വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പ്: 25 വിദ്യാര്‍ത്ഥികള്‍ മൗറീഷ്യസില്‍ കുടുങ്ങി
Kerala
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പ്: 25 വിദ്യാര്‍ത്ഥികള്‍ മൗറീഷ്യസില്‍ കുടുങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th July 2013, 4:22 pm

[]തിരുവനന്തപുരം: തട്ടിപ്പിനിരയായി 25 മലയാളികളടക്കം നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മൗറീഷ്യസില്‍ കുടുങ്ങി. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പിനിരയായാണ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത്. []

ഓഷ്യാനിയ ഇന്റര്‍നാഷണല്‍ ബിസിനസ് സ്‌കൂള്‍ എന്ന സ്ഥാപനമാണ് വന്‍ വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥികളെ കോഴ്‌സിന് ചേര്‍ത്തത്. ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകളാണ് വാഗദാനം ചെയ്തിരുന്നത്.

എന്നാല്‍ ഈ കോഴ്‌സുകള്‍ ഒന്നും നല്‍കിയില്ലെന്ന് മാത്രമല്ല മറ്റ് ചില കോഴ്‌സുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. ഭീമമായ തുക ഫീസായി വാങ്ങിയാണ് ഇവരെ മൂന്ന് മാസത്തെ വിസയ്ക്ക് ഇവിടെ എത്തിച്ചത്.

എന്നാല്‍ ഇതുസംബന്ധിച്ച് പരാതിയുമായി ചെന്നപ്പോള്‍ പറഞ്ഞ കോഴ്‌സുകള്‍ നല്‍കാന്‍ തയ്യാറല്ലെന്നും പ്രശ്‌നമുണ്ടാക്കിയാല്‍ വിസ നീട്ടിത്തരില്ലെന്നും മാനേജ്‌മെന്റ് പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

തങ്ങളുടെ ജീവന് ഭീഷണിയുള്ളതായി വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. വാഗ്ദാനം ചെയ്ത കോഴ്‌സ് പഠിപ്പിക്കാതെയാണ് വിദ്യാര്‍ത്ഥികളെ തടങ്കലിലാക്കിയത്.

മൗറീഷ്യസിന്റെ മറ്റ് ഭാഗങ്ങളിലും വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. മൗറീഷ്യസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും കാര്യമായ സഹായം ലഭിച്ചില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

ഫുഡ് പ്രൊഡക്ഷന്‍, ഹൗസ് കീപ്പിങ് എന്നിവയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ നടത്താന്‍ മൗറീഷ്യന്‍ ക്വാളിഫിക്കേഷന്‍ അതോറിറ്റിയുടെ അനുമതി സ്ഥാപനത്തിനില്ലെന്നാണ് ഇന്ത്യന്‍ എംബസി പറയുന്നത്.

25 ഓളം വിദ്യാര്‍ത്ഥികള്‍ ഇതിനകം മൗറീഷ്യസിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി കഴിഞ്ഞു.

അടച്ച ഫീസ് തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി തട്ടിപ്പിന് ഇരയായ വിദ്യാര്‍ത്ഥി ആന്റോ ഷെറിന്‍ പറഞ്ഞു.

തങ്ങള്‍ക്ക് ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ലെന്നും കയ്യിലുള്ള പണമെല്ലാം അവര്‍ ഫീസിനെത്തില്‍ വാങ്ങിയെടുത്തെന്നും ആന്റോ ഷെറിന്‍ പറഞ്ഞു.

ആന്ധ്രാ സ്വദേശിയുടേതാണ് വിദ്യാഭ്യാസ സ്ഥാപനം.

അതേസമയം വിഷയത്തില്‍ വേണ്ട നടപടി ഉടന്‍ കൈക്കൊള്ളുമെന്ന് മന്ത്രി കെ.സി ജോസഫ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സഹായവും ഇവര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.