എന്റെ പരിമിതികളെക്കുറിച്ച് എന്നെക്കാള്‍ നന്നായി അവര്‍ക്ക് ബോധ്യമുണ്ട്, അതിനെ മറികടക്കാനാണ് ശ്രമിക്കുന്നത്: ഫഹദ് ഫാസില്‍
Malayalam Cinema
എന്റെ പരിമിതികളെക്കുറിച്ച് എന്നെക്കാള്‍ നന്നായി അവര്‍ക്ക് ബോധ്യമുണ്ട്, അതിനെ മറികടക്കാനാണ് ശ്രമിക്കുന്നത്: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th August 2025, 9:57 pm

ആദ്യസിനിമയില്‍ നേരിടേണ്ടി വന്ന പരിഹാസങ്ങളെയെല്ലാം രണ്ടാം വരവില്‍ കാറ്റില്‍പ്പറത്തിയ നടനാണ് ഫഹദ് ഫാസില്‍. ഇന്ന് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിലൊരാളാണ് അദ്ദേഹം. ഭാഷാതിര്‍ത്തികള്‍ക്കും അപ്പുറം ഫഹദിന്റെ പേര് ഇന്ത്യന്‍ സിനിമയിലെ പല വമ്പന്മാരും എല്ലാ ചര്‍ച്ചകളിലും സൂചിപ്പിക്കാറുണ്ട്. പാന്‍ ഇന്ത്യന്‍ സെന്‍സേഷനായി മാറാന്‍ രണ്ടാം വരവില്‍ ഫഹദിന് സാധിച്ചു.

ഓരോ സിനിമയിലും വ്യത്യസ്ത വേഷപ്പകര്‍ച്ച നടത്താന്‍ ഫഹദിന് സാധിക്കുന്നുണ്ട്. ആവേശത്തിലെ രംഗണ്ണനില്‍ നിന്ന് ബോഗെയ്ന്‍വില്ലയിലെ പൊലീസ് ഓഫീസറിലേക്ക് നിസാരമായി കൂടുമാറാന്‍ താരത്തിന് കഴിഞ്ഞു. ഇപ്പോഴിതാ തന്റെ പരിമിതികളെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്‍. ഓരോ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും താന്‍ പ്രത്യേകം തയാറെടുപ്പുകള്‍ നടത്താറുണ്ടെന്ന് ഫഹദ് പറഞ്ഞു.

‘എനിക്ക് കിട്ടുന്ന ലൈന്‍സ് എല്ലാം ഞാന്‍ കറക്ടായി പഠിക്കാറുണ്ട്. പക്ഷേ, അത് കൊണ്ട് മാത്രം കാര്യമായില്ല. ആ ക്യാരക്ടര്‍ എങ്ങനെയാണ് പെരുമാറുക എന്ന കാര്യത്തില്‍ പ്രത്യേകം തയാറെടുപ്പുകള്‍ നടത്താറുണ്ട്. അത് എനിക്ക് വലിയൊരു കടമ്പയാണ്. എന്നെ സംബന്ധിച്ച് മുമ്പ് ചെയ്തുവെച്ചതില്‍ നിന്ന് എന്താണ് വ്യത്യസ്തമായി ചെയ്യുക എന്ന ചിന്തയാണ് അലട്ടുന്നത്.

എനിക്ക് മാത്രമല്ല, പല ആര്‍ട്ടിസ്റ്റുകള്‍ക്കും അത് വലിയൊരു വെല്ലുവിളിയാണെന്നാണ് ഞാന്‍ കരുതുന്നത്. കാരണം, എന്റെ പരിമിതികളെന്തൊക്കെയാണെന്ന് കൃത്യമായ ബോധ്യം എനിക്കുണ്ട്. അത് മനസിലാക്കി കൃത്യമായി പഠിച്ച് മുന്നോട്ടുപോകാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കാരണം, നമ്മളെ കൃത്യമായി നിരീക്ഷുന്നവരാണ് ഓഡിയന്‍സ്. അവരുടെ മുന്നില്‍ നമ്മല്‍ പഴയത് ആവര്‍ത്തിക്കുന്നത് ശരിയല്ല.

എന്റെ ലിമിറ്റേഷന്‍സ് എന്തൊക്കെയാണെന്ന് എന്നെക്കാള്‍ നന്നായി അവര്‍ക്ക് അറിയാം. അതിനനുസരിച്ച് ഞാന്‍ എന്നെ സ്വയം തയാറാക്കിക്കൊണ്ടിരിക്കും. എല്ലായ്‌പ്പോഴും പുതിയതായി എന്തെങ്കിലും നല്‍കിയില്ലെങ്കില്‍ അവര്‍ക്ക് മടുക്കും. അത് എല്ലാവരും ഫോളോ ചെയ്യേണ്ടതാണ്. അതിന് വേണ്ടി ട്രെയ്ന്‍ ചെയ്തുകൊണ്ടിരിക്കണം,’ ഫഹദ് ഫാസില്‍ പറഞ്ഞു.

ഫഹദ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളക്ക് ശേഷം അല്‍ത്താഫ് സലിം സംവിധായകകുപ്പായമണിയുന്ന ചിത്രമാണിത്. കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന ചിത്രത്തില്‍ ലാല്‍, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.

Content Highlight: Fahadh Faasil saying he is well aware about his limitations