സിനിമാപ്രേമികളുടെ ഇഷ്ടതാരങ്ങളിലൊരാളാണ് ഫഹദ് ഫാസില്‍. സംവിധായകന്‍ ഫാസിലിന്റെ മകനെന്ന രീതിയില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന ഫഹദിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ്യചിത്രത്തിലെ മോശം പെര്‍ഫോമന്‍സില്‍ ഒരുപാട് വിമര്‍ശനമേറ്റുവാങ്ങിയ ഫഹദ് തിരിച്ചുവരവില്‍ പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറി.
കരിയറില്‍ ഏറ്റവും ഇംപാക്ടുണ്ടാക്കിയ സിനിമയേതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഫഹദ് ഫാസില്‍. രണ്ടാം വരവില്‍ ചെയ്ത ചാപ്പാ കുരിശ് തന്റെ കരിയറില്‍ വലിയൊരു ഇംപാക്ടുണ്ടാക്കിയെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. ആ സിനിമക്ക് മുമ്പും ശേഷവുമുള്ള തന്റെ അഭിനയത്തില്‍ മാറ്റമൊന്നും വന്നില്ലെന്നും എന്നാല്‍ സിനിമയോടുള്ള തന്റെ സമീപനത്തില്‍ മാറ്റമുണ്ടായെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതുവരെ ചെയ്ത സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ട്രീറ്റ്‌മെന്റായിരുന്നു ചാപ്പാ കുരിശിന്റെ സെറ്റെന്നും അദ്ദേഹം പറയുന്നു. ആ സിനിമയിലെ കഥാപാത്രം തന്നെ വല്ലാതെ ഇന്‍ഫ്‌ളുവന്‍സ് ചെയ്‌തെന്നും ആ സിനിമയുടെ കഥ അത്രമാത്രം തനിക്ക് വര്‍ക്കായെന്നും ഫഹദ് ഫാസില്‍ പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു താരം.
‘കൈയെത്തും ദൂരത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. അതിന് ശേഷം തിരിച്ചുവരവില്‍ ചെറിയ ചില വേഷങ്ങളെല്ലാം ചെയ്താണ് ഞാന്‍ വീണ്ടും തുടങ്ങിയത്. അതില്‍ ചിലത് നല്ല പ്രശംസ നല്‍കുകയും മറ്റ് ചിലത് ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു. എന്നാല്‍ കരിയറില്‍ വലിയൊരു മാറ്റമുണ്ടാക്കിയെന്ന് ഞാന്‍ കരുതുന്ന സിനിമ ചാപ്പാ കുരിശാണ്.
ആ സിനിമയിലെ അര്‍ജുന്‍ എന്ന കഥാപാത്രം കരിയറില്‍ ഉണ്ടാക്കിയ ഇംപാക്ട് വലുതായിരുന്നു. മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായാണ് ഞാന്‍ ആ ചിത്രത്തെ സമീപിച്ചത്. അതുവരെ കണ്ടുശീലിച്ച സിനിമാരീതികളില്‍ നിന്ന് ഒരുപാട് മാറ്റങ്ങള്‍ ചാപ്പാ കുരിശിലുണ്ടായിരുന്നു. എന്നെ ആകര്‍ഷിച്ചതും ആ ഒരു കാര്യമാണ്.
വലിയ ലൈറ്റുകളൊന്നുമില്ലാതെ നാച്ചുറല്‍ ലൈറ്റില്‍ മാത്രം ഷൂട്ട് ചെയ്യുക, ഡി5 ക്യാമറയില്‍ ഷൂട്ട് ചെയ്യുക എന്നതൊക്കെ എനിക്ക് പുതിയ കാര്യങ്ങളായിരുന്നു. ആ സിനിമയില്‍ എന്റെ ഷോള്‍ഡറിന്റെ സൈഡിലൂടെ ഒരു ഷോട്ട് എടുക്കുന്നതിനിടയില്‍ സമീര്‍ വീണു. അയാളുടെ തോള്‍ ഡിസ്‌ലൊക്കേറ്റഡായി. മുമ്പ് ഒരു സിനിമയിലും അങ്ങനെയുള്ള അനുഭവങ്ങളുണ്ടായിട്ടില്ല. സിനിമയോടുള്ള സമീപനത്തില്‍ തന്നെ മാറ്റമുണ്ടായി,’ ഫഹദ് ഫാസില്‍ പറഞ്ഞു.
Content Highlight: Fahadh Faasil saying Chappa Kurish movie made an impact in his career