ടി.ജെ. ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് വേട്ടൈയന്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തിയേറ്ററിലെത്തിയ ചിത്രത്തില്‍ രജിനികാന്ത്, ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവരായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പാട്രിക് എന്ന കള്ളന്‍ വേഷത്തിലായിരുന്നു ഫഹദ് ചിത്രത്തിലെത്തിയത്.
വേട്ടൈയനില്‍ പാട്രിക് എന്ന കഥാപാത്രത്തെ അല്ലായിരുന്നു താന്‍ ചെയ്യേണ്ടിയിരുന്നതെന്ന് ഫഹദ് ഫാസില്‍ പറയുന്നു. ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വേട്ടൈയനില്‍ എനിക്ക് വ്യത്യസ്തമായ ഒരു വേഷത്തിനാണ് ആദ്യം വിളിച്ചത്. സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍ അതേ സിനിമയിലേക്ക് തന്നെയാണ് എന്നെ വിളിച്ചത്. പക്ഷേ വേറൊരു റോളിലേക്കായിരുന്നു. എന്നാല്‍ കഥ കേട്ടപ്പോള്‍ എനിക്ക് പാട്രിക് എന്ന കഥാപാത്രത്തെ ചെയ്യണമെന്ന് തോന്നി,’ ഫഹദ് ഫാസില്‍ പറയുന്നു.
ചിത്രത്തിന്റെ കഥകേട്ട ശേഷം പാട്രിക് എന്ന വേഷം താന്‍ ചെയ്യട്ടെയെന്ന് സംവിധായകനോട് ചോദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘സിനിമയുടെ ഷൂട്ട് തുടങ്ങാന്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഞാന്‍ ആ കഥാപാത്രം ചോദിച്ചതുകൊണ്ടുതന്നെ അദ്ദേഹത്തിന് കൂടുതല്‍ സമ്മര്‍ദം ഉണ്ടാകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹം എന്റെ കഥാപാത്രത്തിന് കൂടുതല്‍ സീനുകള്‍ എഴുതരുതെന്നും ഞാന്‍ കരുതിയിരുന്നു. അങ്ങനെ ആദ്യം എന്താണോ പാട്രിക്കിന് വേണ്ടി എഴുതിയത്, ആ രീതിയില്‍ തന്നെ ഷൂട്ട് തുടങ്ങുകയായിരുന്നു. കഥാപാത്രയത്തിന്റെ തയ്യാറെടുപ്പിനായി എനിക്ക് അധികം സമയമൊന്നും ലഭിച്ചിരുന്നില്ല,’ ഫഹദ് ഫാസില്‍ പറഞ്ഞു.
രജിനികാന്തിനെ നായകനാക്കി ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് വേട്ടൈയന്‍. അനിരുദ്ധാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് ഐ.പി.എസ് ഓഫീസറായ അതിയന്‍ ഒരു നിരപരാധിയെ അബദ്ധത്തില്‍ വെടിവച്ചുകൊല്ലുന്നതിന്റെ കഥയാണ് വേട്ടൈയന്‍ പറഞ്ഞത്.