കഴിഞ്ഞ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ആവേശം. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലായിരുന്നു നായകന്‍.
ഫഹദിനൊപ്പം ഒരുപാട് പുതുമുഖങ്ങളും സിനിമയില്‍ അഭിനയിച്ചിരുന്നു. ഫഹദ് ഫാസില്‍, നസ്രിയ, അന്‍വര്‍ റഷീദ് എന്നിവര്‍ ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെയും അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ പ്രൊഡക്ഷന്‍ ബാനറുകളുടെ കീഴിലാണ് ആവേശം നിര്‍മിച്ചത്.
ആക്ഷന്‍ – കോമഡി ഴോണറില്‍ എത്തിയ സിനിമക്ക് പാന്‍ ഇന്ത്യന്‍ ലെവലില്‍ റീച്ച് ലഭിച്ചിരുന്നു. എന്നാല്‍ താന്‍ ഇന്നുവരെ എല്ലാം ഭാഷയിലും ചെയ്യാന്‍ വേണ്ടിയിട്ട് ഒരു സിനിമ ചെയ്തിട്ടില്ലെന്ന് പറയുകയാണ് ഫഹദ് ഫാസില്‍.
‘ആവേശം അന്‍വറിന്റെയും നസ്രിയയുടെയും കോണ്‍ഫിഡന്‍സാണ്. സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ തന്നെ ബോളിവുഡില്‍ നിന്നൊക്കെയുള്ള സ്റ്റുഡിയോസ് വന്നിരുന്നു. മെയിന്‍ വില്ലനെ ബോളിവുഡില്‍ നിന്ന് ആക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപോലെ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാനും പറഞ്ഞിരുന്നു,’ ഫഹദ് ഫാസില്‍ പറഞ്ഞു.
താന്‍ അത് പ്രൊഡ്യൂസറിന് വിട്ടുകൊടുത്ത കാര്യമാണെന്നും ‘നിങ്ങള്‍ക്ക് ഇത് വേറെ രീതിയില്‍ മോണിറ്റര്‍ ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്‌തോളൂ’ എന്നാണ് താന്‍ പറയാറുള്ളതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. അതില്‍ താന്‍ ഒരിക്കലും ഇടപ്പെടാറില്ലെന്നും ഫഹദ് പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പക്ഷെ ആവേശം സിനിമയില്‍ ഞാന്‍ ഡിസിഷന്‍ മേക്കേഴ്‌സില്‍ ഒരാളായിരുന്നു. അതുകൊണ്ട് മലയാളം മാത്രമേ തിയേറ്ററില്‍ വരികയുള്ളൂവെന്ന് തീരുമാനിച്ചു. ഒ.ടി.ടി റിലീസില്‍ വേണമെങ്കില്‍ എന്തും ചെയ്യാം. ആവശ്യമില്ലാതെ പാന്‍ ഇന്ത്യന്‍ പരിപാടിക്കൊന്നും പോകേണ്ടെന്ന് തീരുമാനിച്ചു.
പക്ഷെ സത്യത്തില്‍ അങ്ങനെ പോകാത്തത് കൊണ്ടാണ് അതൊരു പാന്‍ ഇന്ത്യന്‍ ആയി മാറിയത്. ഹിന്ദിയിലും തെലുങ്കിലും തമിഴിലുമൊക്കെ അതിന്റെ റൈറ്റ്‌സ് പോയി. എനിക്ക് പൊതുവെ ഇവിടെ ചുരുങ്ങി നില്‍ക്കുന്ന സിനിമ ചെയ്യാനാണ് താത്പര്യം,’ ഫഹദ് ഫാസില്‍ പറയുന്നു.
Content Highligt: Fahadh Faasil Talks About Pan Indian Reach Of Aavesham Movie
