130 കോടി ബജറ്റുള്ള പടം സാര്‍... ഒരു ഷേവിങ് സെറ്റില്‍ തീര്‍ക്കേണ്ട പരിപാടിയെ കുളമാക്കി, പേട്രിയറ്റില്‍ ഫഹദിന്റെ ഡീ ഏജിന് വിമര്‍ശനം
Malayalam Cinema
130 കോടി ബജറ്റുള്ള പടം സാര്‍... ഒരു ഷേവിങ് സെറ്റില്‍ തീര്‍ക്കേണ്ട പരിപാടിയെ കുളമാക്കി, പേട്രിയറ്റില്‍ ഫഹദിന്റെ ഡീ ഏജിന് വിമര്‍ശനം
അമര്‍നാഥ് എം.
Saturday, 6th June 2026, 7:50 pm

മലയാളസിനിമ കണ്ട ഏറ്റവും വലിയ ബജറ്റിലും സ്റ്റാര്‍ കാസ്റ്റിലും വന്ന ചിത്രമാണ് പേട്രിയറ്റ്. മോളിവുഡിലെ ബിഗ് എംസിനൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവര്‍ അണിനിരന്ന ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമേറ്റുവാങ്ങുകയായിരുന്നു. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു.

സീ ഫൈവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്റര്‍ പരാജയത്തിന് ശേഷം ഒ.ടി.ടിയിലെത്തിയ ചിത്രത്തിലെ പല രംഗങ്ങളും ട്രോള്‍ മെറ്റീരിയലാവുകയാണ്. ഗംഭീരമായ മേക്കിങ്ങും പൊളിറ്റിക്‌സുമുണ്ടെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പല ഘടകങ്ങളും പേട്രിയറ്റില്‍ ഇല്ലാത്തതാണ് പരാജയകാരണം. ചിത്രത്തിലെ പല മോശം സീനുകളും ഇപ്പോള്‍ ട്രോളന്മാരുടെ പ്രധാന ഇരയാണ്.

അത്തരത്തിലൊന്നാണ് ഫഹദ് അവതരിപ്പിച്ച ശക്തി എന്ന കഥാപാത്രത്തിന്റെ ഫ്‌ളാഷ്ബാക്ക്. നേവിയിലെ ഓഫീസര്‍ ജോലിയില്‍ നിന്ന് ടെര്‍മിനേറ്റ് ചെയ്യപ്പെട്ട ശക്തി പിന്നീട് അച്ഛന്റെ തണലില്‍ ഒരു കോര്‍പ്പറേറ്റ് സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. ചിത്രത്തില്‍ വളരെ കുറച്ച് നേരം മാത്രമേ ശക്തിയുടെ പഴയകാലം കാണിക്കുന്നുള്ളൂ.

എന്നാല്‍ ഈ സീനുകളില്‍ ഫഹദിനെ ഡീ ഏജ് ചെയ്തത് പാളിയിട്ടുണ്ട്. മീശയും താടിയും ഗ്രാഫിക്‌സ് ഉപയോഗിച്ച് മായ്ച്ചാണ് ഫഹദിനെ അവതരിപ്പിച്ചത്. കാണുമ്പോള്‍ തന്നെ അയ്യേ എന്ന ഫീലാണ് തോന്നുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. പ്രായം കുറക്കാനായിരുന്നെങ്കില്‍ ഒരു ഷേവിങ് സെറ്റ് ഉപയോഗിച്ച് താടിയും മീശയും വടിച്ചിട്ട് അഭിനയിപ്പിച്ചുകൂടെ എന്നാണ് പലരുടെയും ചോദ്യങ്ങള്‍.

ഹോളിവുഡ് ചിത്രം ജസ്റ്റിസ് ലീഗിലെ ഹെന്റി കാവിളുമായി പേട്രിയറ്റിലെ ഫഹദിനെ താരതമ്യം ചെയ്യുന്നവരുമുണ്ട്. ജസ്റ്റിസ് ലീഗ് ഷൂട്ട് ചെയ്ത ശേഷം ഹെന്റി മിഷന്‍ ഇംപോസിബിള്‍ എന്ന ചിത്രത്തിലേക്ക് കടന്നു. എന്നാല്‍ ജസ്റ്റിസ് ലീഗ് റീഷൂട്ട് ചെയ്യേണ്ടി വന്നപ്പോള്‍ താരം മീശ വടിക്കാതെയാണ് അഭിനയിച്ചത്. പിന്നീട് സി.ജി.ഐ ഉപയോഗിച്ചത് മീശ മായ്ച്ചത് ട്രോള്‍ മെറ്റീരിയലായി മാറി.

ജസ്റ്റിസ് ലീഗിലേത് പോലുള്ള ഹോളിവുഡ് ലെവലാണോ സംവിധായകന്‍ ഉദ്ദേശിച്ചതെന്നാണ് പലരുടെയും പരിഹാസം. 130 കോടി ബജറ്റുള്ളപ്പോള്‍ ഈയൊരു സീനിന് വേണ്ടി കുറച്ചധികം കാശ് മുടക്കിക്കൂടായിരുന്നോ എന്നും ചോദ്യങ്ങളുണ്ട്. ചിത്രത്തിലെ മറ്റ് പല ന്യൂനതകളും ഇതിനോടകം ട്രോള്‍ മെറ്റീരിയലായി മാറിയിട്ടുണ്ട്.

Content Highlight: Fahadh Faasil’s de aging scene in Patriot Movie getting trolls after OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം