മാമന്നനിലെയും പുഷ്പയിലെയും എന്റെ കഥാപാത്രം അങ്ങനെ ചെയ്തതിനോട് എനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ല: ഫഹദ് ഫാസില്‍
Film News
മാമന്നനിലെയും പുഷ്പയിലെയും എന്റെ കഥാപാത്രം അങ്ങനെ ചെയ്തതിനോട് എനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ല: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th May 2024, 8:56 am

താന്‍ ചെയ്ത വില്ലന്‍ കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്‍. ഈ രണ്ട് സിനിമയിലും തന്റെ കഥാപാത്രം ഒരു നായയെ കൊല്ലുന്നുണ്ടെന്നും അതിനോട് ഒരിക്കലും തനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ലെന്നും ഫഹദ് പറഞ്ഞു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. രണ്ട് സിനിമയിലും നായയെ കൊന്നില്ലെങ്കില്‍ പോലും പ്രേക്ഷകര്‍ക്കിടയില്‍ ആ കഥാപാത്രങ്ങള്‍ ഇംപാക്ട് ഉണ്ടാക്കിയേനെ എന്നും ഫഹദ് പറഞ്ഞു.

മാമന്നന്‍ ചെയ്ത സമയത്ത് ആ സീന്‍ ഒഴിവാക്കാന്‍ വേണ്ടി താന്‍ മാരിയോട് പറഞ്ഞെന്നും മാരി തന്നെ കണ്‍വിന്‍സ് ചെയ്ത് ഓക്കെ ആക്കിയെന്നും ഫഹദ് പറഞ്ഞു. മാരി തന്റെ വ്യത്യസ്തമായ എഡിറ്റിങ് പാറ്റേണ്‍ വെച്ച് ആ സീന്‍ പ്രസന്റ് ചെയ്തുവെന്നും ഫഹദ് പറഞ്ഞു. താന്‍ ഒരു നായ സ്‌നേഹി ആയതുകൊണ്ട് ഇത്തരം സീനുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘മാമന്നന്‍ സിനിമയില്‍ നായയെ അടിച്ച് കൊല്ലുന്ന സീനിനോട് എനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. ആ ഒരു കാര്യം ഇല്ലായിരുന്നെങ്കിലും രത്‌നവേല്‍ എന്ന കഥാപാത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ ഇംപാക്ട് ഉണ്ടാക്കാന്‍ കഴിയുമായിരുന്നു. ആ സീന്‍ ഒഴിവാക്കാന്‍ പറ്റുമോ എന്ന് ഞാന്‍ മാരിയോട് ചോദിച്ചു. പക്ഷേ മാരി എന്നെ കണ്‍വിന്‍സ് ചെയ്ത് ആ സീന്‍ കളഞ്ഞില്ല.

അയാളുടെ വ്യത്യസ്തമായ എഡിറ്റിങ് ശൈലി വെച്ച് ആ സീന്‍ നല്ല രീതിയില്‍ എക്‌സിക്യൂട്ട് ചെയ്തു. ഇതേ കാര്യം ഞാന്‍ പുഷ്പയിലും ചെയ്തിട്ടുണ്ട്. ആ സിനിമയുടെ അവസാനവും ഞാന്‍ നായയെ കൊല്ലുന്നുണ്ട്. ഞാന്‍ ഒരു നായ സ്‌നേഹിയാണ്. അതുകൊണ്ട് എനിക്ക് ഒരിക്കലും ഇത്തരം സീനുകളോട് യോജിക്കാന്‍ കഴിയില്ല,’ ഫഹദ് പറഞ്ഞു.

Content Highlight: Fahadh Faasil saying he cannot agree with the dog killing scenes in Mamannan and Pushpa