മലയാളത്തില്‍ കരിയര്‍ ആരംഭിച്ച് ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയ നടനാണ് ഫഹദ് ഫാസില്‍. ആദ്യചിത്രത്തിലെ അഭിനയത്തിന് വിമര്‍ശനം ലഭിച്ച ഫഹദ് തിരിച്ചുവരവില്‍ ഇന്‍ഡസ്ട്രിയെ ഒന്നാകെ ഞെട്ടിച്ചു. ഏത് തരത്തിലുള്ള കഥാപാത്രവും അനായസമായി അവതരിപ്പിക്കുന്ന ഫഹദ് സംസ്ഥാന, ദേശീയ അവാര്‍ഡുകളും തന്റെ പേരിലാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്‍. കാര്‍ബണ്‍ തനിക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. ഇനി ഒരവസരം ലഭിച്ചാല്‍ തിരിച്ചുപോയി ആ സിനിമ ഒന്നുകൂടി ചെയ്യുമെന്നും എന്നാല്‍ ചെറിയൊരു വ്യത്യാസം മാത്രമേ ഉണ്ടാകുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ ക്ലൈമാക്‌സ് ഇപ്പോള്‍ കാണുന്നതുപോലെ ആയിരുന്നില്ലെന്നും ആദ്യത്തെ ക്ലൈമാക്‌സായിരുന്നു തനിക്ക് ഏറെ പ്രിയപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ആ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തില്ലെന്നും പകരം ആ സീന്‍ മാറ്റിയെഴുതിയെന്നും ഫഹദ് പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ഫഹദ് ഫാസില്‍.
‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലും ഞാന്‍ കള്ളനായിട്ടാണ് വേഷമിട്ടത്. അതിലെ കഥാപാത്രവും മാരീസനിലെ ദയാലനും തമ്മില്‍ വ്യത്യാസമുണ്ട്. ആ കഥാപാത്രങ്ങളുടെ സ്വഭാവത്തില്‍ അത് കാണാന്‍ സാധിക്കും. കള്ളത്തരം കൈയിലുള്ള കഥാപാത്രങ്ങളാണ് ഇത് രണ്ടും. എന്നാല്‍ ഞാന്‍ ഇതുവരെ ചെയ്തതില്‍ എന്റെ പേഴ്‌സണല്‍ ഫേവറെറ്റ് വേറൊരു സിനിമയാണ്.
കാര്‍ബണാണ് ആ സിനിമ, തിരിച്ച് ആ സമയത്തിലേക്ക് പോകാന്‍ അവസരം ലഭിച്ചാല്‍ ചെറിയ ചില മാറ്റങ്ങളോടെ ഇന്ന് പ്രേക്ഷകരിലേക്കെത്തിക്കണമെന്ന് ആഗ്രഹമുണ്ട്. ആ സിനിമയുടെ ക്ലൈമാക്‌സില്‍ മാറ്റം വരുത്താനാണ് ആഗ്രഹം. ഇപ്പോള്‍ നിങ്ങള്‍ കാണുന്ന ക്ലൈമാക്‌സായിരുന്നില്ല ആദ്യം പ്ലാന്‍ ചെയ്തത്. ഞാന്‍ ഒരു കുരങ്ങനോട് സംസാരിക്കുന്നതായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പോര്‍ഷനായിരുന്നു അത്.
പക്ഷേ, ക്യാമറാമാനും സംവിധായകനും ഈ സിനിമയില്‍ ഒറ്റ സീനില്‍ പോലും വി.എഫ്.എക്‌സ് ഷോട്ടും ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചു. എല്ലായിടത്തു നിന്നും എസ്‌കേപ്പാകാന്‍ കഴിവുള്ള ഒരാള്‍ കാട്ടില്‍ പെട്ടുപോകുന്നു. അയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഒരു കുരങ്ങന്‍ അത് തടുക്കുന്നു. കാലങ്ങളായി മനുഷ്യരാല്‍ ട്രാപ്പിലാകുന്ന ഒരു കുരങ്ങനും ഈ മനുഷ്യനും തമ്മിലുള്ള സംഭാഷണമാണ് ആ സിനിമയുടെ ക്ലൈമാക്‌സില്‍. അത് മാറ്റിയത് വിഷമമുണ്ടാക്കി,’ ഫഹദ് ഫാസില്‍ പറയുന്നു.
Content Highlight: Fahadh Faasil saying Carbon is his favorite film he ever acted