ക്ഷണിച്ചിട്ട് പോയത്, ഞങ്ങള്‍ ആരുടെയും വീട്ടിലേക്ക് ഇടിച്ചു കയറിയിട്ടില്ല: ആദില-നൂറ
Malayalam Cinema
ക്ഷണിച്ചിട്ട് പോയത്, ഞങ്ങള്‍ ആരുടെയും വീട്ടിലേക്ക് ഇടിച്ചു കയറിയിട്ടില്ല: ആദില-നൂറ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th November 2025, 10:53 pm

ആദിലയും നൂറയുമായി ബന്ധപ്പെട്ട് മലബാര്‍ ഗോള്‍ഡ് ഉടമ ഫൈസല്‍ എ.കെയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ലെസ്ബിയന്‍ പങ്കാളികളായ ആദിലയെയും നൂറയെയും തന്റെ ഗൃഹപ്രവേശന ചടങ്ങില്‍ വിളിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് പലയിടത്തും ചര്‍ച്ചയായിരുന്നു.

ഇപ്പോള്‍ ഫൈസല്‍ എ.കെയുടെ പരാമര്‍ശത്തിലും സമൂഹമാധ്യമങ്ങളിലെ വിവാദങ്ങള്‍ക്കും പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആദില-നൂറ. ഗൃഹപ്രവേശന ചടങ്ങില്‍ തങ്ങളെ ക്ഷണിച്ചിരുന്നുവെന്നും പണത്തിനോ ഫെയ്മിനോ വേണ്ടിയല്ല അതില്‍ തങ്ങള്‍ പങ്കെടുത്തതെന്നും അവര്‍ വ്യക്തമാക്കി.

അവിടെ തങ്ങളെ എല്ലാവരും സ്വാഗതം ചെയ്തിരുന്നുവെന്നും എന്നാല്‍ അടുത്ത ദിവസം ഒരു പൊതുപരിപാടിയില്‍ ഇവരെ വിളിച്ചത് ശരിയായില്ലെന്ന പ്രസ്താവന കണ്ടപ്പോള്‍ അത് തങ്ങളെ നിരാശപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.  സമൂഹമാധ്യമങ്ങളിലൂടെയാണ്  ഇരുവരുടെയും പ്രതികരണം.

‘ ഫൈസല്‍ മലബാറിന്റെ ഗൃഹപ്രവേശന ചടങ്ങിലേക്ക് ഞങ്ങളെ വിളിച്ചിരുന്നു. പണത്തിനോ, പബ്ലിസിറ്റിക്ക് വേണ്ടിയോ അല്ല ഞങ്ങള്‍ പോയത്. വക്തിപരമായി ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ പോയത്. ആ പരിപാടിയിലേക്ക് എല്ലാവരും തന്നെ ഞങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്തിരുന്നു. ഞങ്ങളുടെ പേരുകള്‍ വിളിച്ച് പറയുകയും ഫോട്ടോ എടുക്കുകയുമൊക്കെ ചെയ്തു.

ഞങ്ങളുടെ സാന്നിധ്യം അവിടെ ഒരു പ്രശ്‌നമാണെന്ന് തോന്നിയേ ഇല്ല. എന്നാല്‍ അടുത്ത ദിവസം ഈ പരിപാടിയിലേക്ക് തങ്ങളെ വിളിച്ചത് ശരിയായില്ലെന്ന് പലരും പറയുന്നത് കേട്ടു. തങ്ങളെ ഇങ്ങനെയൊരു പൊതുപരിപാടിലേക്ക് വിളിച്ചത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നൊക്കെ പറയുന്നത് കേട്ടപ്പോള്‍ നിരാശ തോന്നി,’ ആദിലയും നൂറയും ഇങ്ങനെ എഴുതി.

തങ്ങള്‍ ആരുടെ വീട്ടിലേക്കും ഇടിച്ച് കയറിയിട്ടില്ലെന്നും ഒരു സ്ഥലത്തെയും വ്യക്തിയെയും തങ്ങള്‍ അനാദരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ആ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യുകയും പുതിയ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തത് അഭിനന്ദാര്‍ഹമാണെന്നും ആദില- നൂറ കൂട്ടിച്ചേര്‍ത്തു.

സമൂഹത്തിലെ പല മേഖലയിലുമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നെന്നും എന്നാല്‍ ആദിലയും നൂറയും ഈ ചടങ്ങില്‍ പങ്കെടുത്തത് തന്റെ അറിവോടെയല്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശമാണ് ഇവര്‍ നല്കുന്നതെന്നുമാണ് മലബാര്‍ ഉടമ പോസ്റ്റില്‍ കുറിച്ചിരുന്നത്.

Content highlight: Faisal AK’s remarks and the controversy on social media, Adila-Noora have come out with a response