എനിക്ക് ഷൂട്ട് ചെയ്യാന്‍ പറ്റില്ലെന്ന് ലോകേഷിനോട് പറഞ്ഞു, അന്ന് ഷൂട്ട് നടന്നില്ല, കമല്‍ സാര്‍ ഓഫീസിലേക്ക് വിളിപ്പിച്ചു: ഫഹദ് ഫാസില്‍
Film News
എനിക്ക് ഷൂട്ട് ചെയ്യാന്‍ പറ്റില്ലെന്ന് ലോകേഷിനോട് പറഞ്ഞു, അന്ന് ഷൂട്ട് നടന്നില്ല, കമല്‍ സാര്‍ ഓഫീസിലേക്ക് വിളിപ്പിച്ചു: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th July 2022, 10:23 pm

ലോകേഷ്-കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് വിക്രം. ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ എന്നിവര്‍ അണിനിരന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്തത്. പിന്നീടുള്ള ഒരു മാസക്കാലം അക്ഷാരാര്‍ത്ഥത്തില്‍ വിക്രം തരംഗമായിരുന്നു.

മിന്നും പ്രകടനമാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ നടത്തിയത്. ചിത്രത്തിലെ ഷൂട്ടുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഫഹദ്. ആദ്യദിവസം ഷൂട്ട് നടക്കാതെ പോയതിനെ പറ്റി അദ്ദേഹം പേളി മാണി ഷോയില്‍ സംസാരിച്ചു.

‘വിക്രത്തില്‍ കമല്‍ സാറിനോട് ഹ്യൂജ് ഫാനാണെന്ന് പറയുന്ന ഡയലോഗ് കമല്‍ സാറിനുള്ള ട്രിബ്യൂട്ട് ആയിരുന്നു. അത് ഞാന്‍ മാത്രമല്ല, ഷൂട്ട് ചെയ്യുമ്പോള്‍ ആ മുറിയിലുണ്ടായിരുന്ന എല്ലാവരും ഒരുമിച്ച് പറഞ്ഞ ഡയലോഗ് ആണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാനാണ്.

 

എനിക്ക് ഒരു ഫ്രണ്ടിനെ കിട്ടിയത് പോലെയാണ് തോന്നിയത്. സിനിമ, ജീവിതം അദ്ദേഹത്തോട് എന്ത് വേണമെങ്കിലും സംസാരിക്കാം. എല്ലാത്തിനും ഉത്തരമുണ്ട്,’ ഫഹദ് പറഞ്ഞു.

‘ഞാന്‍ ആദ്യം ചെന്നൈയില്‍ ചെന്ന ദിവസം രാത്രിയിലാണ് ഷൂട്ട്. ലോകേഷ് വന്ന് എന്നോട് സീന്‍ ഒക്കെ പറഞ്ഞു. സീന്‍ നോക്കി ഡയലോഗ് പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ ഡയലോഗൊക്കെ പറയുന്നത് കമല്‍ സാറിനോടാണെന്ന് മനസിലായത്. ഫസ്റ്റ് ഡേ കമല്‍ സാറുമായിട്ടാണോ ഷൂട്ട് എന്ന് ഞാന്‍ ലോകേഷിനോട് ചോദിച്ചു. അദ്ദേഹം ആണെന്ന് പറഞ്ഞു. എനിക്ക് ഷൂട്ട് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. അന്ന് ഷൂട്ട് ചെയ്തില്ല.

കമല്‍ സാര്‍ ഞങ്ങളെ ഓഫീസിലേക്ക് വിളിപ്പിച്ചു. അന്ന് മുഴുവന്‍ അവിടെ സംസാരിച്ച് ഇരുന്നു. ഞാന്‍ ഒരു ഫാന്‍ ബോയ് മൊമെന്റില്‍ നില്‍ക്കുകയാണ്, എന്നെ ഒന്ന് തണുപ്പിക്കണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പുള്ളി പഴയ കഥകളൊക്കെ പറഞ്ഞു. നമ്മള്‍ സ്‌പെഷ്യലാണെന്ന് തോന്നിപ്പിക്കും വിധമാണ് അദ്ദേഹത്തിന്റെ സംസാരം. നമ്മള്‍ സേഫാണെന്ന് തോന്നും.

 

നാളെ ഇനി ഇവിടെ പടം ചെയ്യാന്‍ ഒരു പ്രൊഡ്യൂസറെ കിട്ടിയില്ലെങ്കില്‍ രാജ് കമല്‍ പ്രൊഡക്ഷന്‍സില്‍ പോയി എനിക്കൊരു പ്രൊഡ്യൂസറെ വേണമെന്ന് പറയാം. അത്രയും സ്വാതന്ത്ര്യം അദ്ദേഹം തന്നിട്ടുണ്ട്,’ ഫഹദ് കൂട്ടിച്ചേര്‍ത്തു.

Content Highlight: fahad fasil spoke about the first day of the shoot not happening in vikram movie