ഭ്രമയുഗത്തില്‍ സജിന്‍ ചേട്ടന്‍ ചെയ്യേണ്ട റോള്‍ ഞാന്‍ കാരണമാണ് നഷ്ടമായത്: ഫഹദ് ഫാസില്‍
Film News
ഭ്രമയുഗത്തില്‍ സജിന്‍ ചേട്ടന്‍ ചെയ്യേണ്ട റോള്‍ ഞാന്‍ കാരണമാണ് നഷ്ടമായത്: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th April 2024, 12:24 pm

തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം. രോമാഞ്ചത്തിന് ശേഷം ജിത്തു സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ബാംഗ്ലൂരിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ രംഗന്‍ എന്ന ഡോണായിട്ടാണ് ഫഹദ് എത്തുന്നത്. സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ഫഹദിന്റെ പ്രകടനമാണ്. കോമഡിയും മാസും ചേര്‍ന്ന കഥാപാത്രത്തെ അനായാസമായാണ് ഫഹദ് അവതരിപ്പിച്ചത്.

ഫഹദിനോടൊപ്പം എല്ലാവരും എടുത്തു പറയുന്ന പ്രകടനമാണ് സജിന്‍ ഗോപുവിന്റേത്. രംഗണ്ണന്റെ വലംകൈയായ അമ്പാന്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് സജിന്‍ കാഴ്ച വെച്ചത്. ജിത്തുവിന്റെ ആദ്യ ചിത്രമായ രോമാഞ്ചത്തിലെ നിരൂപ് എന്ന കഥാപാത്രത്തിന് ശേഷം സജിന് കൈയടി നേടിക്കൊടുത്ത പ്രകടനമാണ് അമ്പാന്റേത്. ഫഹദിന്റെ കഥാപാത്രത്തെ പോലെ കോമഡിയും മാസും ചേര്‍ന്ന കഥാപാത്രമാണ് സജിന്റേതും. ചില സീനുകളില്‍ ഫഹദിനെക്കാള്‍ സ്‌കോര്‍ ചെയ്തതും സജിനായിരുന്നു.

എന്നാല്‍ ആവേശം കാരണം സജിന് ചില ചിത്രങ്ങള്‍ നഷ്ടമായിരുന്നു. അതിലൊന്നായിരുന്നു ഭ്രമയുഗം. ആവേശത്തിനായി ബോഡി ബില്‍ഡിങ് ചെയ്ത് ഒരുപാട് സമയം ഈ സിനിമക്ക് വേണ്ടി മാറ്റി വെച്ചതുകൊണ്ടാണ് പല സിനിമകളും നഷ്ടമായതെന്ന് സജിന്‍ പറഞ്ഞു. എന്നാല്‍ താന്‍ കാരണം സിനിമയുടെ ഷൂട്ട് നീണ്ടുപോയതുകൊണ്ടാണ് സജിന് ഭ്രമയുഗം നഷ്ടമായെന്ന് ഫഹദ് വെളിപ്പെടുത്തി.

താന്‍ ഷൂട്ടിന് കൃത്യമായി എത്താത്തതുകൊണ്ട് ഷൂട്ട് നീണ്ടുപോവുകയും അത് കാരണമാണ് സജിന് മറ്റ് സിനിമകള്‍ ചെയ്യാന്‍ കഴിയാത്തതെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. ആവേശത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് ഇക്കാര്യം പറഞ്ഞത്.

‘ഭ്രമയുഗം മാത്രമല്ല, പല സിനിമകളും ആവേശം കാരണം സജിന് നഷ്ടമായി. ഈ ക്യാരക്ടറിന് വേണ്ടി ബോഡിബില്‍ഡിങ് ഒക്കെ ചെയ്തതായിരുന്നു. പക്ഷേ ഞാന്‍ കരണമാണ് സജിന് ബാക്കി സിനിമകള്‍ നഷ്ടമായത്. അതില്‍ ഒരു സിനിമയായിരുന്നു ഭ്രമയുഗം. ഞാന്‍ ഷൂട്ടിന് കൃത്യമായി എത്താത്തതുകൊണ്ട് ഷൂട്ട് നീണ്ടുപോവുകയായിരുന്നു. വേറെ വഴിയില്ലാത്തതുകൊണ്ടാണ് സജിന്‍ ബാക്കി സിനിമകളോട് നോ പറഞ്ഞത്. സജിനോട് ഞാന്‍ അതിന്റെ പേരില്‍ സോറി ചോദിക്കുകയാണ്,’ ഫഹദ് പറഞ്ഞു.

Content Highlight: Fahadh reveals that Sajin Gopu cannot commit Bramayugam because of him