എന്നോട് ആദ്യം പറഞ്ഞത് ആ സീനായിരുന്നു, പുഷ്പ നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരു സീരീസ് ആയി ചെയ്യാനിരുന്നതായിരുന്നു: ഫഹദ് ഫാസിൽ
Entertainment news
എന്നോട് ആദ്യം പറഞ്ഞത് ആ സീനായിരുന്നു, പുഷ്പ നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരു സീരീസ് ആയി ചെയ്യാനിരുന്നതായിരുന്നു: ഫഹദ് ഫാസിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th July 2022, 9:37 am

അല്ലു അർജുൻ നായകനായ പുഷ്പ സിനിമയിലെ ഫഹദ് ഫാസിലിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘പാർട്ടിയില്ലേ പുഷ്പ’ എന്ന് ചോദിക്കുന്ന പൊലീസുകാരനായ ഭൻവർ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു.

‘ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ പുഷ്പയിൽ അഭിനയിച്ചതിന്റെ കുറിച്ച് പറയുകയാണ് ഫഹദ് ഫാസിൽ. പുഷ്പ നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരു സീരീസ് ആയി ചെയ്യാനിരുന്നതായിരുന്നുവെന്നും സംവിധായകൻ ആദ്യം തന്നോട് പറഞ്ഞത് പൊലീസ് സ്റ്റേഷനിലെ സീനിനെ കുറിച്ചായിരുന്നുവെന്നും പറഞ്ഞിരിക്കുകയാണ് ഫഹദ്.

‘സുകു സാർ ( സംവിധായകൻ സുകുമാർ ) ആദ്യം എന്നോട് വന്ന് പറയുന്നത് പൊലീസ് സ്റ്റേഷനിലെ സീനിനെ കുറിച്ചായിരുന്നു. ആദ്യം സുകു സാറിന് പുഷ്പ ടു ചെയ്യാനുള്ള പ്ലാൻ ഇല്ലായിരുന്നു. പുഷ്പ വൺ മാത്രമായിരുന്നു. പോലീസ് സ്റ്റേഷനിൽ വെച്ചുള്ള ആ സീൻ കഴിഞ്ഞിട്ട് ഇന്റർവെൽ, പിന്നെ എന്റെ സീനുകളും വരുന്ന രീതിയിലായിരുന്നു കഥ. പിന്നെയാണ് സുകു സാർ രണ്ട് പാർട്ടായി ഇറക്കാമെന്ന് തീരുമാനിക്കുന്നത്.

പുഷ്പ ആദ്യം നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരു സീരീസ് ആയി ചെയ്യാനിരുന്നതായിരുന്നു. അത്രയും കണ്ടന്റ് ഉണ്ട്. ഈ അടുത്ത് എന്നെ കണ്ടപ്പോൾ സാർ പറഞ്ഞു, നമുക്ക് വേണമെങ്കിൽ പുഷ്പ ത്രീയും ചെയ്യാമെന്ന്. അത്രത്തോളം കണ്ടന്റ് ഉണ്ട്. ഒരു ഘട്ടത്തിൽ സുകു സാർ പറഞ്ഞു നമുക്ക് ഇത് രണ്ട് പാർട്ടായി ഇറക്കാമെന്ന്.

ഐഡന്റിറ്റി ഇല്ലാത്ത ഒരുത്തൻ അവന്റെ ലൈഫിൽ എല്ലാം അച്ചീവ് ചെയ്യുന്നു, അവന്റെ അമ്മയുടെ ആഗ്രഹം, കുട്ടിക്കാലത്ത്‌ അവനുണ്ടായ ആഗ്രഹങ്ങൾ എല്ലാം അവൻ നേടുന്നു. അപ്പോഴാണ് എന്റെ ക്യാരക്ടർ വരുന്നത്. ഇതെല്ലാം നേടി കഴിഞ്ഞിട്ട് ഒരാൾ വന്ന് അവനെ വീണ്ടും പഴയ കാര്യങ്ങൾ ഓർമപ്പെടുത്തുകയാണ്.

പുഷ്പ വൺ എവിടെ തുടങ്ങിയോ പുഷ്പ ടുവും അവിടെ തന്നെ കൊണ്ടുപോയി നിർത്തണമെന്ന് സാർ എന്നോട് പറഞ്ഞിരുന്നു. എന്നിട്ട് വേണം സെക്കൻഡ് പാർട്ടിലേക്ക് പോവാൻ,’ ഫഹദ് പറഞ്ഞു.

മലയൻകുഞ്ഞാണ് ഫഹദിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം.

ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കുന്നത്.

Content Highlight: Fahad Faasil says that Pushpa was originally planned as a series for Netflix.