ‘ഒന്ന് കാണുവാന്‍’ എന്ന ആല്‍ബം യൂട്യൂബിലും അപ്‌ലോഡ് ചെയ്തിരുന്നു,

‘അയ്യപ്പ സ്വാമിയ്ക്കു വേണ്ടി പോരാടിയ ഈ പിഞ്ചുബാലികയെ കേരളസര്‍ക്കാര്‍ ബലമായി ജയിലോട്ട് പിടിച്ചുകൊണ്ടി പോയിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയും ചിത്രം സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിന് ലൈക്കുകളും, അറുനൂറിലധികം ഷെയറുകളുമാണ് പോസ്റ്റിനു വന്നത്. തുടര്‍ന്ന് ഫേസ്ബുക്കിലും ട്വീട്ടറിലും ചില ഓണ്‍ ലൈന്‍ പോര്‍ട്ടലുകളിലും ഇത്തരത്തില്‍ ചിത്രം പ്രചരിക്കപ്പെട്ടിരുന്നു. ഇതേ കുട്ടി ദാരുണമായി കൊല്ലപ്പെട്ടുവെന്നു കൂടി സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിക്കുന്നു. ഒരേ ചിത്രം വിവിധ അടിക്കുറിപ്പോടെയാണ് ദേശീയ തലത്തില്‍ തന്നെ പ്രചരിക്കപ്പെടുന്നത്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ വ്യാപക നുണ പ്രചരണങ്ങളാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പടച്ചുവിട്ടത്. ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ഫോട്ടോ ഷൂട്ടും ദേശീയതലത്തില്‍ ഇവര്‍ നുണ പ്രചരണത്തിന് വേണ്ടി ഉപയോഗിച്ചിരുന്നു.

Advertisement