ഒരു സിനിമാസെറ്റില്‍ ഇത്ര സിമ്പിളായി ഇരിക്കാന്‍ ആ സൂപ്പര്‍സ്റ്റാറിന് എങ്ങനെ സാധിക്കുന്നു എന്ന് തോന്നിപ്പോയി: ഫഹദ് ഫാസില്‍
Indian Cinema
ഒരു സിനിമാസെറ്റില്‍ ഇത്ര സിമ്പിളായി ഇരിക്കാന്‍ ആ സൂപ്പര്‍സ്റ്റാറിന് എങ്ങനെ സാധിക്കുന്നു എന്ന് തോന്നിപ്പോയി: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd August 2025, 11:46 am

ആദ്യസിനിമയിലെ അഭിനയത്തിന് പഴികേള്‍ക്കേണ്ടി വരികയും രണ്ടാം വരവില്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയാവുകയും ചെയ്ത നടനാണ് ഫഹദ് ഫാസില്‍. തന്നിലെ അഭിനേതാവിന് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഫഹദ് മൂന്ന് സംസ്ഥാന അവാര്‍ഡും ഒരു ദേശീയ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

മലയാളത്തിന് പുറത്ത് മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഫഹദിന് സാധിച്ചിട്ടുണ്ട്. രജിനികാന്ത് നായകനായി കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു വേട്ടൈയന്‍. പൊലീസ് എന്‍കൗണ്ടറുകള്‍ക്കെതിരെ സംസാരിച്ച ചിത്രത്തില്‍ ഫഹദും ശക്തമായ വേഷം കൈകാര്യം ചെയ്തിരുന്നു. രജിനിക്കൊപ്പമുള്ള രംഗങ്ങളില്‍ അദ്ദേഹത്തെക്കാള്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തത് ഫഹദായിരുന്നു. രജിനികാന്തിനെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ്.

‘സെറ്റില്‍ ഒരാള്‍ ഇത്രയും സിമ്പിളായി ഇരിക്കുന്നത് ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ആക്ടറെന്നല്ല, ഒരു മനുഷ്യനും സിനിമാസെറ്റില്‍ ഇത്ര സമാധാനത്തോടെയും സിമ്പിളായും ഇരിക്കുന്നത് കണ്ടിട്ടില്ലെന്ന് തന്നെ പറയാം. ആര്‍ക്കെങ്കിലും അദ്ദേഹത്തോട് പോയി സംസാരിക്കണമെങ്കില്‍ സംസാരിക്കാം. അത്രക്ക് ഫ്രീഡമാണ്. ഞാന്‍ അതൊക്കെ കണ്ട് അന്തം വിട്ടിട്ടുണ്ട്.

വേട്ടൈയനില്‍ എന്റെ കഥാപാത്രം മരിക്കുമെന്നുള്ളത് ആദ്യമേ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നു. പക്ഷേ, ഏറ്റവും വിഷമിപ്പിച്ചത് ആ സീന്‍ ഷൂട്ട് ചെയ്തത് പുലര്‍ച്ചെ രണ്ട് മണിക്കോ മറ്റോ ആയിരുന്നു. അത്രയും എക്‌സ്‌ഹോസ്റ്റഡായിട്ടാണ് സാറും ഞാനും ആ സീനില്‍ പെര്‍ഫോം ചെയ്തത്. നല്ല രസമായിരുന്നു ആ സീനിന്റെ ഷൂട്ട് എന്ന് പറയാം.

സാറും ആ സീന്‍ നല്ല രീതിയില്‍ ചെയ്‌തെന്ന് പറഞ്ഞു. ഷൂട്ട് ചെയ്ത് കഴിഞ്ഞ് ഞങ്ങളെല്ലാവരും മോണിറ്ററില്‍ ആ സീന്‍ ഇട്ട് കണ്ടു. എല്ലാവര്‍ക്കും ഓക്കെ യായി. സാറും എന്നോട് ആ സീനിനെപ്പറ്റി നല്ലതായിരുന്നു പറഞ്ഞത്. ആ സിനിമ മൊത്തത്തില്‍ എനിക്ക് നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു സമ്മാനിച്ചത്,’ ഫഹദ് ഫാസില്‍ പറയുന്നു.

ജയ് ഭീമിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വേട്ടൈയന്‍. ആദിയന്‍ ഐ.പി.എസ് എന്ന കഥാപാത്രമായി രജിനികാന്ത് വേഷമിട്ട ചിത്രത്തില്‍ വന്‍ താരനിര അണിനിരന്നിരുന്നു. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, ദുഷാരാ വിജയന്‍, റിതിക സിങ്, റാണാ ദഗ്ഗുബട്ടി എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.

Content  Highlight: Fahadh Faasil shares the shooting experience with Rajnikanth in Vettaiyan movie