മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു സിനിമയുടെ ട്രെയ്‌ലര്‍ രണ്ട് വ്യത്യസ്ത ലൊക്കേഷനില്‍ വെച്ച് മമ്മൂട്ടിയും മോഹന്‍ലാലും ലോഞ്ച് ചെയ്യുകയാണ്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പേട്രിയറ്റിന്റെ ട്രെയ്‌ലറിനായി കാത്തിരിക്കുകയാണ് സിനിമാലോകം. അനൗണ്‍സ്‌മെന്റിന് ശേഷം കാര്യമായി ഹൈപ്പൊന്നുമില്ലാതിരിക്കുന്ന ചിത്രം ട്രെയ്‌ലറിന് ശേഷം ഹൈപ്പ് ഉയര്‍ത്തുമെന്നാണ് കരുതുന്നത്.
ഇപ്പോഴിതാ ട്രെയ്‌ലര്‍ ലോഞ്ചിന് മുമ്പ് ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോ വൈറലായിരിക്കുകാണ്. ചിത്രത്തിലെ ക്രൂവിനൊപ്പമുള്ള ഫോട്ടോയാണ് ഫഹദ് പങ്കുവെച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ കുഞ്ചാക്കോ ബോബനും രാജീവ് മേനോനും സംവിധായകന്‍ മഹേഷ് നാരായണനും സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമും ഫോട്ടോയിലുണ്ട്. ഇവര്‍ക്കൊപ്പം തുടരും സിനിമയിലൂടെ ശ്രദ്ധ നേടിയ പ്രകാശ് വര്‍മയുടെ സാന്നിധ്യവും പലരെയും അത്ഭുതപ്പെടുത്തി.
‘വരുന്നുണ്ട്’ എന്നാണ് ഫഹദ് ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. പ്രകാശ് വര്‍മയും പേട്രിയറ്റിന്റെ ഭാഗമാകുന്നുണ്ടോ എന്നാണ് പലരുടെയും സംശയം. തുടരും എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെതിരെ കട്ടക്ക് സ്‌കോര്‍ ചെയ്ത ജോര്‍ജ് സാര്‍ എന്ന വില്ലന്‍ പലരുടെയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ ബിഗ് എംസിനൊപ്പവും പ്രകാശ് വര്‍മ പ്രത്യക്ഷപ്പെടുമോ എന്നാണ് പലരും ചോദിക്കുന്നത്.
പ്രകാശ് വര്‍മയെപ്പോലെ ശ്രദ്ധ നേടിയ മറ്റൊരു താരമാണ് രാജീവ് മേനോന്‍. നടന്‍, സംവിധായകന്‍, ഛായാഗ്രഹകന്‍ എന്നീ മേഖലകളില്‍ ശ്രദ്ധ നേടിയ രാജീവ് മേനോന്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. ഹരികൃഷ്ണന്‍സാണ് രാജീവ് മേനോന്‍ ഭാഗമായ അവസാന മലയാള ചിത്രം. ചിത്രത്തിലെ ഗുപ്തന്‍ എന്ന കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. ‘ചൂട് ചായ ഊതിയൂതി കുടിക്കാനാണ് ഗുപ്തന് ഇഷ്ടം’ എന്ന ഡയലോഗ് ഇന്നും വൈറലാണ്.
പേട്രിയറ്റ് Photo: Theatrical poster
വന്‍ ബജറ്റില്‍ നാല് രാജ്യങ്ങളിലായി 150 ദിവസത്തിലേറെ നീണ്ടുനിന്ന ഷൂട്ടായിരുന്നു പേട്രിയറ്റിന്റേത്. സ്‌പൈ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനായ ഡാനിയല്‍ ജെയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേണല്‍ റഹീം നായിക് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ വില്ലന്‍. ഇന്ന് പുറത്തുവരുന്ന ട്രെയ്‌ലറില്‍ കഥയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.
എറണാകുളം കവിത തിയേറ്ററില്‍ മോഹന്‍ലാല്‍ ട്രെയ്‌ലര്‍ ലോഞ്ച് നടത്തുമ്പോള്‍ തൃശൂര്‍ രാഗം തിയേറ്ററില്‍ വെച്ചാണ് മമ്മൂട്ടി ട്രെയ്‌ലര്‍ പുറത്തുവിടുന്നത്. ട്രെയ്‌ലര്‍ റിലീസിന് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന പ്രൊമോഷന്‍ ഇന്റര്‍വ്യൂവിന് വേണ്ടിയും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്.
Content Highlight: Fahadh Faasil shared a photo with the crew of Patriot movie