ട്രാന്‍സിലെ ആദ്യ ഗാനം പുറത്തിറങ്ങി; ഏറ്റെടുത്ത് ആരാധകര്‍
malayalam movie
ട്രാന്‍സിലെ ആദ്യ ഗാനം പുറത്തിറങ്ങി; ഏറ്റെടുത്ത് ആരാധകര്‍
ന്യൂസ് ഡെസ്‌ക്
Friday, 24th January 2020, 9:30 pm

ആരാധകര്‍ കാത്തിരിക്കുന്ന ഫഫദ്‌-നസ്രിയ ചിത്രം ട്രാന്‍സിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഗ്രാഫിക് ഇമേജുകളാല്‍ നിറഞ്ഞ പാട്ടില്‍ നസ്രിയയാണ് മുഴുനീളെ പ്രത്യക്ഷപ്പെടുന്നത്. ഗാനം പുറത്തിറങ്ങി മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോഴേക്കും രണ്ട് ലക്ഷത്തിലധികം പേരാണ് യുട്യൂബില്‍ മാത്രം കണ്ടിരിക്കുന്നത്.

ഹിന്ദിയിലും മലയാളത്തിലുമാണ് പാട്ടിന്റെ വരികള്‍. കമല്‍ കാര്‍ത്തിക്കാണ് ഹിന്ദി വരികള്‍ എഴുതിയിരിക്കുന്നത്. സ്‌നേഹഖാന്‍ വാല്‍ക്കറാണ് പാടിയിരിക്കുന്നത്. എന്നാല്‍ പാട്ടിലെ മലയാളം വരികള്‍ പാടിയിരിക്കുന്നത് നേഹ നായരാണ്. വിനായക് ശശികുമാറാണ് മലയാളത്തിലെ വരികള്‍ എഴുതിയിരിക്കുന്നത്. നേരത്തെ പാട്ടിന്റെ ടീസര്‍ പുറത്തു വിട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിരവധി തവണ റിലീസ് മാറ്റിവെച്ച ചിത്രം ഫെബ്രുവരി 14 വാലെന്റൈന്‍സ് ഡേയില്‍ ആണ് തീയറ്ററുകളിലെത്തുന്നത്. ഏഴു വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധായകനായി എത്തുന്ന ചിത്രമാണ് ട്രാന്‍സ്.

തമിഴിലെ പ്രമുഖ സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അഞ്ജലി മേനോന്റെ കൂടെയിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്.

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ചെയ്യുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് സംവിധായകന്‍ കൂടിയായ അമല്‍ നീരദ് ആണ്. നവാഗതനായ വിന്‍സെന്റ് വടക്കനാണ് ചിത്രത്തിന് കഥ തയ്യാറാക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ എന്നിവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.